കൊവിഡ് വാക്സിൻ പ്രായമായവരിലും ചെറുപ്പക്കാരിലും മികച്ച പ്രതിരോധ ശേഷി ഉണ്ടാക്കുന്നതായി അസ്ട്രസെനെക
18 മുതൽ 55 വയസ് വരെയുള്ളവരിൽ നടത്തിയ പരീക്ഷണത്തിൽ വാക്സിൻ മികച്ച പ്രതിരോധ ശേഷി സൃഷ്ടിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.
ഓക്സ്ഫോർഡ് വാക്സിൻ പ്രായമായവരിലും ചെറുപ്പക്കാരിലും മികച്ച രോഗ പ്രതിരോധ ശേഷി സൃഷ്ടിക്കുന്നതായി അസ്ട്രസെനെക. പ്രായമായവരിൽ വാക്സിൻ്റെ പ്രത്യാഘാതം കുറവായിരുന്നുവെന്നും അസ്ട്രസെനെക വ്യക്തമാക്കി.
ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെകയുമായി ചേർന്നു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്സിൻ പ്രായമായവരിൽ മികച്ച ഫലം കണ്ടെത്തിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രായമായവരിൽ വാക്സിൻ ആന്റിബോഡിയുടെയും ടി സെല്ലിൻ്റെയും ഉൽപാദനത്തിന് സഹായിക്കുന്നതായി കണ്ടെത്തി. ഇത് ഉൾപ്പടെയുള്ള ആദ്യ ഘട്ടത്തിലെ കണ്ടെത്തലുകൾ അധികം വൈകാതെ ഒരു ക്ലിനിക്കൽ ജേർണലിൽ പ്രസിദ്ധീകരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ജൂലൈയിൽ സമാനമായ റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. 18 മുതൽ 55 വയസ് വരെയുള്ളവരിൽ നടത്തിയ പരീക്ഷണത്തിൽ വാക്സിൻ മികച്ച പ്രതിരോധ ശേഷി സൃഷ്ടിക്കുന്നതായി അന്ന് കണ്ടെത്തിയിരുന്നു.
നിലവിൽ വാക്സിൻ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണുള്ളത്. ആദ്യത്തെ രണ്ട് ഘട്ടങ്ങളിലും വാക്സിൻ പരീക്ഷണം വിജയകരമായിരുന്നു. യുകെ, ബ്രസീൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ വാക്സിൻ പരീക്ഷണം മൂന്നാം ഘട്ടത്തിലാണ്. നേരത്തെ യുകെയിൽ വാക്സിൻ പരീക്ഷിച്ചയാൾക്ക് അപ്രതീക്ഷിതമായി രോഗം പിടിപെട്ടതിനെ തുടർന്ന് ഏതാനും ദിവസത്തേക്ക് ക്ലിനിക്കൽ ട്രയൽ നിർത്തിവെച്ചിരുന്നു.
വാക്സിൻ്റെ ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്ത ബ്രസീലിയൻ സന്നദ്ധ പ്രവർത്തകൻ മരിച്ചതായി കഴിഞ്ഞ ആഴ്ച്ച ബ്രസീലിലെ ആരോഗ്യ അതോറിറ്റിയായ അൻവിസ അറിയിച്ചിരുന്നു. എന്നാൽ ട്രയലിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകന് കൊവിഡ് വാക്സിൻ നല്‍കിയിട്ടില്ലെന്നും മെനിഞ്ചൈറ്റിസ് വാക്സിനാണ് നൽകിയതെന്നുമാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത്. വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് സുരക്ഷാ ആശങ്കകൾ ഇല്ലെന്നും ഓക്സ്ഫോർഡ് വ്യക്തമാക്കിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!