'ചന്ദ്രനില്‍ പോകൂ': അടൂരിന് ബിജെപിയുടെ 'ജയ് ശ്രീറാം ഭീഷണി'
അസഹിഷ്ണുതയ്ക്കും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കുമെതിരെ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് അടക്കം രാജ്യത്തെ സിനിമാപ്രവര്‍ത്തകരും ചരിത്രകാരന്മാരും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെയാണ് ഭീഷണി.
വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച വിഖ്യാത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്, ബംഗാളി അഭിനേതാവ് കൗശിക് സെന്‍ എന്നിവര്‍ക്കെതിരെ ഭീഷണിയുമായി ബിജെപി. 16 ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ അടൂര്‍ ഗോപാലകൃഷ്ണനെ രാജ്യം പത്മവിഭൂഷണും ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരവും നല്കി ആദരിച്ചിരുന്നു. ഫ്രഞ്ച് സര്‍ക്കാരിന്റെ ഉന്നത ബഹുമതിയായ ലീജിയന് ഓഫ് ഓണര്‍ അടക്കം നിരവധി രാജ്യന്തര അംഗീകാരങ്ങള്‍ നേടിയ അടൂര്‍ ഗോപാലകൃഷ്ണന്, നാഷണല്‍ ഫിലിം ഡലവലപമെന്റ് കോര്പ്പറേഷന് (NFDC) ചെയര്മാന്, പൂനെ നാഷണല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (FTTI) ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
അടൂരിനെതിരെ ഭീഷണി മുഴക്കിയത് ബിജെപിയുടെ കേരളത്തിലെ ഔദ്യോഗിക വക്താവ് അഡ്വ ബി ഗോപാലകൃഷ്ണനാണ്. ഫെയ്സ്ബുക്കിലൂടെയാണ് ബിജെപി നേതാവിന്റെ ഭീഷണി. 'ജയ് ശ്രീരാം വിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന് പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലത്.' വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന് മുന്നിലും ജയ് ശ്രീരാം വിളിക്കുമെന്നും ബിജെപി നേതാവ് ഭീഷണിപ്പെടുത്തുന്നു.
ബിജെപി നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
'ജയ് ശ്രീരാം വിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന് പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലത്. കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്, ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീരാം വിളി എന്നും ഉയരും, എപ്പോഴും ഉയരും. കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ശ്രീഹരിക്കോട്ടയില്‍ പേര് രജിസ്ട്രര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാം.
ഇന്ത്യയില്‍ ജയ് ശ്രീരാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇന്ത്യയില്‍ വിളിച്ചില്ലങ്കില്‍ പിന്നെ എവിടെ വിളിക്കും. ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നെങ്കില്‍ അടൂരിന്റെ വീട്ട് പടിക്കല്‍ ഉപവാസം കിടന്നേനെ. സര്, അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ്. പക്ഷെ രാജ്യത്തിന്റെ സംസ്കാരത്തെ അപലപിക്കരുത്. ജയ് ശ്രീരാം വിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോഴും, ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ് എടുത്തപ്പോഴും, സ്വന്തം സഹപാഠിയുടെ നെഞ്ചില്‍ കത്തി ഇറക്കിയപ്പോഴും താങ്കള്‍ പ്രതികരിച്ചില്ലല്ലോ. മൗനവ്രതത്തിലായിരുന്നോ, ഇപ്പോള്‍ ജയ് ശ്രീരാം വിളിക്കെതിരെ പ്രതികരിക്കുന്നത്. കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒന്നും കിട്ടാത്തതിനോ അതോ കിട്ടാനൊ. പരമപുച്ഛത്തോടെ...'
ബംഗാളി അഭിനേതാവായ കൗശിക് സെന്നിന് അദ്ദേഹത്തിന്റെ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. അസഹിഷ്ണുതയ്ക്കും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കുമെതിരെ ശബ്ദം ഉയര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നാണ് ഫോണ്‍ വിളിച്ചയാളുടെ ആവശ്യം. ഇല്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യ്ത്തുകള് നേരിടുമെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞതായി കൗശിക് സെന്‍ വ്യക്തമാക്കി. ഭീഷണി സന്ദേശത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.