എങ്ങനെ മറക്കും ആ പാപ ദിയോപ് ഗോൾ? പഴയ യജമാനൻമാരെ തകർത്തെറിഞ്ഞ് സെനഗൽ തലയുയർത്തി നിന്ന ദിനം
കേവലം ഒരു ലോകകപ്പ് വിജയം എന്നതിനുമുപരി ഒരു കാലത്ത് തങ്ങളെ അടിമളാക്കി ഭരിച്ചിരുന്ന യജമാനൻമാരുടെ തലയരിഞ്ഞ വിപ്ലവവിജയമായും സെനഗലും ലോകവും ആ ജയം ആഘോഷിച്ചു.
സെനഗല്‍ ഫുട്ബോള്‍ ടീമിന്റെ സൂപ്പർ താരമായിരുന്ന പാപ ബൂബ ദിയോപ് കഴിഞ്ഞ ദിവസമാണ് ഈ ലോകം വിട്ടുപിരിഞ്ഞത്. ദീര്‍ഘനാളായി രോഗബാധിതനായിരുന്ന അദ്ദേഹം അന്ത്യമടയുമ്പോൾ 42 വയസായിരുന്നു പ്രായം. 63 മത്സരങ്ങളില്‍ സെനഗലിന്റെ കുപ്പായമണിഞ്ഞ താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാം, വെസ്റ്റ് ഹാം, പോര്‍ട്സ്മൗത്ത് ടീമുകളുടെ താരമായിരുന്നു. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഗ്രീസിലും സ്വിറ്റ്സര്‍ലന്‍ഡിലും വിവിധ ലീഗുകളില്‍ കളിച്ചിട്ടുണ്ടെങ്കിലും താരത്തെ കായികലോകം ഓർക്കുന്നത് ഫ്രാൻസിന്റെ നെഞ്ചിൻ കൂട് തകർത്ത ആ ഗോളോടു കൂടിയാണ്.
എങ്ങനെ മറക്കും ആ ഗോൾ? അത്രയേറെ ഒരു കാലത്ത് ആഘോഷിക്കപ്പെട്ടിരുന്നു ആ ഗോൾ. 2002 ഫുട്ബോള്‍ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെതിരെ സെനഗൽ ആദ്യമത്സരത്തിനിറങ്ങുമ്പോൾ ആരും പ്രതീക്ഷിച്ചിരുന്നില്ല ഫ്രാൻസിന്റെ പരാജയവും ആദ്യറൗണ്ടിൽ നിന്ന് തന്നെയുള്ള മടങ്ങിപ്പോക്കും. പക്ഷേ, ചരിത്രം അങ്ങനെയാണ് തിരുത്തിയെഴുതപ്പെട്ടത്. ആദ്യ മത്സരത്തില്‍ ഫ്രാൻസിനെ അട്ടിമറിച്ച സെനഗല്‍ ടീമിന്റെ വിജയഗോള്‍ നേടിയത് പാപയായിരുന്നു.
ജപ്പാന്- സൗത്ത് കൊറിയ എന്നീ രാജ്യങ്ങൾ സംയുക്താതിഥ്യം വഹിച്ച 2002 ലോകകപ്പില്‍ വലിയ പ്രതീക്ഷകളുമായാണ് നിലവിലെ ജേതാക്കളായിരുന്ന ഫ്രാന്‍സ് എത്തിയത്. 1998 ൽ സിനദയിൻ സിദാന്റെ ഫ്രാൻസ് ടീം റൊണാൾഡോയും കഫുവുമൊക്കെ അണിനിരന്ന ബ്രസീലിനെ ഫൈനലിൽ മലർത്തിയടിച്ച് അന്നേയ്ക്ക് നാല് വർഷമായിരുന്നു.
ആദ്യ മത്സരത്തില്‍ ഫ്രാൻസിന് എതിരാളികള്‍ സെനഗല്‍ എന്ന ആദ്യ ലോകകപ്പ് കളിക്കുന്ന ടീമായിരുന്നു. സെനഗൽ എന്ന രാജ്യത്തിനും കാര്യമായ ഫുട്ബോൾ പകിട്ടോ സൂപ്പർ താരങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. മാത്രവുമല്ല, ദരിദ്രമായ രാജ്യം എന്നതിനു പുറമേ, ഒരു പഴയ ഫ്രഞ്ച് കോളനി കൂടിയായിരുന്നു സെനഗൽ. എന്നാൽ പാപ ദിയോപ് നേടിയ ഗോളിന് പഴയ യജമാനന്മാരെ സെനഗല്‍ തോല്‍പ്പിച്ചപ്പോള്‍ ആ വിജയത്തിന് രാഷ്ട്രീയമായും ഏറെ പ്രാധാന്യം ലഭിക്കുകയായിരുന്നു. കേവലം ഒരു ലോകകപ്പ് വിജയം എന്നതിനുമുപരി ഒരു കാലത്ത് തങ്ങളെ അടിമളാക്കി ഭരിച്ചിരുന്ന യജമാനൻമാരുടെ തലയരിഞ്ഞ വിപ്ലവവിജയമായും സെനഗലും ലോകവും ആ ജയം ആഘോഷിച്ചു.
ഗ്രൂപ്പ് ഘട്ടത്തില്‍ ഉറുഗ്വേയും സെനഗലും തമ്മില്‍ നടന്ന സമനിലയായ (3-3) മത്സരത്തില്‍ രണ്ട് ഗോളുകള്‍ പിറന്നത് ദിയൂപിന്റെ ബൂട്ടില്‍ നിന്നായിരുന്നു. ഈ ലോകകപ്പില്‍ ഫ്രാന്‍സും ഡെന്മാര്ക്കും ഉറുഗ്വേയും ഉള്‍പ്പെട്ട വമ്പര്‍ ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി സെനഗല്‍ രണ്ടാം റൗണ്ടിലെത്തി ചരിത്രം സൃഷ്ടിച്ചതിൽ പ്രധാനപങ്ക് വഹിച്ചത് പാപയുടെയും എൽഹാദി ദിയോപിന്റെയും കളിമികവിലായിരുന്നു.
സെനഗല്‍ ഫുട്ബോള്‍ ഫെഡറേഷന് കഴിഞ്ഞ ദിവസമാണ് ദിയോപിന്റെ മരണം സ്ഥിരീകരിച്ചത്. ദിയോപിന് ആദരാഞ്ജലി നേർന്ന് ഫിഫയും മുൻ ടീമുകളായ പോർട്സ്മൗത്ത്, ഫുൾഹാം എന്നിവയും രംഗത്തെത്തിയിരിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!