തളര്‍ന്നുകിടന്ന രോഗിയെ പരസഹായമില്ലാതെ നടത്തി ശാസ്ത്രജ്ഞര്‍
സാങ്കേതികലോകം തരുന്ന പ്രതീക്ഷകളിലൊന്നാണ് റോബോട്ടിക് സംവിധാനത്തിന്റെ സഹായത്തോടെ ശാരീരിക പരിമിതി അനുഭവപ്പെടുന്നവരെ സാധാരണജീവിതത്തിലേക്ക് തിരികെ കൊണ്ട് വരിക എന്നത്. അത്തരം പരീക്ഷണങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഫ്രാന്‍സില്‍ നടന്ന ഈ സംഭവം
ശരീരം തളര്‍ന്നു പോയ ഒരു രോഗിയെ ഫ്രാന്‍സിലെ ശാസ്ത്രഞ്ജര്‍ നടത്തിച്ചു. അതും മസ്തിഷ്ക നിയന്ത്രിത എക്സോസ്കലെട്ടണ് ഉപയോഗിച്ച്. തോളിന് താഴേക്ക് തളര്‍ന്നുപോയ 28 വയസുകാരനായ ഒരു രോഗിലായിരുന്നു ഈ പരീക്ഷണം. തലച്ചോറില്‍ നിന്നുള്ള സിഗ്നലുകളും ആജ്ഞകളും വിലയിരുത്തിയാണ് ഈ എക്സോസ്ക്ലെട്ടണ്‍ പ്രവര്‍ത്തിക്കുന്നത്.
തലച്ചോറിനടുത്ത് സ്ഥാപിച്ചിട്ടുള്ള സെന്‍സറുകളാണ് തളര്‍ന്ന രോഗിയുടെ മസ്തിഷ്ക സിഗ്നലുകള്‍ നിരീക്ഷിച്ചത്. ഇത് ഈ രംഗത്തെ പുതുമയുള്ള ഒരു പരീക്ഷണമായിരുന്നു, കാരണം പല മസ്തിഷ്ക-കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യകളും തലച്ചോറിലേക്ക് നേരിട്ട് ഘടിപ്പിച്ച സെന്‍സറുകളാണ് ഉപയോഗിക്കുന്നത്. ഇത് ചില അപകടങ്ങള്‍ സൃഷ്ടിച്ചേക്കാം. ഗ്രെനോബിള്‍ സര്‍വകലാശാലയിലെയും ഫ്രഞ്ച് ഗവേഷണ കേന്ദ്രമായ ക്ലിനാറ്റെക്കിലെയും ഗവേഷകരാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. തലച്ചോറിനും ചര്‍മ്മത്തിനും ഇടയില്‍ രോഗിയുടെ തലയുടെ ഇരുവശത്തായിട്ടും രണ്ട് റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു.
ഇവ ഓരോ മസ്തിഷ്ക സിഗ്നലുകള്‍ രേഖപ്പെടുത്തുകയും ഡീകോഡിംഗ് അല്‍ഗോരിതം ഉപയോഗിച്ച് എക്സോസ്കലെട്ടന് കൈമാറുകയും ചെയ്യുന്നു. രോഗി ചിന്തിക്കുന്ന ചലനങ്ങളുടെ മസ്തിഷ്ക സിഗ്നലുകളെ വിവര്‍ത്തനം ചെയ്യുന്ന വഴി പരസഹായമില്ലാതെ രോഗിക്ക് നടക്കുവാനും കൈകള്‍ പ്രവര്‍ത്തിപ്പിക്കാനും സാധിക്കുന്നു. രണ്ട് വര്‍ഷത്തോളം ഈ സിസ്റ്റം രോഗിയുടെ ചിന്തകളെ പഠിച്ചുവരികയായിരുന്നു. അല്‍ഗോരിതം ചിന്തകളെ മനസിലാക്കി ചലനങ്ങളുടെ എണ്ണം ക്രമേണ വര്‍ദ്ധിപ്പിച്ചു.
ഇത് മഹത്തായ ഒരു സംഭവമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു, പക്ഷേ ഇപ്പോഴും ക്ലിനിക്കല്‍ പ്രയോഗത്തില്‍ ഈ സാങ്കേതികത കൊണ്ടുവരാറായിട്ടില്ല. അതുകൊണ്ട് ക്ഷമയോടെ ഇതിന്റെ വളര്‍ച്ചയെ നോക്കികാണണമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. എക്സോസ്ക്ലെട്ടണ്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഇത് ഉണ്ടാക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള ഉയര്‍ന്ന ചിലവ് ഒരു വലിയ കടമ്പയാണ്. നട്ടെല്ലിന് പരിക്കേറ്റ ലോകത്തിലെ ഒരുപാട് ആളുകള്‍ക്ക് അനുഗ്രഹമാകേണ്ട ഒരു സംവിധാനം എങ്ങിനെ കാശ് കുറഞ്ഞ രീതിയില്‍ ഉണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നുവരുന്നതേ ഉള്ളു. പക്ഷെ ഈ സംഭവം ഈ രംഗത്തെ ഒരു ചവിട്ടുപടിയാണ് എന്നതില്‍ അവര്‍ക്കു സംശയം ഇല്ല.