തുടക്കം കേമമെങ്കിലും ധോണിപ്രഭാവത്തിൽ രണ്ടാം നിരയിലേക്ക് മാറിനിന്ന കാലം; ഒടുവിൽ കരിയറിന് വിരാമമിട്ട് പാർഥിവ് പട്ടേലും
ദിനേഷ് കാര്‍ത്തികും പിന്നാലെ എംഎസ് ധോണിയും ദേശീയ ടീമിലേക്കു വന്നതോടെ അദ്ദേഹത്തിന് അവസരങ്ങള്‍ നഷ്ടമായി. മൂന്നു ഫോര്‍മാറ്റുകളിലും പിന്നീട് ധോണി സ്ഥിരം വിക്കറ്റ് കീപ്പറായി മാറിയതിനു ശേഷം പാര്‍ഥിവിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു.
2 പതിറ്റാണ്ടോളം നീണ്ട ക്രിക്കറ്റ് കരിയറിന് വിരാമമിട്ട് ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും താന്‍ വിരമിക്കുന്നതായി 35 കാരനായ താരം പ്രഖ്യാപിച്ചു.
2002ലാണ് ടെസ്റ്റ് ക്രിക്കറ്റിലൂടെ സൗരവ് ഗാംഗുലി ക്യാപ്റ്റനായിരുന്ന സമയത്ത് പാര്‍ഥിവ് ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. 17 വയസ്സും 153 ദിവസവും മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഇത്. രഞ്ജി ട്രോഫിയില്പ്പോലും കളിക്കുന്നതിനു മുമ്പ് ഇന്ത്യക്കു വേണ്ടി അരങ്ങേറാനുള്ള ഭാഗ്യം ആയിരുന്നു അത്. കുട്ടിത്തം നിറഞ്ഞ മുഖവുമായെത്തിയ പാര്‍ഥീവ് അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ പ്രശംസകളേറ്റുവാങ്ങി. കരുത്തരായ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ ഒരു മണിക്കൂറോളം ക്രീസിൽ അവസാനദിനം പിടിച്ച് നിന്ന് തോൽവിയിൽ നിന്ന് സമയനിലയിലേക്കെത്തിച്ച പാർഥിവിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി.
മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും പക്ഷെ പട്ടേലിന് ടീമില്‍ സ്ഥിരസാന്നിധ്യമാവാന്‍ കഴിഞ്ഞില്ല. ദിനേഷ് കാര്‍ത്തികും പിന്നാലെ എംഎസ് ധോണിയും ദേശീയ ടീമിലേക്കു വന്നതോടെ അദ്ദേഹത്തിന് അവസരങ്ങള്‍ നഷ്ടമായി. മൂന്നു ഫോര്‍മാറ്റുകളിലും പിന്നീട് ധോണി സ്ഥിരം വിക്കറ്റ് കീപ്പറായി മാറിയതിനു ശേഷം പാര്‍ഥിവിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു.
ഇന്ത്യക്കായി വേണ്ടി 25 ടെസ്റ്റുകളിലും 38 ഏകദിനങ്ങളിലും രണ്ടു ടി20കളിലും പാര്‍ഥീവ് കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിനു വേണ്ടി 194 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലും അദ്ദേഹം ഇറങ്ങി. ടെസ്റ്റില്‍ 934ഉം ഏകദിനത്തില്‍ 736ഉം ടി20യില്‍ 36ഉം റണ്‍സാണ് പാര്‍ഥീവിന്റെ സമ്പാദ്യം. ടെസ്റ്റില്‍ ആറും ഏകദിനത്തില്‍ നാലും ഫിഫ്റ്റികളും അദ്ദേഹം നേടിയിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!