ശ്രീകുമാരന്‍ തമ്പിയെഴുതി എം. കെ. അര്ജുനന് സംഗീത സംവിധാനം നിര്‍വഹിച്ച 'പാതിരാനക്ഷത്രം കതകടച്ചു, പാതവിളക്കുകള്‍ കണ്ണടച്ചു, സ്വപ്നത്തിന് നിര്വൃതിപ്പൂവനം പൂകുവാന്‍, നിദ്രതന്‍ തേരേറാമോമലാളെ' എന്ന ഗാനം മലയാള ചലച്ചിത്ര ഗാനശാഖയില്‍ ഭാവനാപരമായും സംഗീതപരമായും ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. അതേക്കുറിച്ചാണ് ഇത്തവണത്തെ 'മധുരമീഗാനം' പംക്തിയില്‍ ഡോ. മെഹറൂഫ് രാജ് പറയുന്നത്.
അറുപതുകളിലെയും എഴുപതുകളിലെയും ചലച്ചിത്രങ്ങള്‍ അക്കാലത്തെ മനുഷ്യബന്ധങ്ങളുടെയും വിവിധങ്ങളായ ഭാവങ്ങളുടെയും പ്രതിഫലനമെന്നതിലുപരി പ്രകൃതിയുടെയും മനുഷ്യന്റെയും സമസ്ത വികാരങ്ങളും ഉള്‍ച്ചേര്‍ന്നിരുന്നു.
വരികളുടെ മനോഹാരിതകൊണ്ടും സംഗീതത്തിന്റെ സൗകുമാര്യം കൊണ്ടും ഏറെ ശ്രദ്ധേയമായ ഗാനങ്ങളിലൊന്നാണ് ഇത്തവണത്തെ 'മധുരമീ ഗാന'ത്തില്‍.ശ്രീകുമാരന്‍ തമ്പിയെഴുതി എം. കെ. അര്ജുനന് സംഗീത സംവിധാനം നിര്‍വഹിച്ച 'പാതിരാനക്ഷത്രം കതകടച്ചു, പാതവിളക്കുകള്‍ കണ്ണടച്ചു, സ്വപ്നത്തിന് നിര്വൃതിപ്പൂവനം പൂകുവാന്‍, നിദ്രതന്‍ തേരേറാമോമലാളെ' എന്ന ഗാനം മലയാള ചലച്ചിത്ര ഗാനശാഖയില്‍ ഭാവനാപരമായും സംഗീതപരമായും ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.
സമീപത്തിരിക്കുന്ന ഹൃദയേശ്വരിയിലേക്ക് പകരുന്ന കാല്‍പ്പനികമായ വരികളാണിവ. സ്വപ്നത്തില്‍ നിര്‍വൃതിയുടെ പൂവനത്തിലേക്ക് നിദ്രയുടെ തതേരില് ചെന്നെത്തുവാനവളെ ക്ഷണിക്കുകയാണ്.
അനുപല്ലവിയില്‍ മകരനിലാവിന്റെ മാളികപ്പന്തലും അര്‍ദ്ധസുഷുപ്തിയില്‍ വിടര്‍ത്തിടുന്ന സ്വര്ഗാനുഭൂതിയുടെ പൂവിതാനങ്ങളുമൊക്കെ കടന്നുവരുന്നതുപോലെ ചരണത്തില്‍, കൗമാരഘട്ടത്തിലെ കദളീവനങ്ങളില്‍ കാഞ്ചനം പൂക്കുന്ന സ്മൃതിവനവും പറന്നുയരുന്ന ചിത്രരഥവും ഒക്കെ സന്നിഹിതമാകുന്നു. കാമുകന് കൃഷ്ണനായും തേരാളിയായും കാമുകി രുക്മിണിയായുമൊക്കെ പ്രത്യക്ഷപ്പെടുകയാമ്.
കാമുകിയുടെ ഹൃദയാന്തരളത്തിലേക്ക് അവള് മാത്രം കേള്‍ക്കുന്ന രീതിയിലുള്ള ആലാപനമാണ് എം. കെ. അര്ജുനന് സംഗീതം നല്കിയ ഈ ഗാനത്തിനുള്ളത്. കവര്‍ന്നെടുത്താലും തീരാത്തത്ര മുത്തുകള്‍ സൂക്ഷിക്കുന്ന കല്യാണി രാഗമാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ആദിമദ്ധ്യാന്തം വളരെ രൂപകാന്തിയുള്ള ഒരുഗാനശില്പ്പമായി ഇതിനെ മാറ്റുന്നതും ഈ രാഗത്തിനെ പാട്ടിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്ന ശൈലിയാണ്.
മന്ത്രത്തില്‍ നിന്നും ഉണരുന്ന പല്ലവി തന്നെ അത്യധികം ലാവണ്യവും മാധുര്യവുമൂറുന്ന ഭാവതലം സൃഷ്ടിക്കുന്നുണ്ട്. 'സ്വപ്നത്തിന് നിര്വൃതിപ്പൂവനം പൂകുവാന്‍' എന്ന പല്ലവി അവസാനിക്കുന്നത് അസാമാന്യ മിഴിവോടെയാണ്.
യേശുദാസ് ഹൃദയം കൊണ്ടാണ് ഈ പാട്ട് പാടിയിരിക്കുന്നത്. അനുപല്ലവിയിലേയും ചരണത്തിലെയും ആദ്യ വരികള്‍ ആവര്‍ത്തിക്കുമ്പോള്‍ മോഡിഫൈ ചെയ്യുന്നതും അവിടെ നിന്നും ഉയര്‍ന്ന് പൊങ്ങി ലാന്‍ഡിങ്ങിലേക്ക് ഒഴുകിയിറങ്ങന്നതും ആ ഗാനത്തിലെ ചേതോഹരമായ നിമിഷങ്ങളാണ്.