പവൻ കല്യാണിനൊപ്പമെത്തുന്ന കോശി വെറും വില്ലൻ; തെലുങ്കിൽ 'അയ്യപ്പനും കോശിക്കും' അടിമുടി വെട്ടിത്തിരുത്തൽ
തെലുങ്കിൽ അയ്യപ്പന് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന പവര്‍സ്റ്റാര്‍ പവന് കല്യാണ്‍ തിരക്കഥയില്‍ അടിമുടി മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മലയാളത്തിൽ വന്‍ വിജയം നേടിയ 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് വരുന്നുവെന്നത് ശ്രദ്ധ നേടിയിരുന്നു. എന്നാൽ മലയാളത്തിൽ നിന്നും ചിത്രം തെലുങ്കിൽ എത്തുമ്പോൾ 'അയ്യപ്പനും കോശിക്കും' അടിമുടി വെട്ടിത്തിരുത്തൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ . ബിജു മേനോനും പൃഥ്വിരാജും ആണ് അയ്യപ്പൻ, കോശി എന്നീ കഥാപാത്രങ്ങളെ മലയാളത്തിൽ അവതരിപ്പിച്ചിരുന്നത്. ഇരുവർക്കും തുല്യ പ്രാധാന്യമായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്.
എന്നാൽ തെലുങ്കിൽ അയ്യപ്പന് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന പവര്‍സ്റ്റാര്‍ പവന് കല്യാണ്‍ തിരക്കഥയില്‍ അടിമുടി മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോശിയുടെ കഥാപാത്രത്തെ ചുരുക്കി വെറും വില്ലനാക്കാനും തിരക്കഥയില്‍ മാറ്റം വരുത്തി ക്ലൈമാക്സ് തിരുത്തിയെഴുതാനും നടന്, സംവിധായകന് സാഗര്ചന്ദ്രയോടും നിര്‍മ്മാതാക്കളോടും ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംവിധായകന് സാഗര്‍ ചന്ദ്രയാണ് തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തുക. സംഭാഷണങ്ങള്‍ എഴുതുന്നത് സംവിധായകന് ത്രിവിക്രം ആയിരിക്കും.
കോശിയുടെ റോളിലേക്ക് നേരത്തേ നിരവധി താരങ്ങളെ പരിഗണിച്ചിരുന്നുവെങ്കിലും ആരെയും തീരുമാനിക്കാന്‍ നിര്മ്മാതാക്കള്ക്കായില്ല. പവന്‍കല്യാണിന്റെ നിലപാട് കാരണമാണിതെന്ന തരത്തിലുള്ള ഗോസിപ്പുകളാണ് പുറത്തുവന്നത്. പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്റര്‍ടെയ്മെന്റ്സാണ് ചിത്രത്തിന്റെ തെലുങ്ക് അവകാശം സ്വന്തമാക്കിയത്. അയ്യപ്പനായി ബാലയ്യയും കോശിയായി റാണാ ദഗുബട്ടിയുമെത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആദ്യം വന്നിരുന്നു. എന്നാൽ പിന്നീട് പവൻ കല്യാൺ നായകനായി എത്തുകയായിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!