പെരിയ: കേസ് ഡയറിയും രേഖകളും നൽകണം, സിബിഐ അന്വേഷണത്തില് സർക്കാർ ഹർജി തളളി സുപ്രീംകോടതി പറഞ്ഞത്
കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയിൽ 2020 ആഗസ്റ്റിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് തളളിയിരുന്നു.
കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തളളി. സിബിഐയ്ക്ക് കേസ് കൈമാറിയത് കൊണ്ട് പൊലീസിന്റെ ആത്മവീര്യം ഇല്ലാതാകുന്നില്ലെന്നും ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കേസ് ഡയറി അടക്കമുളള രേഖകൾ പൊലീസ് എത്രയും പെട്ടെന്ന് സിബിഐയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം തുടങ്ങിയിട്ടില്ല, പൊലീസ് കേസ് കൃത്യമായി അന്വേഷിക്കുന്നുണ്ട് എന്നിങ്ങനെയുളള സംസ്ഥാന സർക്കാരിന്റെ വാദങ്ങളെയും കോടതി തളളിക്കളഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരവധി വിവാദങ്ങളുടെ പിടിയിലമർന്ന സംസ്ഥാന സർക്കാരിന് കനത്ത രാഷ്ട്രീയ തിരിച്ചടി കൂടിയാണ് സുപ്രീംകോടതിയുടെ നടപടി.
2020 ആഗസ്റ്റ് 25ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെ കേസിന്റെ രേഖകൾ നൽകാൻ എസ്പിയോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് എഡിജിപിയോട് ഈ ആവശ്യം അറിയിച്ചു. കേസിന്റെ രേഖകൾ ഇല്ലാത്തതിനാൽ അന്വേഷണം നടത്താൻ സാധിക്കുന്നില്ലെന്നും ഉടനടി ഇത് ലഭ്യമാക്കാൻ നിർദേശിക്കണമെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. ഇതിനെ തുടർന്നാണ് രേഖകൾ പൊലീസ് ഉടൻ കൈമാറണമെന്നും സുപ്രീംകോടതി നിർദേശിച്ചത്. ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായി നാല് തവണയാണ് സിബിഐ കേസ് രേഖകൾ തേടി കത്ത് നൽകിയത്. എന്നാൽ കേസ് ഡയറിയോ മറ്റ് രേഖകളോ പൊലീസ് ഇതുവരെ നൽകിയിട്ടില്ല.
കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയിൽ 2020 ആഗസ്റ്റിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് തളളിയിരുന്നു. പെരിയ ഇരട്ട കൊലപാതകത്തെ സംബന്ധിച്ച് അന്വേഷണം നടത്തി സിബിഐ ഫയൽ ചെയ്യുന്ന റിപ്പോർട്ടിനൊപ്പം ക്രൈം ബ്രാഞ്ച് റിപ്പോർട്ടും പരിഗണിച്ച് വിചാരണ കോടതി തുടർ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് സി.ടി. രവികുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. അതേസമയം കേസിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് അന്വേഷിച്ചതാണെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കൂടാതെ കുറ്റപത്രം സമർപ്പിച്ചത് ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്തതിനാൽ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്.
പെരിയ ഇരട്ടക്കൊല കേസിൽ സിപിഎമ്മിലെ പ്രാദേശിക നേതാക്കളാണ് പ്രതികൾ. ആകെ 14 പ്രതികളാണ്. ഇതിൽ ഒന്നാം പ്രതി സിപിഎം മുൻ ലോക്കൽ സെക്രട്ടറി പീതാംബരനാണ്. കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് സീനിയർ അഭിഭാഷകനും മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായ മനീന്ദർ സിംഗ് ആയിരുന്നു. 88 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് സർക്കാർ ഫീസ്, ചെലവ് ഇനത്തിൽ നൽകിയത്.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. ശരത് ലാലിന്റെ വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ തടഞ്ഞുനിർത്തി അക്രമികൾ വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത് ലാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!