ഡൽഹിയിൽ ഡീസൽ വില കുത്തനെ കൂടി; പെട്രോൾ വിലയും വർധിപ്പിച്ചു
ഡീസലിൻ്റെയും പെട്രോളിൻ്റെയും മൂല്യവർധിത നികുതി 30 ശതമാനം ആക്കി.
ഡൽഹിയിൽ പെട്രോൾ, ഡീസൽ വില വർധിച്ചു. ഡീസലിന് ലിറ്ററിന് 7.10 രൂപയും പെട്രോളിന് 1.67 രൂപയുമാണ് കൂടിയത്. ഡൽഹി സർക്കാർ മൂല്യവർധിത നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധന വില ഏറിയത്. ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ ഡീസലിൻ്റെ വില 69.39 രൂപയായി. നേരത്തെ 62.29 രൂപയായിരുന്നു. പെട്രോൾ 69.59 രൂപയിൽ നിന്നും 71.26 രൂപയായി.
ഡീസലിൻ്റെ മൂല്യവർധിത നികുതി 16.75 ശതമാനത്തിൽ നിന്നും മുപ്പത് ശതമാനമായി വർധിപ്പിച്ചു. പെട്രോളിൻ്റെ വാറ്റ് 27% നിന്നും 30% ആക്കി. ഇതോടെ പെട്രോളിൻ്റെ വാറ്റ് 16.44 രൂപയായി. ഡീസലിൻ്റെ 16.26 രൂപയായും വർധിച്ചു.
പെട്രോൾ വിലയിൽ 22.98 രൂപ എക്സൈസ് തീരുവയാണ്. ഡീസലിന് 18.83 രൂപയാണ് തീരുവ.
ലോക്ക് ഡൗൺ മൂലം വരുമാനം കുറഞ്ഞതിനെ തുടർന്ന് നിരവധി സംസ്ഥാനങ്ങൾ ഇന്ധനത്തിൻ്റെ മൂല്യവർധിത നികുതി വർധിപ്പിച്ചിരുന്നു. നിലവിൽ ചരക്ക് സേവന നികുതി (ജിഎസ്ടി)യിൽ ഇന്ധനം ഉൾപ്പെട്ടിട്ടില്ല. ഹരിയാനയിൽ അടുത്തിടെ പെട്രോളിന് ഒരു രൂപയും ഡീസലിന് 1.1 രൂപയും നികുതി ഉയർത്തിയിരുന്നു. ചെന്നൈയിൽ വാറ്റ് കൂട്ടിയതിനെ തുടർന്ന് പെട്രോൾ വില ലിറ്ററിന് 3.25 രൂപയും ഡീസലിന്റെ വില ലിറ്ററിന് 2.50 രൂപയും വർധിച്ചിരുന്നു.
നേരത്തെ ഡൽഹിയിൽ സർക്കാർ മദ്യത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തിയിരുന്നു. എംആർപി വിലയുടെ 70 ശതമാനം നികുതിയാണ് പുതിയതായി ഏർപെടുത്തിയത്. 'സ്പെഷ്യൽ കൊറോണ ഫീ' എന്ന പേരിൽ ഇന്ന് മുതലാണ് പുതിയ നികുതി പ്രാബല്യത്തിൽ വരുന്നത്. എല്ലാ തരം മദ്യത്തിനും പ്രത്യേക നികുതി ബാധകമാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!