പെട്രോൾ, ഡീസൽ വില വർധന, യഥാർത്ഥത്തിൽ ലാഭം കൊയ്യുന്നതാര്
രാജ്യത്തെ വിലക്കയറ്റത്തിന് പ്രധാന പങ്ക് വഹിക്കുന്ന ഒന്ന് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവാണ്. കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യയിലെ പെട്രോൾ, ഡീസൽ വില കുതിക്കുകയാണ്.. രാജ്യാന്തര വിപണിയിലെ വില കൂടുന്നതാണോ ഇതിന് കാരണം. എന്നാൽ രാജ്യാന്തര വിപണിയിൽ വില കുറഞ്ഞപ്പോഴും ഇവിടെ കൂടിയത് എങ്ങനെ. എന്താണ് ഇതിന് യഥാർത്ഥ കാരണം. ഇതുവഴിയുള്ള ലാഭ കൊയ്യുന്നതാരാണ് എന്ന് അന്വേഷിക്കുകയാണ് ലേഖകൻ.
ഇന്ത്യയിൽ ഏറെക്കാലമായി പെട്രോളിയം വിലവർധനവ് പ്രധാന വിഷയമായി മാറിയിരിക്കുന്നു. എക്കാലത്തും പെട്രോളിയം ഉൽപ്പന്നങ്ങളിലെ ചെറിയ വർധനവ് പോലും വലിയ ചർച്ചാ വിഷയമായി മാറാറുണ്ട്. രാജ്യാന്തര വിപണിയിലെ വിലയനുസരിച്ച് വിലക്കയറ്റവും വിലക്കുറവും ഉണ്ടാവുമെന്നൊക്കെ കേന്ദ്രസർക്കാർ പ്രഖ്യാപനങ്ങളൊക്കെ ഉണ്ടായെങ്കിലും രാജ്യന്താരവിപണിയിൽ വില കുത്തനെ ഇടിഞ്ഞപ്പോൾ പോലും ഇന്ത്യയിൽ വില കുത്തനെ ഉയരുകയായിരുന്നു.
ഒരിടവേളയ്ക്ക് ശേഷം ദിനംപ്രതി ഇന്ധന വില വീണ്ടും വർധിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലവർധനയാണ് പെട്രോൾ ഡീസൽ വില വർധിക്കാൻ കാരണമെന്ന് വാദിക്കപ്പെടുന്നുണ്ട് പക്ഷെ വിപണിയിലെ വില വർധനിവിന് അതുമാത്രമല്ല കാരണം. രാജ്യാന്തര വിപണിയിലെ നിരക്ക് കുറയുന്നത് അനുസരിച്ച് രാജ്യത്തെ വില കുറയുന്നില്ല. മറ്റ് ദക്ഷിണേന്ത്യൻ രാജ്യങ്ങളുടെ വിലയേക്കാൾ കൂടുതലാണ് ഇന്ത്യയിലെ വില. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്. ചില സമയങ്ങളിൽ വില ഉയരാതിരിക്കുകയും പിന്നീട് വില ഉയരുകയും ചെയ്യുന്നു. ഇത് കൊണ്ട് കൂടുതൽ ലാഭം നേടുന്നതാരാണ്.

ഇന്ത്യയിലെ ക്രൂഡ് ഓയിൽ വില കണക്കാക്കുന്നത് ഒരു നിശ്ചിത അനുപാതത്തിൽ ഉള്ള രണ്ട് ഗ്രേഡിലുള്ള ക്രൂഡ് ഓയിലിന്റെ വില നോക്കിയാണ്. സോർ (Sour) ഗ്രേഡ് ,അതായത് ഉയർന്ന അളവിൽ സൾഫർ പോലുള്ള മാലിന്യങ്ങൾ അടങ്ങിയ ക്രൂഡ് ഓയിൽ (ഉദാ: ഒമാൻ, ദുബായ് ഗ്രേഡ് ) 75.5 ശതമാനവും സ്വീറ്റ് (Sweet) ഗ്രേഡ് ,അതായത് ഏറ്റവും കുറഞ്ഞ അളവിൽ സൾഫർ പോലുള്ള മാലിന്യങ്ങൾ അടങ്ങിയ ക്രൂഡ് ഓയിൽ (ഉദാ ബ്രെന്റ് ഗ്രേഡ്) 24.5 ശതമാനവും. ഈ അനുപാതത്തിലെ 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ബാസ്കറ്റിലെ ക്രൂഡ് ഓയിൽ വില ശരാശരി ഒരു ബാരലിന് (ഒരു ബാരൽ =159 ലിറ്റർ)60.47 ഡോളർ ആയിരുന്നു. .എന്നാൽ കൊവിഡ് കാരണം ലോകമെമ്പാടും ഡിമാൻഡ് കുറഞ്ഞതോടെ ക്രൂഡ് വില കൂപ്പുകുത്തി .ഏപ്രിൽ മാസത്തിൽ വില സർവകാല റെക്കോർഡിലേക്ക് ഇടിഞ്ഞു, ഒരുബാരലിന് വെറും 19.9 ഡോളർ മാത്രമായി. അതിനു ശേഷം വില പതിയെ ഉയർന്നു എന്നാൽ നവംബർ ആദ്യ ആഴ്ച വീണ്ടും 36 ഡോളറിലേക്ക് വില താഴ്ന്നു. പിന്നീട് വീണ്ടും വില വർധിക്കാൻ തുടങ്ങി.

എന്താണ് റീട്ടയിൽ വിലയിലെ വ്യത്യാസം?
കൊവിഡ് കാരണം ലോക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 16 ന് പെട്രോളിന്റെ ഡൽഹിയിലെ വില 69.59 രൂപയായിരുന്നു.ലോക് ഡൗൺ കാലയളവിൽ നികുതി വർധിപ്പിച്ച 13 സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടത്തും ലോക് ഡൗൺ മാറ്റിയ ജൂൺ എട്ട് വരെ വില വ്യത്യാസം കൂടാതെ തുടർന്നു.എന്നാൽ പിന്നീട തുടർച്ചയായി ജൂൺ 26 വരെ വില വർധിച്ചുകൊണ്ടിരുന്നു .ഈ കാലയളവിൽ ക്രൂഡ് ഓയിലിന്റെ വിലയും താരതമ്യേനെ ഉയരുന്നുണ്ടായിരുന്നു. എന്നാൽ അന്തരാഷ്ട്ര വിപണിയില്‍ വിലകുറഞ്ഞ ജൂൺ 26 മുതൽ ആഗസ്ത് 15 വരെ റീട്ടയില്‍ വില മാറ്റമില്ലാതെ തുടർന്നു.
ഈ കാലയളവിൽ ഇന്ത്യൻ ബാസ്കറ്റിലെ ക്രൂഡ് ഓയിലിന്റെ ശരാശരി വില 42.72 ഡോളർ ആയിരുന്നു.ഓഗസ്റ്റ് മാസത്തിൽ വില 44.19 ഡോളറിൽ നിന്ന് സെപ്റ്റംബറിൽ 41.35 ഡോളറായും ഒക്ടോബറിൽ 39.9 ഡോളറായി ക്രൂഡ് വില കുറഞ്ഞു .എന്നാൽ, ബീഹാർ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സെപ്റ്റംബർ 22 മുതൽ നവംബർ 19 വരെ റീട്ടെയ്ൽ വില നിയന്ത്രിച്ചതിന്റെ ഭാഗമായി മാറ്റമില്ലാതെ തുടർന്നു. അതിനു ശേഷമാണ് നിലവില്‍ അനുഭവിക്കുന്ന ഇന്ധന വില വര്‍ധന ആരംഭിച്ചത് .അതായത് അന്താരാഷ്ട്ര മാർക്കറ്റിലെ വിലവർധനയെക്കാൾ ആഭ്യന്തര കാരണങ്ങൾ കൊണ്ടാണ് ഇന്ത്യയിൽ വില കൂടുന്നതും കുറയുന്നതും

ഇന്ത്യയിൽ വില തീരുമാനിക്കപ്പെടുന്നത് എങ്ങനെ?
ഇന്ത്യയിൽ വില നിർണയിക്കുന്നത് മൂന്നു ഘട്ടങ്ങളിൽ ആയിട്ടാണ്. ഒന്നാം ഘട്ടത്തിൽ ഓയിൽ മാർക്കറ്റിങ് കമ്പനികൾ അന്താരാഷ്ട്ര മാർക്കറ്റിൽ നിന്ന് ക്രൂഡ് ഓയിൽ ഡോളറിൽ വാങ്ങുന്നു.അതിനോടൊപ്പം വിദേശത്ത് നിന്നുള്ള കടത്തു കൂലി,കസ്റ്റംസ് ഡ്യൂട്ടി ചേർത്തു അന്നത്തെ എക്സ്ചേഞ്ച് നിരക്കിൽ ഇന്ത്യൻ രൂപയിൽ ആക്കുന്നു.അതിനോടൊപ്പം റിഫൈനറി ചാർജുകൾ ,ലാഭം, രാജ്യത്തിനകത്തെ കടത്തുകൂലി എന്നിവ ചേർത്ത് ഒരു വില നിശ്ചയിക്കുന്നു.

രണ്ടാം ഘട്ടത്തിൽ കേന്ദ്രത്തിന്റെ നികുതി ചേർക്കൽ ആണ്.മൂന്ന് ഘടകങ്ങൾ ആണ് കേന്ദ്ര നികുതിയിൽ .എക്സൈസ് ഡ്യൂട്ടി, സ്പെഷ്യൽ അഡിഷണൽ എക്സൈസ് ഡ്യൂട്ടി ,റോഡ് & ഇൻഫ്രാസ്ട്രക്ച്ചർ സെസ്സ് എന്നിവ.ഇപ്പോൾ എക്സൈസ് ഡ്യൂട്ടി പെട്രോൾ ലിറ്ററിന് 2.98 രൂപയും ഡീസൽ ലിറ്ററിന് 4.83 രൂപയുമാണ് .ഇതിനു ശേഷം സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി പെട്രോളിന് ലിറ്ററിന് 12 രൂപയും സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി ഒമ്പത് രൂപയും ചുമത്തുന്നു .വീണ്ടും രണ്ടിലും 18 രൂപ വീതം സെസ് ചേർക്കും.അതിനു ശേഷം കടത്തുകൂലി വീണ്ടും ചേർക്കും. ഈ പ്രക്രിയ കഴിയുമ്പോൾ പെട്രോൾ ലിറ്ററിന് 59.94 രൂപയും ഡീസൽ ലിറ്ററിന് 59.49 (നവംബർ മുപ്പതിന് ) രൂപയുമാകും
മൂന്നാം ഘട്ടം സംസ്ഥാനത്തിന്റേതാണ് .ഉദാഹരണത്തിന് കേരളം രണ്ടാം ഘട്ടത്തിലെ വിലയിന്മേൽ വിൽപ്പന നികുതിയും അഡിഷണൽ വിൽപ്പന നികുതിയും സെസും പിരിക്കും.നിലവിൽ പെട്രോളിന് 30.08ശതമാനവും ഡീസലിന് 22.76ശതമാനവുമാണ് വിൽപ്പന നികുതി .ഇതിനു മേൽ ഒരു രൂപ വീതം അഡിഷണൽ വിൽപ്പന നികുതിയും നികുതിയുടെയും വിൽപ്പന നികുതിയുടെയും മേൽ 1 % സെസും പിരിക്കും.ഇതിനു പുറമെ ഡീലർ കമ്മീഷനായി പെട്രോൾ ഏകദേശം ലിറ്ററിന് 3.32 രൂപയും ഡീസൽ ലിറ്ററിന് 2.19 രൂപയും ചുമത്തും (ഇത് ഏരിയ സ്പെസിഫിക് ആണ്).അതായത് നവംബർ മുപ്പതിന് പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോൾ 82.48 രൂപയ്ക്കും ഡീസൽ 76.37 രൂപയ്ക്കുമാണ് ലഭിച്ചത്.
നികുതിയിലെ കളികൾ
മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധനവില ഇന്ത്യയിൽ കൂടിയിരിക്കുന്നതിന്റെ പ്രധാന കാരണം ഉയർന്ന നികുതി നിരക്കാണ് .കേന്ദ്ര സർക്കാര്‍ പെട്രോളിനുമേല്‍ ലിറ്ററിന് 32.98 രൂപയും ഡീസലിനു മേൽ ലിറ്ററിന് 31.83 രൂപയും നികുതി ചുമത്തുന്നുണ്ട്. ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം എക്സൈസ് ഡ്യൂട്ടിയുടെ 42 ശതമാനം മാത്രമാണ് സംസ്ഥാനങ്ങൾക്ക് നൽകേണ്ടി വരിക .അതായത് ഉയർന്ന നിരക്കുള്ള സ്പെഷ്യൽ അഡിഷണൽ എക്സൈസ് ഡ്യൂട്ടി, റോഡ് & ഇൻഫ്രാസ്ട്രക്ച്ചർ സെസ്സ് എന്നിവ സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കേണ്ട കാര്യമില്ല .

കേന്ദ്ര നികുതി നിരക്കിലെ മാറ്റങ്ങൾ രസാവഹമാണ്. യു പി എ സർക്കാരിന്റെ അവസാന കാലത്ത് പെട്രോളിൽ സംസ്ഥാനങ്ങളുമായി പങ്കു വെയ്ക്കുന്ന എക്സൈസ് ഡ്യൂട്ടി 1.2 രൂപയും പങ്കു വെയ്ക്കേണ്ടാത്ത നികുതികൾ 8.28 രൂപയും ആയിരുന്നു.ഒന്നാം എൻ ഡി എ സർക്കാരിന്റെ ആദ്യ രണ്ടു വർഷങ്ങളിൽ എക്സൈസ് ഡ്യൂട്ടി പടിപടിയായി വർധിപ്പിച്ചു 2016 ജനുവരി മാസത്തിൽ ഏറ്റവും ഉയർന്ന നിരക്കായ 9.48 രൂപയിലെത്തി എന്നാൽ പങ്കു വെയ്ക്കേണ്ടാത്ത നികുതി 12 രൂപയും ആയിരുന്നു. എന്നാൽ അതിനു ശേഷം എക്സൈസ് ഡ്യൂട്ടി കുറയ്ക്കുകയും അതേസമയം സ്പെഷ്യൽ അഡിഷണൽ എക്സൈസ് ഡ്യൂട്ടി റോഡ് & ഇൻഫ്രാസ്ട്രക്ച്ചർ സെസ്സ് എന്നിവ കൂട്ടുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചു പോരുന്നത്. ഇത് സംസ്ഥാനങ്ങൾക്ക് ദോഷകരമാണ്. ഉദാഹരണത്തിന് പെട്രോളിന്റെ കാര്യത്തില്‍ നിലവിൽ പങ്കുവേയ്ക്കേണ്ട എക്സൈസ് ഡ്യൂട്ടി വെറും 2.98 രൂപയും അതേസമയം പങ്കുവെയ്ക്കേണ്ടാത്ത നികുതി 30 രൂപയുമാണ്. ഈ കളികൾ കാരണം കേന്ദ്ര സർക്കാരിന് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ 31.73 രൂപയും ഒരു ലിറ്റർ ഡീസൽ വിൽക്കുമ്പോൾ 29.8 രൂപയും ലഭിക്കും.

മെയ് മാസത്തിൽ ഇന്ധനങ്ങളുടെ സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി പത്തു രൂപയിൽ നിന്ന് പന്ത്രണ്ടായും ഡീസലിന്റേത് നാലു രൂപയിൽ നിന്നും ഒൻപതു രൂപയുമായും വർധിപ്പിച്ചു . റോഡ് & ഇൻഫ്രാസ്ട്രക്ച്ചർ സെസ്സ് നിലവിലെ പത്തു രൂപയിൽ നിന്നും പതിനെട്ടു രൂപയുമായി വർധിപ്പിച്ചു.ഈ വർധനയിലൂടെ അന്തരാഷ്ട്ര വിപണിയിൽ കുറഞ്ഞ ക്രൂഡ് ഓയിൽ വിലയുടെ പ്രയോജനം സാധാരണക്കാരന് ലഭിക്കാതെ കേന്ദ്രസർക്കാർ സ്വന്തമാക്കി.
ഈ വിമർശനത്തിന് എതിരെ ഉയർന്നു വരുന്ന വാദം ആ നികുതി സംസ്ഥാനങ്ങൾക്ക് വീതം വെയ്ക്കുമല്ലോ എന്നാണ്.എക്സൈസ് നികുതി മാത്രമേ ധനകാര്യ കമ്മീഷൻ തീർപ്പനുസരിച് വീതം വെയ്ക്കേണ്ടതുള്ളൂ.അതും പിരിക്കുന്നതിന്റെ 42 % മാത്രം (41 % സംസ്ഥാനങ്ങൾക്ക് 1 ശതമാനം ജമ്മു കാശ്മീരിന് എന്നാണ് ആ കണക്ക് ) . ഉദാഹരണത്തിന് കേരളത്തിന് ഇതിലൂടെ ലഭിക്കുന്നത് 1. 943 ശതമാനം മാത്രമാണ് .അതായത് കേന്ദ്രം ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ എക്സൈസ് ഡ്യൂട്ടിയിനത്തിൽ കേന്ദ്രത്തിനു 1.73 രൂപയും സംസ്ഥാനങ്ങൾക്കു 1.25 രൂപയും ലഭിക്കും (കേരളത്തിന് 2.4 പൈസയും).
നിലവിൽ ഒരു വർഷം 9261 കോടി ലിറ്റർ ഡീസലും 3614 കോടി ലിറ്റർ പെട്രോളും ചെലവാകുമെന്നാണ് കണക്ക് (INDIAN PETROLEUM &NATURAL GAS STATISTICS 2017-18). ആകെ ഉപഭോഗത്തിന്റെ അൻപതുശതമാനത്തിലേറെ പശ്ചിമ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്. ഏറ്റവുമധികം ഉപഭോഗം നടത്തുന്ന സംസ്ഥാനം ഗുജറാത്താണ് 2.12 ലക്ഷം ടി എം ടി (TMT) ആണ്. രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്കും 2.1 ലക്ഷംടി എം ടി (TMT) ആണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളാണ് ഉപഭോഗത്തിൽ ഏറ്റവും പിന്നിൽ.ഡൽഹിയുടെ ഇന്ധന ഉപഭോഗം ഈ എട്ട് സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ്.

വിവിധ നികുതിയിനങ്ങളിൽ നിന്നായി 4.13 ലക്ഷം കോടി രൂപ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുന്നു,ഇതിൽ എക്സൈസും കസ്റ്റംസുമാണ് ഏറ്റവുമധികം വരുമാനം നേടിത്തരുന്നത്. അത് ഏകദേശം 49% വരും. രണ്ടാം സ്ഥാനം സംസ്ഥാനങ്ങൾ പിരിക്കുന്ന വിൽപ്പന നികുതിയാണ്. അത് ഏകദേശം 39% വരും. .വിൽപ്പന നികുതിയില്ലാത്ത നാഫ്ത പോലുള്ള ഇന്ധങ്ങൾക്കു നിലവിൽ ജി എസ് ടിയാണ് ബാധകം .പക്ഷെ വെറും 2 ശതമാനാണ് ഇത് വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത് .
ഇന്ധനങ്ങളുടെ വിൽപ്പന നികുതി മിക്കവാറും സംസ്ഥാനങ്ങളുടെ സ്വന്തം നികുതി വരുമാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നികുതി നിശ്ചയിക്കുന്നതിന്റെ അധികാരം വേണ്ടാന്ന് വെച്ച് ജി എസ് ടിയിലേക്ക് മാറാൻ സംസ്ഥാനങ്ങൾ വിസമ്മതിക്കുന്നതിന്റെ കാരണമിതാണ്. ഇതിലെ വരുമാനം ഇല്ലാതായാൽ സംസ്ഥാനങ്ങളുടെ വരുമാനത്തിൽ ഇടിവുണ്ടാക്കുന്നതിന് വഴിയൊരുക്കും.
ചുരുക്കി പറഞ്ഞാൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുതിച്ചുകയറുന്നതിൽ കാര്യമായ നേട്ടം കേന്ദ്രസർക്കാരിനാണ് ലഭിക്കുന്നത്. സാധാരണക്കാരെ നിയമപരമായി ഊറ്റിയെടുത്ത് കൊള്ളലാഭം നേടുന്ന കേന്ദ്രം. അതിലെ ചെറിയൊരു വിഹിതം കൊണ്ട് തൃപ്തിയടയേണ്ടി വരുകയും ഇതിലെ വിൽപ്പനനികുതിയിലൂടെ നികുതി വരുമാനം നിലനിർത്തേണ്ടി വരുകയും ചെയ്യുന്ന സംസ്ഥാനങ്ങളും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
പെട്രോളിനും ഡീസലിനും വില കൂടി, നികുതി കുത്തനെ കൂട്ടി കേന്ദ്രം
ഡൽഹിയിൽ ഡീസൽ വില കുത്തനെ കൂടി; പെട്രോൾ വിലയും വർധിപ്പിച്ചു
ഇന്ധന വിലയും, നികുതിയും പിന്നെ സാമ്പത്തിക മാന്ദ്യവും
പെട്രൊൾ, ഡീസൽ വില ഒമ്പതാം ദിവസവും കൂട്ടി, ഇതുവരെ പെട്രൊളിന് കൂടിയത് അഞ്ച് രൂപയിലേറെ; പ്രതിഷേധം ശക്തം