കൊവിഡ് പരിശോധനയ്ക്ക് ലാബ് ഉപകരണത്തിന് പകരം മൊബൈൽ ക്യാമറ; പുതിയ കണ്ടെത്തൽ
ലാബ് ഉപകരണങ്ങളെക്കാൾ മിനിറ്റുകൾക്കകം ഫോൺ ക്യമറയ്ക്ക് സിഗ്നലുകൾ തിരിച്ചറിയാനാകുമെന്നും പഠനത്തിൽ പറയുന്നു.
കൊവിഡ് പരിശോധന വേഗത്തിലാക്കാൻ സഹായിക്കുന്ന പുതിയ കണ്ടെത്തലുമായി ഗവേഷകർ. ലാബുകളിൽ ഉപയോഗിക്കുന്ന വലിയ ടെസ്റ്റിംഗ് ഉപകരണത്തിന് പകരം മൊബൈൽ ഫോൺ ക്യാമറയും ക്രിസ്പർ എന്ന ജീനോം എഡിറ്റിങ് സാങ്കേതികവിദ്യയും ഉപയോഗിച്ചു കൊവിഡ് പരിശോധന നടത്താനാകുമെന്നാണ് കണ്ടെത്തൽ. ഈ വർഷത്തെ രസതന്ത്ര നൊബേൽ സഹജേതാവായ ജെന്നിഫർ ഡോഡ്ന അടങ്ങുന്ന സംഘമാണ് ഇക്കാര്യത്തിൽ പഠനം നടത്തിയത്.
ക്രിസ്പർ അടിസ്ഥാനമാക്കിയുള്ള കൊവിഡ് പരിശോധനയാണിത്. ഇത് പ്രകാരം, കൊറോണ വൈറസിൻ്റെ ജനിതക ഘടന തിരിച്ചറിയാൻ സാധിക്കുന്ന കാസ്13 എന്ന എൻസൈമിനൊപ്പം സ്രവം കലർത്തുന്നു. വിഘടിക്കുമ്പോൾ ഫ്ലൂറസെന്റ് നിറം നൽകുന്ന അധിക തന്മാത്രയും ചേർക്കും. ഈ മിശ്രിതം മൊബൈലുമായി ബന്ധിപ്പിക്കാവുന്ന മറ്റൊരു ഉപകരണത്തിൽ വെക്കും. മിശ്രിതത്തിൽ വൈറസിൻ്റെ ജനിതക ഘടനയുണ്ടെങ്കിൽ എൻസൈം അത് കണ്ടെത്തി വിഘടിക്കും. അധിക തന്മാത്രയെയും ഇത് മുറിക്കും. ഇത് തുടർന്നുണ്ടാകുന്ന ഫ്ലൂറസെൻസ് മൊബൈൽ ക്യാമറയ്ക്ക് തിരിച്ചറിയാനാകും. ഇത് സാമ്പിളിൽ വൈറസുണ്ടെന്ന കാര്യം വ്യക്തമാക്കുന്നു. ലാബ് ഉപകരണങ്ങളെക്കാൾ മിനിറ്റുകൾക്കകം ഫോൺ ക്യമറയ്ക്ക് സിഗ്നലുകൾ തിരിച്ചറിയാനാകുമെന്നും പഠനത്തിൽ പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!