ഓണ്‍ലൈന്‍ ഗെയിമിങും അതുണ്ടാക്കുന്ന മാനസിക ശാരീരിക പ്രശ്നങ്ങളും
ഇന്റര്‍നെറ്റ് എല്ലാവരുടെയും വിരല്‍തുമ്പില്‍ എത്തിയ കാലത്താണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ വ്യാപക പ്രചാരം നേടിയത്. ഇന്ന് എല്ലാവരുടെയും കയ്യില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ട്. വീടുകളില്‍ ഗെയിം കണ്‍സോളുകള്‍ അല്ലെങ്കില്‍ കമ്പ്യൂട്ടറുകള്‍ ഉണ്ട്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികള്‍ക്കിടയിലും മുതിര്‍ന്നവര്‍ക്കിടയിലും വല്ലാത്തൊരു പ്രചാരവും അതിനൊപ്പം അഡിക്ഷനും സൃഷ്ടിച്ചു.
ഗെയിമുകള്‍ ഇപ്പോഴും ഒരു എന്റര്‍ടെയിന്‍മെന്റ് മാത്രമായി കാണുകയാണെങ്കില്‍ അത് ഒരു വലിയ പ്രശ്നമാവില്ല. നമ്മള് ഫുട്ബോളോ, ക്രിക്കറ്റോ ഷട്ടിലോ ഒക്കെ ഗ്രൗണ്ടില്‍ അല്ലെങ്കില്‍ കോര്‍ട്ടില്‍ കളിക്കുന്നതുപോലെ വിര്‍ച്വലായി അത്തരം ഗെയിമുകള്‍ കളിക്കുകയും ആസ്വദിക്കുകയും ചെയ്യുക എന്നതുമാത്രമേ ആകുന്നുള്ളൂ. എന്നാല്‍ ഇത് പണമിടപാടുകള്‍ നടത്തിയുള്ള കളികളായി മാറുമ്പോഴാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. പണം ചിലവഴിക്കുന്നത് മാത്രമല്ല, പകരം നമ്മള് ഇത്തരം ഗെയിമുകളില്‍ അടിമപ്പെടുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക, മാനസിക പ്രശ്നങ്ങളും വളരെ വലുതാണ്. ഇത്തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
മാനസിക ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍
വീഡിയോ ഗെയിം അഡിക്ഷന് അല്ലെങ്കില്‍ ഓണ്‍ലൈന്‍ ഗെയിം അഡിക്ഷന് മാനസികവും ശാരീരികവുമായ പലതരം പ്രശ്നങ്ങളിലേക്ക് നമ്മളെ എത്തിക്കുന്നു. മാനസിക പ്രശ്നങ്ങളായ ഡിപ്പ്രഷന്‍, ആങ്സൈറ്റി, സോഷ്യല്‍ ഫോബിയ എന്നിവയൊക്കെ മുതിര്‍ന്നവരിലും കുട്ടികളിലും കാണപ്പെടുന്നു. ഇനി ശാരീരിക പ്രശ്നങ്ങള്‍ ദിനചര്യകളിലെ വ്യതിയാനം, സ്ലീപ്പിംഗ് ഡിസ്ഓര്ഡര്, അമിതവണ്ണം, ദഹനപ്രശ്നങ്ങള്‍ എന്നിവയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും ചില പഠനങ്ങള്‍ ഗെയിമര്‍മാര്‍ക്ക് ഹാന്‍ഡ് ഐ കോര്‍ഡിനേഷന്‍, ഡിസിഷന്‍ മേക്കിംഗ് ടൈം, റെസ്പോണ്‍സ് ടൈം എന്നിവ മെച്ചപ്പെടുത്താന്‍ സാധിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം നിങ്ങള്‍ ഗെയിം കളിക്കാന്‍ വേണ്ടി മാത്രം മുഴുവന്‍ സമയം ചിലവഴിക്കുന്നത് ആരോഗ്യപരമായ ശീലവും അല്ല.
മുകളില്‍ പറഞ്ഞവയെല്ലാം നമ്മുടെ ശാരീരികമായോ മാനസികമായോ ഉള്ള പ്രശ്നങ്ങള്‍ മാത്രമാണെങ്കില്‍ ഇതിന്റെ സാമ്പത്തിക വശങ്ങള് മറ്റൊരു രീതിയിലാണ്. കഴിഞ്ഞ കുറച്ച് കാലങ്ങള്‍ക്ക് മുന്‍പേ നമ്മള് ഇത്തരം പല വാര്‍ത്തകളും മാധ്യമങ്ങളിലൂടെ കണ്ടതും വായിച്ചതുമാണ്. ഓണ്‍ലൈന്‍ ഗെയിം മകന് കളിച്ചത് അച്ഛന്റെ കാര്‍ഡ് ഉപയോഗിച്ച്, എന്നിട്ട് അതില്‍നിന്നും നഷ്ട്ടപ്പെട്ടത് ലക്ഷങ്ങളും. അടുത്തിടെ കണ്ണൂരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വരെ ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്.
വ്യാപകമായ രീതിയില്‍ ഇത്തരം ഗെയിം ആപ്പുകള്‍ക്ക് സ്വീകാര്യത ലഭിക്കാനും പല കാരണങ്ങള്‍ ഉണ്ട്. ഇത്തരം ആപ്പുകള്‍ കോടികള്‍ മുടക്കി നമുക്ക് മുന്പില് എത്തിക്കുന്ന പരസ്യങ്ങളാണ് ഇതില്‍ പ്രധാനം. ഫേസ്ബുക്ക്, യൂ ട്യൂബ് അല്ലങ്കില്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ക്കൂടി ഇവര്‍ നടത്തുന്ന പെയ്ഡ് പരസ്യങ്ങള്‍, അവ നമ്മുടെ യുവ തലമുറയെ ചെറുതായൊന്നുമല്ല സ്വാധീനിക്കുന്നത്. ഒപ്പം നമ്മുടെ നാട്ടില്‍ മുട്ടിയിട്ട് നടക്കാന്‍ പറ്റാത്തത്ര എണ്ണമുള്ള വലുതും ചെറുതുമായ വ്ളോഗര്‍മാരും. എനിക്ക് ഗെയിം കളിച്ച് പതിനായിരം കിട്ടി എന്നൊരാള്‍ പറയുമ്പോള്‍ മറ്റൊരാള്‍ പറയും എനിക്ക് പതിനയ്യായിരം കിട്ടിയെന്ന്. മേലനങ്ങാതെ കാശുണ്ടാക്കുന്നത് എങ്ങനെയാണെന്ന് ആലോചിച്ചിരിക്കുന്ന മലയാളിക്ക് മുന്പിലേക്കാണ് ഈ പരസ്യങ്ങളെല്ലാം എത്തുന്നത്. ഇതില്‍ മയങ്ങിവീഴുന്ന മലയാളി- മലയാളി മാത്രമല്ല- തന്റെ കയ്യിലുള്ള പൈസ വെച്ച് ആദ്യം കളി തുടങ്ങുന്നു. അത് തീരുമ്പോള്‍ പിന്നീട് കടം വാങ്ങി കളിക്കും. അവസാനം ഒരുരീതിയിലും ജീവിക്കാന്‍ വയ്യാത്ത അവസ്ഥയെത്തുമ്പോള്‍ ജീവിതം അവസാനിപ്പിക്കുന്നു. ഈ കഴിഞ്ഞ ഒന്നോ രണ്ടോ മാസങ്ങളിക്കിടയില് എത്രയാളുകള്‍ ഇങ്ങനെ മരണത്തിന് കീഴടങ്ങി. ഗെയിമുകള്‍ അഡിക്ഷന് ആകാതെ സൂക്ഷിക്കുയാണ് ഇതിന് പരിഹാരം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
VIDEO: കൈയും കാലും ഇല്ലാത്ത ഈ മനുഷ്യൻ ഇന്ന് ഹീറോ
സാമൂഹിക അകലം, കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാമെന്ന് വിദഗ്ധർ
ഭിന്നശേഷിയുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം നടക്കുന്നുണ്ടോ?
സ്വപ്നയ്ക്ക് നെഞ്ചുവേദന, റമീസിന് വയറുവേദന; പ്രതികളുടെ ആശുപത്രി വാസം വിവാദത്തിൽ, ജയിൽവകുപ്പ് റിപ്പോർട്ട് തേടി