ത്രീസ്റ്റാര്‍ ആയത് 378, പുതിയ ലൈസന്‍സ് 158; എല്‍ഡിഎഫ് മദ്യനയത്തില്‍ സര്‍ക്കാരിന് കിട്ടിയത് 44 കോടി
കേരളത്തില്‍ ആകെ 565 ബാറുകളും 365 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം പുതിയതായി ലൈസന്‍സ് നല്‍കിയത് 158 ബാറുകള്‍ക്ക്. ഇതിന് പുറമെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ 378 ബാറുകള്‍ക്ക് ത്രീ സ്റ്റാര്‍ പദവി നല്കി തുറക്കുകയും ചെയ്തു. പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിലൂടെ സര്‍ക്കാരിന് 44.19 കോടി രൂപയാണ് ലഭിച്ചത്. നിയമസഭയില്‍ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനാണ് ബാറുകളെ പറ്റിയുളള വിശദമായ കണക്ക് അവതരിപ്പിച്ചത്.
സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ മുഴുവന്‍ ത്രീസ്റ്റാര്‍ ബാറുകളും പൂട്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുതിയ മദ്യനയം നടപ്പാക്കുകയായിരുന്നു. ഇതിന് പിന്നാലെ ആ സര്‍ക്കാരിനെ ഉലച്ച് ബാര്‍ കോഴ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഈ നയം നടപ്പാക്കിയപ്പോള്‍ ഫോര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമായിരുന്നു മദ്യവില്‍പ്പന. തിരുവനന്തപുരം ജില്ലയില്‍ ആറ് ബാറുകള്‍ മാത്രമായി അപ്പോള്‍.
പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ നയത്തില്‍ മാറ്റം വരുത്തി. ബിയര്‍ പാര്‍ലറുകളായി പ്രവര്‍ത്തിച്ച ഹോട്ടലുകള്‍ ത്രീ സ്റ്റാര്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി ബാര്‍ ലൈസന്‍സുകള്‍ നേടിയെടുത്തു. തിരുവനന്തപുരത്ത് ഇപ്പോള്‍ 52 ബാറുകളാണുളളത്. കൊല്ലത്ത് 2016ല്‍ രണ്ട് ബാറുകള്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ 49 ആയിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍, പാലക്കാട്,പത്തനംതിട്ട എന്നി ജില്ലകളില്‍ 2016ല്‍ ബാറുകള്‍ ഇല്ലായിരുന്നു. ഇപ്പോള്‍ ഈ നാല് ജില്ലകളിലായി 107 ബാറുകളാണുളളത്.
മദ്യശാലകളുടെ എണ്ണം കുറയ്ക്കലല്ല, മദ്യാസക്തി ഇല്ലാതാക്കാനുളള ബോധവത്കരണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി ടിപി രാമകൃഷ്ണന് അറിയിച്ചു. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആദ്യകാലത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 26 ലക്ഷം കെയ്സിന്റെ കുറവുണ്ട്. 2017-18 കാലയളവില്‍ മദ്യവില്‍പ്പനയില്‍ നിന്നുളള വിറ്റുവരവ് 12937 കോടിയായിരുന്നു. 2018-19 ആയപ്പോഴേക്കും ഇത് 12% വര്‍ധിച്ച് 14508 കോടിയായെന്നും മന്ത്രി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!