ഒടുവില്‍ ബിസിസിഐ യും സമ്മതം മൂളിയ പിങ്ക് ബോള്‍ ടെസ്റ്റ്; അറിയേണ്ടതെല്ലാം
പിങ്ക് ടെസ്റ്റിലെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ഏറെയും പാകിസ്ഥാന്റെ പേരിലാണ്. 6 ഇന്നിങ്സുകളില്‍ നിന്നായി 91 റണ്‍ ആവറേജില്‍ 456 റണ്‍സാണ് പാക്കിസ്ഥാന്റെ അസര്‍ അലി പിങ്ക് പന്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. ഡേ-നൈറ്റ് ടെസ്റ്റിലെ ഏക ട്രിപ്പിള്‍ സെഞ്ചുറിയും അലിയുടെ പേരില്‍ തന്നെ.
ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റ് ഡേ-നൈറ്റ് മത്സരമായിരിക്കും എന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പുറകെ ഡേ-നൈറ്റ് മത്സരങ്ങളെയും പിങ്ക് ബോളിനെയും കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ ആരംഭിച്ചതാണ്. ഡേ-നൈറ്റ് മത്സരങ്ങള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് പുതുമയല്ല. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ 1979 മുതല്‍ ഡേ-നൈറ്റ് ഏകദിനങ്ങളും, പിന്നീട് ടി 20 മത്സരങ്ങളും ഡേ-നൈറ്റ് മത്സരങ്ങളായി വന്നിട്ടുണ്ട്. എന്നാല്‍ ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിച്ചത് നാല് വര്‍ഷങ്ങള്‍ക്ക് മുന്നേ മാത്രമാണ്. അതോടെയാണ് പിങ്ക് പന്തുകളും ക്രിക്കറ്റിന്റെ ഭാഗമാകുന്നത്.
ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ ജനപ്രീതിയുണ്ടാക്കുന്നതിനും മത്സരങ്ങളെ കൂടുതല്‍ ആകര്ഷകമാക്കുന്നതിനുമാണ് ഐസിസി ടെസ്റ്റ് മത്സരങ്ങളെയും ഡേ-നൈറ്റ് മത്സരങ്ങള്ക്കാനായി ഇറങ്ങിയത്.
2015 ല്‍ അഡ്ലൈഡില് ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും തമ്മില്‍ ആയിരുന്നു ആദ്യ അന്താരാഷ്ട്ര പിങ്ക് ബോള്‍ ടെസ്റ്റ്. മത്സരത്തില്‍ ഓസ്ട്രേലിയ 3 വിക്കറ്റിന് ജയിച്ചു. 12 ടെസ്റ്റ് പ്ലേയിങ് രാജ്യങ്ങളിലെ 8 രാജ്യങ്ങളും ഇതിനോടകം ഒരു മത്സരം എങ്കിലും പിങ്ക് ബോളില്‍ കളിച്ചിട്ടുണ്ട്. നവംബര്‍ 22 നു ഈഡന് ഗാര്‍ഡന്‍സില്‍ ഇന്ത്യയും ബംഗ്ലദേശും ഏറ്റുമുട്ടുന്നതോടെ ഇരു ടീമുകളും ആ പട്ടികയില്‍ ഉള്‍പ്പെടും. നിലവില്‍ 11 അന്താരാഷ്ട്ര ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങള്‍ നടന്നിട്ടുണ്ട്, അതില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ടീം ഓസ്ട്രേലിയയാണ്. കളിച്ച 5 മത്സരങ്ങളിലും ജയിച്ച ഏക ടീമും ഓസ്ട്രേലിയ തന്നെ. കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ട് മത്സരങ്ങള്‍ ശ്രീലങ്കയും, ഓരോ മത്സരങ്ങള്‍ വീതം ഇംഗ്ലണ്ടും, സൗത്ത് ആഫ്രിക്കയും, ന്യൂസിലാന്‍ഡും വിജയിച്ചിട്ടുണ്ട്.
പിങ്ക് ടെസ്റ്റിലെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ഏറെയും പാകിസ്ഥാന്റെ പേരിലാണ്. 6 ഇന്നിങ്സുകളില്‍ നിന്നായി 91 റണ്‍ ആവറേജില്‍ 456 റണ്‍സാണ് പാക്കിസ്ഥാന്റെ അസര്‍ അലി പിങ്ക് പന്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. ഡേ-നൈറ്റ് ടെസ്റ്റിലെ ഏക ട്രിപ്പിള്‍ സെഞ്ചുറിയും അലിയുടെ പേരില്‍ തന്നെ. അലിക്ക് താഴെ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് മാത്രമാണ് പിങ്ക് ബോളില്‍ 400 റണ്‍സ് കടന്ന ബാറ്റ്സ്മാന്.
4 ടെസ്റ്റുകളില്‍ നിന്നായി ഒരു സെഞ്ചുറിയും 3 അര്‍ധ സെഞ്ചുറികളുമായി 50 റണ്‍ ആവറേജില്‍ 405 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം. പിങ്ക് ടെസ്റ്റില്‍ രണ്ട് സെഞ്ചുറിയുള്ള ഏക താരം പാകിസ്ഥാന്റെ ആസാദ് ഷഫീഖാണ്.
ബോളിങ്ങില്‍ 5 ഇന്നിങ്സുകളില്‍ നിന്നായി 26 വിക്കറ്റുകള്‍ നേടി ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കും, 21 വിക്കറ്റുമായി ജോഷ് ഹസില്‍വുഡും വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍ നില്ക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് താരം ദേവേന്ദ്ര ബിഷു പാക്കിസ്ഥാനെതിരെ ദുബൈയില്‍ നേടിയ 49-8 എന്നതാണ് പിങ്ക് ടെസ്റ്റിലെ മികച്ച ബോളിങ് പ്രകടനം.
ബിസിസിഐ പിങ്ക് ബോള്‍ ടെസ്റ്റിനോട് ആദ്യം മുതല്‍ക്കെ മുഖം തിരിഞ്ഞ നിലപാടാണ് എടുത്തിരുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് സീരിസിലെ ഒരു മത്സരം ഡേ-നൈറ്റ് മത്സരമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യ ഒഴിവാകുകയായിരുന്നു. പിന്നീട് സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് ആയി അധികാരമേറ്റതിനു പുറകെയാണ് പിങ്ക് ടെസ്റ്റിനുള്ള തീരുമാനം കൈക്കൊള്ളുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും തീരുമാനത്തിന് സമ്മതം മൂളിയതോടെ ഇന്ത്യയുടെ ആദ്യ പിങ്ക് ടെസ്റ്റ് യാഥാര്‍ഥ്യമാവുകയായിരുന്നു.
2015 ലാണ് ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് നടന്നതെങ്കിലും 2000 മുതല്‍ തന്നെ ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളെ കുറിച്ചുള്ള ചിന്തകള്‍ നടന്നിരുന്നു. പരീക്ഷണാര്‍ത്ഥം മത്സരങ്ങള്‍ ആഭ്യന്തര തലത്തില്‍ പലയിടങ്ങളിലും നടന്നിരുന്നു. ആദ്യം ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള പന്തുകള്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ച ശേഷമാണു പിങ്ക് നിറത്തിലുള്ള പന്തിലേക്ക് ഐസിസി എത്തിയത്. ബാറ്സ്മാന്മാര്ക്കും ടിവി ടെലികാസ്റ്റിംഗിനും അനുയോജ്യമായ നിറം പിങ്കാണെന്നതിന്റെ അടിസ്ഥാനത്തിലാണ് പിങ്ക് പന്തുകള്‍ ഡേ-നൈറ്റ് മത്സരങ്ങളിലേക്കായി തീരുമാനിക്കുന്നത്.
കുക്കബുറ എന്ന ബ്രാന്‍ഡാണ് ആദ്യമായി പിങ്ക് പന്തുകള്‍ നിര്‍മ്മിച്ചത്. എന്നാല്‍ ഇന്ത്യയിലെ മത്സരങ്ങള്‍ക്ക് പന്ത് നിര്‍മിക്കുന്നത് എസ് ജി യാണ്. എസ് ജി യോട് 72 പന്തുകളാണ് രണ്ടാം ടെസ്റ്റിനായി ബിസിസിഐ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചുവന്ന പന്തില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഒന്നും പിങ്ക് പന്തിന് വരുന്നില്ല. എന്നാല്‍ രാത്രിയില്‍ ഉയര്‍ത്തിയടിക്കുന്ന പന്ത് കാണുന്നതിനുള്ള ബുദ്ധിമുട്ടും മഞ്ഞുള്ള സമയങ്ങളില്‍ ഗ്രിപ് കിട്ടാത്തതും പന്തിന്റെ പ്രശ്നങ്ങളായി കളിക്കാര്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ പിങ്ക് പന്ത് ഉപയോഗിച്ചുള്ള ആദ്യ മത്സരം നടക്കുന്നത് 2016 ലാണ്. ചില ആഭ്യന്തര മത്സരങ്ങളിലും 2016 ലെ ദുലീപ് ട്രോഫിയിലും പിങ്ക് പന്ത് ഉപയോഗിച്ചിട്ടുണ്ട്. ഈ സീരിസിനുള്ള ഇന്ത്യന്‍ നിരയിലെ രഹാനെ, പൂജാര, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ എന്നിവര്‍ പിങ്ക് പന്തില്‍ കളിച്ചിട്ടുള്ളവരാണ് എന്നത് മത്സരത്തില്‍ ടീമിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ദുലീപ് ട്രോഫിയില്‍ പിങ്ക് പന്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള പൂജാര ആ സീരിസില്‍ മാന്‍ ഓഫ് ദി സീരീസും നേടിയിരുന്നു.
ഇന്‍ഡോറിലെ ആദ്യ ടെസ്റ്റിന്റെ പരിശീലന സമയം മുതല്‍ പിങ്ക് പന്തില്‍ ക്യാപ്റ്റന്‍ കോഹ്ലി ഉള്‍പ്പടെയുള്ള താരങ്ങള്‍ പരിശീലനം നടത്തുന്നുണ്ട്. പുജാരയും, രഹാനെയും ഉള്‍പ്പടെ ഇരു ടീമിലെയും താരങ്ങള്‍ പരിശീലന ശേഷം പന്തിനെ കുറിച്ചുള്ള നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചിരുന്നു. അതേസമയം രാത്രി മഞ്ഞുവീഴ്ച്ചക്ക് സാധ്യതയുള്ള ഈഡന് ഗാര്‍ഡന്‍സില്‍ എങ്ങനെയാകും പിങ്ക് ബോള്‍ പെരുമാറുക എന്നത് ആരാധകര്‍ കാത്തിരിക്കുകയാണ്. മഞ്ഞു വീഴ്ച പരിഗണിച്ച് ഉച്ചയ്ക്ക് ഒന്ന് മുതല്‍ രാത്രി എട്ട് മണിവരെയാണ് മത്സര സമയം ക്രമീകരിച്ചിരിക്കുന്നത്.