പി.കെ ഫിറോസിനെ ഫേസ്ബുക്കിലൂടെ അപമാനിക്കാൻ ശ്രമിച്ചു, പൊലീസ് ആക്റ്റ് 118 എ പ്രകാരം കേസെടുക്കാൻ പരാതി
ഫിറോസിനെ അപകീർത്തിപെടുത്താൻ ലക്ഷ്യമിട്ട് ഫേസ്ബുക്കിലൂടെ വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. തിലകനെന്ന ഫേസ്ബുക്ക് ഐഡിയിലെ വ്യക്തിയ്ക്കെതിരെ, അപകീര്‍ത്തിപ്പെടുത്തിയ പോസ്റ്റിന്റെ ലിങ്ക് അടക്കമാണ് പരാതി.
പൊലീസ് നിയമ ഭേദഗതിയിൽ വിവാദങ്ങളും വിമർശനങ്ങളും തുടരുമ്പോൾ 118 എ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ആദ്യ പരാതി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിക്കാൻ ശ്രമിച്ചതിന് പൊലീസ് ആക്റ്റ് 118 എ പ്രകാരം കേസെടുക്കണമെന്നാണ് പരാതി. മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാൻ നൽകിയ പരാതി വലപ്പാട് പൊലീസ് സ്വീകരിച്ചു.
ഫിറോസിനെ അപകീർത്തിപെടുത്താൻ ലക്ഷ്യമിട്ട് ഫേസ്ബുക്കിലൂടെ വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. തിലകനെന്ന ഫേസ്ബുക്ക് ഐഡിയിലെ വ്യക്തിയ്ക്കെതിരെ, അപകീര്‍ത്തിപ്പെടുത്തിയ പോസ്റ്റിന്റെ ലിങ്ക് അടക്കമാണ് പരാതി. പൊലീസ് ആക്ട് ഭേദഗതിക്കെതിരെ മുസ്ലിംലീഗിന്റെ നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം ലീഗ് തന്നെ ഇതേനിയമം ഉപയോഗിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്.
കേരള പൊലീസ് ആക്ട് 118 (എ) പ്രകാരം ആരെങ്കിലും മറ്റൊരു വ്യക്തിയുടെ യശസ്സിന് ഭീഷണിപ്പെടുത്തുകയോ, അപകീര്‍ത്തിപ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യുന്ന ഉദ്ദേശത്തോടെയുള്ള ഉള്ളടക്കം സൃഷ്ടിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, വിതരണത്തിനിടയാക്കുകയോ ചെയ്താല്‍ പ്രസ്തുത വ്യക്തി മൂന്ന് വർഷം തടവിനോ, 10,000 രൂപ പിഴയ്ക്കോ, തടവും പിഴയും ഒന്നിച്ചോ ശിക്ഷിക്കപ്പെടുമെന്നാണ് നിയമം. കൂടാതെ പൊലീസ് ആക്ട് 118 എ അനുസരിച്ച് പരാതിക്കാരനില്ലെങ്കിൽ പൊലീസിന് സ്വമേധയാ കേസെടുക്കാം. അറസ്റ്റിന് വാറണ്ടോ മജിസ്ട്രേറ്റിന്റെ അനുമതിയോ ആവശ്യവുമില്ല.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!