കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍; ഫെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയ്ക്ക് ലീഗ്
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയിലെത്തുന്നതിന് മുന്‍കൈ എടുത്തത് കുഞ്ഞാലിക്കുട്ടിയായിരുന്നു.
ഒരിടവേളയ്ക്ക് ശേഷം മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു. വരുന്ന തിരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിക്കാന്‍ ലീഗ് ഉന്നതാധികാര സമിതിയോഗം തീരുമാനിച്ചതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ അറിയിച്ചു. ദേശീയ നേതൃത്വത്തിന്റെ ചുമതല ഇടി മുഹമ്മദ് ബഷീര്‍ എംപിക്കായിരിക്കും.

തദ്ദേശ തെരഞ്ഞെടുപ്പിലും അതുകഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെയും സമ്പൂര്‍ണ ചുമതലയാണ് കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയിട്ടുള്ളത്. ഇതോടെ പാര്‍ട്ടി ഘടകത്തില്‍ കുഞ്ഞാലിക്കുട്ടി നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ കരുത്തനായി. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായങ്ങള്‍ക്ക് കൂടുതല്‍ മേധാവിത്വം ലഭിക്കാനുതകുന്നതാണ് തീരുമാനം.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കിയതിന്റെ നേട്ടം പാര്‍ട്ടിക്കും മുന്നണിക്കും ലഭിച്ചു എന്ന് തീരുമാനം അറിയിച്ച് പാണക്കാട് ഹൈദരലി തങ്ങള്‍ അറിയിച്ചു. ഇത് കണക്കിലെടുത്താണ് വരുന്ന തിരഞ്ഞെടുപ്പുകളുടെയും ചുമതല കുഞ്ഞാലിക്കുട്ടിക്ക് തന്നെ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ യുഡിഎഫിന്റെ രാഷ്ട്രീയ നീക്കങ്ങളുടെ നേതൃത്വത്തേക്ക് കൂടി കുഞ്ഞാലിക്കുട്ടി വീണ്ടും വരും. നിലവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെപിഎ മജീദും നിയമസഭയിലെ പ്രതിപക്ഷ ഉനേതാവ് എംകെ മുനീറുമാണ് ആ ചുമതലകള്‍ നിര്‍വഹിക്കുന്നത്. യുഡിഎഫിലെ ഇടപെടുലുകളിലും ഇനി കുഞ്ഞാലിക്കുട്ടി കൂടുതല്‍ സജീവമാകും.
അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനും മുസ്ലിം ലീഗ് തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക ധാരണകളായിരിക്കും ഉണ്ടാക്കുക. മലപ്പുറം ജില്ലയില്‍ ഫെല്ഫേര് പാര്‍ട്ടിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ജില്ലാ ഘടകത്തിന് ലീഗ് ഉന്നതാധികാര സമിതി യോഗം അനുമതി നല്കി.
സിപിഎം എല്ലാ പാര്‍ട്ടികളുമായും സഹകരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സിപിഎം, ബിജെപി, എസ്ഡിപിഐ എന്നീ പാര്‍ട്ടികള്‍ ഒഴികെ എല്ലാവരുമായും യോജിച്ചുപോകാനാണ് ലീഗ് തീരുമാനിച്ചിരിക്കുന്നതെന്നും മലപ്പുറം ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയിലെത്തുന്നതിന് മുന്‍കൈ എടുത്തത് കുഞ്ഞാലിക്കുട്ടിയായിരുന്നു. പാര്‍ട്ടിയിലെ ഒരുവിഭാഗവും യുഡിഎഫിലെ മറ്റ് ചില നേതാക്കളും ഈ നീക്കത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നത് യുഎഡിഎഫിന്റെ മതേതര പ്രതിച്ഛായയ്ക്ക് കോട്ടം സംഭവിക്കും എന്ന അഭിപ്രായത്തിലായിരുന്നു എതിര്‍പ്പ്. കുഞ്ഞാലിക്കുട്ടിക്ക് തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയതോടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണത്തിനുള്ള മറ്റ് തടസ്സങ്ങളും നീങ്ങി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രാദേശികമായി മാത്രം ധാരണയാക്കാനാണ് ലീഗ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചിട്ടുള്ളത്. ഇതിന് ശേഷമായിരിക്കും മുന്നണിയിലേക്ക് കൊണ്ടുവരുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുക.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!