'യേശുദാസ് ആറക്ക പ്രതിഫലം ചോദിക്കുമ്പോഴും വലിയ തുകയാണല്ലോ എന്നാണ് ചോദ്യം', ലോക്ഡൗൺ വരുമാനത്തെ ബാധിച്ചെന്ന് വിജയ് യേശുദാസ്
ലോക്ഡൗണും കൊറോണയും മൂലം പ്രോഗ്രാമുകൾ ക്യാൻസൽ ആയെങ്കിലും നമ്മളെ ആശ്രയിച്ച് കഴിയുന്നവരെ നമ്മൾ തന്നെ നോക്കേണ്ടേ. മക്കളുടെ സ്കൂൾ ഫീസിനും മറ്റുമൊന്നും ഇളവില്ലല്ലോ.
പ്രളയവും തുടർന്ന് എത്തിയ ലോക്ഡൗണുമെല്ലാം വരുമാനത്തെ ബാധിച്ചെന്ന് ഗായകൻ വിജയ് യേശുദാസ്. പപ്പയായ യേശുദാസ് ആറക്ക സംഖ്യ പ്രതിഫലം ചോദിക്കുമ്പോഴും മലയാളത്തിലെ പ്രമുഖ നിർമ്മാതാക്കൾ അടക്കം അത് വലിയ തുകയാണല്ലോ എന്നാണ് ഇപ്പോഴും പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിജയ് യേശുദാസിന്റെ വാക്കുകൾ..
വിജയ് യേശുദാസ് പറഞ്ഞ വാക്കുകൾ ഇങ്ങനെ
കോടികൾ മുടക്കി സിനിമ എടുക്കുന്ന നിർമ്മാതാക്കൾ താരങ്ങൾക്ക് വലിയ പ്രതിഫലം നൽകും. പക്ഷേ സംഗീത സംവിധായകർക്കും ഗായകർക്കും അർഹിക്കുന്ന പ്രതിഫലം പോലും നൽകാൻ മടിയാണ്. അടുത്തിടെ ഒരു പ്രമുഖ നിർമ്മാതാവ് വിളിച്ചു. അവർക്ക് അപ്പയെ കൊണ്ട് പാടിക്കണം. ഞാൻ മാനേജരുടെ നമ്പർ കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചു. ദാസേട്ടൻ ഇത്ര രൂപയാണ് പ്രതിഫലം ആവശ്യപ്പെട്ടത്. അത് വലിയ കൂടുതലാണല്ലോ? ഞാൻ ചോദിച്ചു, ചേട്ടാ നിങ്ങൾക്ക് യേശുദാസിന്റെ ശബ്ദം അല്ലേ വേണ്ടത്, ആ ശബ്ദത്തിന് അദ്ദേഹം പറഞ്ഞ തുക കൂടുതലാണെന്നാണോ പറയുന്നത്.
അര നൂറ്റാണ്ടിൽ അധികമായി പാടുന്ന, അരലക്ഷത്തിൽ അധികം പാട്ടുകൾ പാടിയ യേശുദാസ് ആറക്ക സംഖ്യ പ്രതിഫലം ചോദിക്കുമ്പോഴാണ് വലിയ തുകയെന്ന് പറയുന്നതെന്ന് ഓർക്കണം. അപ്പോൾ എങ്ങനെയാണ് മറ്റ് ഗായകർ നിൽക്കുക. 20 വർഷമായി മലയാളത്തിൽ പാടുന്ന എനിക്ക് ഇപ്പോഴും താരതമ്യേന തീരെ കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുന്നത്. ഞാൻ ആരെയും കുറ്റപ്പെടുത്തുകയല്ല. ഈ ഇൻഡസ്ട്രി ഇങ്ങനെയാണ്.
ഈയിടെ കൊച്ചിയിലെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോൾ കുറച്ചുപേർ അടുത്തെത്തി. സംസാരം ലോക്ഡൗണിനെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമൊക്കെ ആയി. പ്രളയവും തുടർന്ന് എത്തിയ ലോക്ഡൗണുമെല്ലാം വരുമാനത്തെ ബാധിച്ചെന്ന് ഞാൻ പറഞ്ഞപ്പോൾ അവർക്ക് ചിരി.
യേശുദാസിന്റെ മകന് ഇഷ്ടം പോലെ കാശ് ഉണ്ടാകുമല്ലോ എന്നാണ് അവർ പറയുന്നത്. ഒരു സിനിമയിൽ പാടുന്നതിന് എനിക്ക് എത്ര പ്രതിഫലം കിട്ടുമെന്നത് ഊഹിച്ച് പറയാമോ എന്ന് ഞാൻ അവരോട് ചോദിച്ചു. അവർ പറഞ്ഞ തുക അഞ്ച് സിനിമകളിൽ പാടിയാൽ പോലും എനിക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. ലോക്ഡൗണും കൊറോണയും മൂലം പ്രോഗ്രാമുകൾ ക്യാൻസൽ ആയെങ്കിലും നമ്മളെ ആശ്രയിച്ച് കഴിയുന്നവരെ നമ്മൾ തന്നെ നോക്കേണ്ടേ. മക്കളുടെ സ്കൂൾ ഫീസിനും മറ്റുമൊന്നും ഇളവില്ലല്ലോ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!