വരുന്നത് ഉത്സവകാലം, വൈറസ് വിട്ടുപോയിട്ടില്ല, രാജ്യം 10 കോടി പരിശോധനയിലേക്ക് | പ്രധാനമന്ത്രിയുടെ പ്രസംഗം അഞ്ച് കാര്യങ്ങൾ
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വലിയ ആഘോഷമായ ദീപാവലി, ദസറ എന്നിവ അടുത്തെത്തിയ സാഹചര്യത്തിൽ കൊവിഡ് മുൻനിർത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ലോക്ക്ഡൗണിന് ശേഷം ഇത് ഏഴാം തവണയാണ് മുഖ്യമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
രാജ്യം വലിയ ആഘോഷങ്ങളിലേക്കും ഉത്സവങ്ങളിലേക്കും നീങ്ങവെ കൊവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്തരുതെന്ന് ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അശ്രദ്ധയോടെ ജനങ്ങൾ ഇറങ്ങി നടക്കുന്ന ചിത്രങ്ങളും വീഡിയോകളും കണ്ടു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുമ്പോൾ സ്വന്തം കുടുംബത്തിന്റെ സുരക്ഷ അപകടത്തിലാകുവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വലിയ ആഘോഷമായ ദീപാവലി, ദസറ എന്നിവ അടുത്തെത്തിയ സാഹചര്യത്തിൽ കൊവിഡ് മുൻനിർത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ലോക്ക്ഡൗണിന് ശേഷം ഇത് ഏഴാം തവണയാണ് മുഖ്യമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
1. രാജ്യത്ത് ഉത്സവകാലം വരികയാണ്. വിപണികളെല്ലാം സജീവമാകും. പൊതുസ്ഥലങ്ങളിൽ ആളുകൾ തടിച്ചുകൂടിയേക്കാം. എല്ലായ്പ്പോഴും മാസ്ക് ധരിച്ച് മാത്രം പുറത്തിറങ്ങുക. സാമൂഹിക അകലം പാലിക്കുക. സമ്പൂർണമായി അടച്ചുപൂട്ടുന്നത് നമ്മൾ അവസാനിപ്പിച്ചിരുന്നു. അതേസമയം കൊറോണ വൈറസ് നമുക്ക് ഇടയിൽ തന്നെയുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
2. ജനത കർഫ്യൂവിൽ നിന്ന് നമ്മൾ കുറെ മുന്നോട്ട് പോയി. കൊവിഡിനെതിരെ നമ്മൾ നന്നായി പോരാടി. ഏഴെട്ട്- മാസത്തെ ജാഗ്രതയുടെ ഫലമായി രാജ്യം ഇന്ന് ഭേദപ്പെട്ട അവസ്ഥയിലാണ്. പല വലിയ രാജ്യങ്ങളെക്കാളും നന്നായി നമ്മൾ കൊവിഡിനെ പ്രതിരോധിച്ചു. സ്ഥിതിഗതികൾ കൈവിട്ട് പോകരുത്.
3. നിലവില്‍ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് മികച്ച നിലയിലാണ്. മരണ നിരക്ക് പല വികസിത രാജ്യങ്ങളെക്കാളും കുറവാണ്. രാജ്യത്തെ പത്തുലക്ഷം പേരില്‍ 5,500 പേര്‍ക്ക് മാത്രമാണ് രോഗം ബാധിക്കുന്നത്. അമേരിക്കയും ബ്രസീലും അടക്കമുളള രാജ്യങ്ങളില്‍ ഇത് 25,000ത്തോളമാണ്. ഇന്ത്യയിൽ പത്ത് ലക്ഷം പേരിൽ 83 പേർ കൊവിഡ് മൂലം മരിക്കുമ്പോൾ അമേരിക്ക, സ്പെയിൻ, ബ്രിട്ടൺ എന്നിവിടങ്ങളിൽ ഇത് 600ന് മുകളിലാണ്.
4. രാജ്യത്ത് 90 ലക്ഷത്തോളം കൊവിഡ് രോഗികൾക്കുളള കിടക്കകൾ സജ്ജമാണ്. 12,000 ക്വാറന്റീൻ സെന്ററുകൾ, 2000ത്തോളം കൊവിഡ് പരിശോധനാ ലാബുകൾ എന്നിവയുമുണ്ട്. പത്ത് കോടി ജനങ്ങളുടെ കൊവിഡ് പരിശോധന എന്ന നേട്ടത്തിലേക്ക് ഇന്ത്യ വൈകാതെ എത്തും.
5. കൊവിഡിനെതിരെയുളള വാക്സിൻ നിർമ്മിക്കാൻ ലോകമെങ്ങും യുദ്ധകാല അടിസ്ഥാനത്തിലാണ് കാര്യങ്ങൾ നീക്കുന്നത്. എത്രയും പെട്ടെന്ന് ലഭ്യമാക്കാനാണ് സർക്കാരിന്റെ നീക്കം. വാക്സിൻ തയ്യാറായാൽ രാജ്യത്ത് എല്ലായിടത്തും ഉടൻ എത്തിക്കാൻ ശ്രമിക്കും. വാക്സിൻ പുറത്ത് ഇറങ്ങുന്നത് വരെ ജാഗ്രത തുടരണം. അമേരിക്കയിലും രോഗവ്യാപന തോത് കുറഞ്ഞശേഷം വീണ്ടും കൂടിയിരുന്നു. അതുകൊണ്ട് തന്നെ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!