ആഫ്രിക്കൻ അമേരിക്കൻ വംശജനെ കർദിനാളായി നാമനിർദേശം ചെയ്ത് മാർപാപ്പ; ചരിത്രത്തിൽ ആദ്യം
പൗരാവകാശത്തിനായി നില കൊണ്ട ആർച്ച് ബിഷപ്പ് വിൽട്ടൺ ഗ്രിഗറി കത്തോലിക്ക സഭയിലെ ലൈംഗിക ചൂഷണങ്ങൾക്കെതിരെയും ശക്തമായ നിലപാട് എടുത്തിരുന്നു.
ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കൻ അമേരിക്കൻ വംശജനെ കർദിനാളായി നാമനിർദേശം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ. വാഷിങ്ടൺ ആർച്ച് ബിഷപ്പ് വിൽട്ടൺ ഗ്രിഗറിയെയാണ് മാർപ്പാപ്പ കർദിനാളായി നാമനിർദേശം ചെയ്തത്. വിൽട്ടൺ ഗ്രിഗറിയെ കൂടാതെ മറ്റു 12 പേരെ കൂടി കർദിനാളായി നാമനിർദേശം ചെയ്തിട്ടുണ്ട്. ഇതിൽ ഗ്രിഗറി അടക്കമുള്ള ഒമ്പത് പേർ മാർപ്പാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ അധികാരമുള്ള കോൺക്ലേവിൻ്റെ ഭാഗമാകും. നവംബർ 28 ന് വത്തിക്കാനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ 13 പേരയും കർദിനാൾ പദവിയിലേക്ക് ഉയർത്തും.
ഇക്കഴിഞ്ഞ ജൂണിൽ വാഷിങ്ടണിലെ ഒരു പള്ളിയ്ക്ക് മുൻപിൽ ട്രംപ് ഫോട്ടോഷൂട്ട് നടത്തിയതിനെ കടുത്ത ഭാഷയിൽ വിൽട്ടൺ ഗ്രിഗറി വിമർശിച്ചിരുന്നു. കറുത്ത വർഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് ഉദ്യോഗസ്ഥൻ കാൽമുട്ടിനടിയിൽ ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കനത്ത പ്രതിഷേധം അലയടിക്കുന്നതിനിടയിലായിരുന്നു ട്രംപിൻ്റെ ഫോട്ടോഷൂട്ട്. വൈറ്റ് ഹൗസിന് സമീപത്തെ സെന്റ് ജോൺസ് പള്ളിയ്ക്ക് മുൻപിൽ കയ്യിൽ ബൈബിളുമേന്തിയായിരുന്നു ട്രംപ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇതിനെതിരെയുള്ള ഗ്രിഗറിയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. പൗരാവകാശത്തിനായി നില കൊണ്ട ഗ്രിഗറി കത്തോലിക്ക സഭയിലെ ലൈംഗിക ചൂഷണങ്ങൾക്കെതിരെയും ശക്തമായ നിലപാട് എടുത്തിരുന്നു. കഴിഞ്ഞ വർഷമാണ് ഇദ്ദേഹം ആർച്ച് ബിഷപ്പായി സ്ഥാനമേറ്റത്.
കൂടുതൽ പേരെ കർദിനാളായി നിയമിച്ചതോടെ ഫ്രാൻസിസ് മാർപ്പാപ്പ കോൺക്ലേവിലേക്ക് നാമനിർദേശം ചെയ്തവരുടെ എണ്ണം 57 ശതമാനമായി ഉയർന്നു. ഏകദേശം 128 പേരാണ് കോൺക്ലേവിൽ ഉള്ളത്. സാധാരണയായി 120 പേരാണ് കോൺക്ലേവിൽ ഉള്ളതെങ്കിലും അടുത്ത വർഷം 80 വയസ് തികയുന്നവർ കോൺക്ലേവിലുള്ള സാഹചര്യത്തിലാണ് കൂടുതൽ പേരെ പരിഗണിച്ചത്. ഇറ്റലി, മാൾട്ട, റുവാണ്ട, അമേരിക്ക, ഫിലിപ്പീന്‍സ്, ചിലി, ബ്രൂണെയ്, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പുതിയതായി നാമനിർദേശം ചെയ്ത ഒമ്പത് പേർ. മാർപ്പാപ്പ കൂടുതൽ പേരെ കർദിനാളായി നിയമിച്ച പശ്ചാത്തലത്തിൽ അടുത്ത പിൻഗാമി ഫ്രാൻസിസ് മാർപ്പാപ്പയുടെ നയങ്ങൾ പിന്തുടരുന്ന വ്യക്തിയാവുമെന്ന സൂചനയാണ് ലഭിക്കുന്നത്. സ്വവർഗാനുരാഗികളെക്കുറിച്ചു മാർപ്പാപ്പ അടുത്തയിടെ സ്വീകരിച്ച നിലപാട് ആഗോള ശ്രദ്ധ നേടിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!