കൊവിഡ് നിയന്ത്രണം ലംഘിച്ചു; തിരുവനന്തപുരത്തെ പോത്തീസ്, രാമചന്ദ്രൻ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി
നേരത്തെ നടത്തിയ പരിശോധനയിൽ രാമചന്ദ്രനിലെ വലിയൊരു വിഭാഗം തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരത്തെ പോത്തീസ്, രാമചന്ദ്രൻ സ്ഥാപനങ്ങളുടെ ലൈസൻസ് നഗരസഭ റദ്ദാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണിത്. നിയന്ത്രണങ്ങൾ പാലിക്കാതെ തുറന്നു പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തുടർന്നും സ്ഥാപനങ്ങൾ പ്രോട്ടോകോൾ പാലിച്ചില്ലെന്നും ഇത് കോവിഡ് വ്യാപനത്തിന് കാരണമായിയെന്നും മേയർ കെ ശ്രീകുമാർ പറഞ്ഞു. നിലവിൽ അടച്ചിട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് താത്കാലികമായിട്ടാണ് റദ്ദാക്കിയത്.
നേരത്തെ നടത്തിയ പരിശോധനയിൽ രാമചന്ദ്രനിലെ വലിയൊരു വിഭാഗം തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെല്ലാം തന്നെ നഗരത്തിലെ സാഹചര്യം സങ്കീർണ്ണമാക്കുന്നതിൽ പങ്കു വഹിച്ചു എന്നതാണ് നഗരസഭയുടെ വിലയിരുത്തൽ. തുടർന്നാണ് ഇരു സ്ഥാപനങ്ങളുടെയും ലൈസൻസ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദ് ചെയ്യുന്ന കടുത്ത നടപടിയിലേക്ക് നഗരസഭയെത്തിയത്.
രാമചന്ദ്രനിലെ എൺപതിലധികം ജീവനക്കാർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ നിന്നുമുള്ള ജീവനക്കാരെ ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ജോലിക്കായി നിയോഗിച്ചിരുന്നത്. കടകളിൽ കൊവിഡ് ചട്ടങ്ങൾ പാലിച്ചില്ലെന്നും ആളുകൾ കൂട്ടം കൂടിയതായും ആരോപണമുണ്ട്. ഇതിലൂടെ കൂടുതൽ പേരിലേക്ക് രോഗം പടരാൻ കാരണമായി.
ജില്ലയിൽ കഴിഞ്ഞ ദിവസം 222 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 203 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. തിരുവനന്തപുരത്ത് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ജൂലൈ 28 വരെ നീട്ടിയിരുന്നു. പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളും കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ മേക്കൊല്ല (വാർഡ് 9 ), നെല്ലനാട് ഗ്രാമപഞ്ചായത്തിലെ വെഞ്ഞാറമ്മൂട് (വാർഡ് 7) എന്നീ പ്രാദേശങ്ങളും കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!