പ്രീതാഷാജിയുടെ 25 കൊല്ലത്തെ ജീവിതം അഥവാ രണ്ടുലക്ഷം രൂപയുടെ ജാമ്യം നിന്ന കഥ
എടുക്കാത്ത വായ്പയുടെ പേരിൽ ഇരുപത്തിയഞ്ച് വർഷം സ്വന്തം കിടപ്പാടത്തിനായി ഒരു കുടുംബം അനുഭവിച്ചത്...
നീണ്ട 25 വര്‍ഷങ്ങള്‍... ഒരു മനുഷ്യായുസിലെ കാല്‍നൂറ്റാണ്ടാണ് സ്വന്തം കിടപ്പാടം തിരിച്ചുപിടിക്കാന്‍ വേണ്ടിയുളള പോരാട്ടത്തില്‍ കേരളത്തിലെ ഒരു സാധാരണ വീട്ടമ്മയ്ക്കും കുടുംബത്തിനും നഷ്ടമായത്. സ്വകാര്യബാങ്കുകളുടെ കൊളളപ്പലിശയെയും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ചൂഷണത്തെയും അതിജീവിച്ച പ്രീതാഷാജിയുടെ പോരാട്ടത്തെ അതിജീവനത്തിനായുളള സമരമെന്നാണ് വിശേഷിപ്പിക്കേണ്ടത്. സുഹൃത്തിനായി വായ്പക്ക് ജാമ്യം നിന്നതിന്റെ പേരില്‍ വളരെ സാധാരണക്കാരായ ഒരു കുടുംബത്തിന് വീട് നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വരിക. നഷ്ടമായ വീടിനായി സമരങ്ങളും കോടതിയും പൊലീസുമായി വര്‍ഷങ്ങളോളം എന്തെന്നും ഏതെന്നും അറിയാതെ അനിശ്ചിതാവസ്ഥയില്‍ കഴിയേണ്ടി വരിക. ഇതിന്റെയെല്ലാം നേര്‍സാക്ഷ്യമാണ് എറണാകുളം ഇടപ്പളളി സ്വദേശിയായ പ്രീതാഷാജിയുടെ ജീവിതം. 25 വര്‍ഷമായി അനുഭവിക്കുന്ന നരകയാതനയ്ക്ക് മോചനമെന്നാണ് ജപ്തി നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിയെക്കുറിച്ച് പ്രീതാഷാജി തന്നെ പറയുന്നത്.
- പ്രീതാ ഷാജി പറയുന്നത് കേൾക്കാൻ ഇവിടെ ക്ലിക് ചെയ്യുക
കണക്കുകള്‍ ഇങ്ങനെ
കുറച്ചുകൂടി വിശദീകരിച്ച് പറഞ്ഞാല്‍
- പ്രീതയുടെ ഭര്‍ത്താവ് ഷാജി തന്റെ തൊഴിലുടമയും ബന്ധുവുമായ സാജന് രണ്ടുലക്ഷം രൂപ വായ്പ ലഭിക്കുന്നതിനായി 22 സെന്റ് സ്ഥലത്തിന്റെ ആധാരം നല്കുന്നു. ഈ ഉറപ്പില്‍ ലോഡ്കൃഷ്ണ ബാങ്ക് രണ്ടുലക്ഷം രൂപ സാജന് അനുവദിക്കുന്നു
- സാജന് ഒരുരൂപ പോലും തിരിച്ചടക്കാതെ വന്നതോടെ ഷാജി 1997ല്‍ നാലുസെന്റ് സ്ഥലം വിറ്റ് ഒരുലക്ഷം രൂപ അടയ്ക്കുന്നു
- ഷാജിയുടെ തിരിച്ചടവ് മുടങ്ങുന്ന കാലത്ത് ലോഡ് കൃഷ്ണ ബാങ്കിനെ സെഞ്ചൂറിയന്‍ ബാങ്ക് ഏറ്റെടുക്കുന്നു. പിന്നീട് അതിനെ എച്ച്ഡിഎഫ്സി ബാങ്കും ഏറ്റെടുക്കുന്നു. പലിശ കുത്തനെ കയറുന്നു.
- ഷാജിയുടെ ഏഴ് സെന്റ് സ്ഥലത്തിന് 90 ലക്ഷം രൂപ മുതലാക്കി വില്ലേജ് ഓഫിസര്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിന് (ഡിആര്‍ടി)റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.
- വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ട് പരിഗണിക്കാതെ 2005ല്‍ ഷാജിയുടെ രണ്ടരക്കോടി വിലവരുന്ന 18.5 സെന്റ് ഭൂമി 37 ലക്ഷം(37,80,000) രൂപയ്ക്ക് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ ലേലം ചെയ്യാന്‍ ഉത്തരവിടുന്നു.
- 2014ഫെബ്രുവരിയില്‍ ഓണ്‍ലൈന്‍ വഴി നടത്തിയ ലേലത്തില്‍ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങിയത് കെട്ടിടം പണിക്കാരനായ രതീഷ് നാരായണന്.വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കിയത് എം രംഗനാഥൻ എന്ന റിക്കവറി ഓഫീസർ കോഴക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തയാളെന്ന് ആരോപണം. റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളാണ് വീടും സ്ഥലവും കയ്യടക്കിയതെന്നും പരാതി.
- ഭൂമി ലേലത്തില്‍ വാങ്ങിയ തുക പലിശ സഹിതം തരാമെന്ന് പറഞ്ഞിട്ടും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രീത ഷാജിയും കുടുംബവും വീടൊഴിഞ്ഞ് സമരവുമായി രംഗത്തിറങ്ങിയത്. വീടിന് മുന്നിൽ ചിതയൊരുക്കി രണ്ടുവര്‍ഷത്തോളം നീണ്ട സമരത്തില്‍ പ്രീതഷാജിക്കൊപ്പം ആദ്യാവസാനം കൂടെ നിന്നതും നിയമപോരാട്ടത്തിലും ഒപ്പമുണ്ടായിരുന്നത് സര്‍ഫാസി വിരുദ്ധ സമരസമിതി പ്രവർത്തകർ.
- ചുരുക്കത്തില്‍ രണ്ടുലക്ഷം രൂപ 25 വര്‍ഷം മുമ്പ് ലോണെടുത്ത വകയില്‍ ഒരുലക്ഷം തിരിച്ചടച്ചിട്ടും കൊളളപ്പലിശ ഇനത്തില്‍ പ്രീതാഷാജിയും കുടുംബവും കോടതി ചെലവ് അടക്കം വീടും സ്ഥലവും വിട്ടുകിട്ടാനായി നല്‍കേണ്ടത് 45 ലക്ഷത്തോളം രൂപ(45.40562 ലക്ഷം രൂപ)
ജപ്തി നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി ഇങ്ങനെ
ജപ്തിക്ക് പിന്നാലെ വീടുവിട്ടിറങ്ങിയ പ്രീതാ ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൂന്നു വര്‍ഷത്തിനകം നടത്തേണ്ട വസ്തുവിന്റെ ലേലം എട്ടു വര്‍ഷം കഴിഞ്ഞ് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍(ഡിആര്‍ടി) നടത്തിയത് നിയമപരമായി നിലനില്‍ക്കില്ല എന്നായിരുന്നു പ്രീതയ്ക്കായി ഹാജരായ അഭിഭാഷകര്‍ വാദിച്ചത്.
സ്ഥലം ജപ്തി ചെയ്താല്‍ മൂന്നു വര്‍ഷത്തിനകം ലേലം ചെയ്യണമെന്ന് മറ്റൊരു കേസില്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. 2005 ലാണ് വായ്പ കുടിശ്ശികയുടെ പേരില്‍ പ്രീതാ ഷാജിയുടെ വീട് ജപ്തി ചെയ്യാന്‍ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ഇതനുസരിച്ച് ലേലം നടന്നത് 2014 ഫെബ്രുവരി 24ന് ആണ്. ട്രൈബ്യൂണല്‍ ഉത്തരവിന് ശേഷം എട്ടുവര്‍ഷം കഴിഞ്ഞ് ലേലം നടത്തിയത് ധനകാര്യ സ്ഥാപനങ്ങളുടെ കടം ഈടാക്കല്‍ നിയമത്തിലെ സെക്ഷന്‍ 29ന്റെയും ഇന്‍കം ടാക്സ് ആക്ടിന്റെ രണ്ടാം ഷെഡ്യൂളിലെ ചട്ടം 688ന്റെയും ലംഘനമാണെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്.
സർഫാസി വിരുദ്ധ ജനകീയസമിതി നേതാവ് വിസി ജെന്നി സംസാരിക്കുന്നു
ഇതിനെ തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പ്രീത ഷാജിയുടെ കുടുംബത്തിന് 2009 വരെയുണ്ടായിരുന്ന കുടിശ്ശിക എത്രയെന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിയമപരമായി ലേലം നടത്താന്‍ അനുവദനീയമായ കാലാവധി 2009 സാമ്പത്തിക വര്‍ഷം അവസാനം തീരേണ്ടതാണെന്ന് വിലയിരുത്തിയാണ് 2009 മാര്‍ച്ച് 31 വരെയുളള കുടിശ്ശിക തുക അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതിനെ തുടര്‍ന്നാണ് വായ്പാ തുകയും പലിശയുമടക്കം 43 ലക്ഷം രൂപ (43,51,362 ലക്ഷം രൂപ) എച്ച്ഡിഎഫ്സി ബാങ്കിന് നല്കിയാല് വീടും സ്ഥലവും തിരികെ ലഭിക്കുമെന്ന കോടതി ഉത്തരവ് ഉണ്ടായത്.
പണം നല്കാന് ഒരു മാസത്തെ സാവകാശമാണ് പ്രീതാഷാജിക്കും കുടുംബത്തിനും കോടതി അനുവദിച്ചത്. നിശ്ചിത സമയത്തിനുളളില്‍ പണം അടച്ചില്ലെങ്കില്‍ ബാങ്കിന് വീണ്ടും ലേലവുമായി മുന്നോട്ട് പോകാം. അതേസമയം ഭൂമി ലേലത്തില്‍ പിടിച്ച രതീഷിന്റെ ഹര്‍ജി കോടതി തളളി. 1,89,000 രൂപ മുമ്പ് ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കണമെന്നും പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും റദ്ദാക്കുന്നതായും ഹൈക്കോടതി അറിയിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
മധുവിന്റെ ആള്‍ക്കൂട്ട കൊലപാതകം കേരളം തലകുനിച്ചിട്ട് ഒരാണ്ട്