ബൈഡനുമായി സഹകരിക്കുമെന്ന് ട്രംപ്; ഒടുവിൽ ട്രാൻസിഷൻ ഫണ്ട് അനുവദിച്ചു; തോൽവി ഇനിയും അംഗീകരിച്ചിട്ടില്ല
ഔദ്യോഗികമായി ജനുവരി 20 ന് സ്ഥാനമേൽക്കുന്നത് വരെ നടപടി ക്രമങ്ങൾക്കായി ട്രാൻസിഷൻ ഫണ്ടും ഔദ്യോഗിക ഓഫീസും അനുവദിച്ചു.
യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുമായുള്ള അധികാര കൈമാറ്റത്തിന് സമ്മതം മൂളി ട്രംപ്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു ആഴ്ചകൾക്ക് ശേഷമാണ് ബൈഡൻ പക്ഷവുമായി സഹകരിക്കാമെന്നു ട്രംപ് അറിയിച്ചത്. അധികാര കൈമാറ്റത്തിനുള്ള നടപടികൾ ആരംഭിച്ചതായും ജനറൽ സർവീസ് അഡ്മിനിസ്ട്രേഷൻ (ജിഎസ്എ) അറിയിച്ചു. ഔദ്യോഗികമായി ജനുവരി 20 ന് സ്ഥാനമേൽക്കുന്നത് വരെ നടപടി ക്രമങ്ങൾക്കായി ട്രാൻസിഷൻ ഫണ്ടും ഔദ്യോഗിക ഓഫീസും അനുവദിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ട്രംപിനോടൊപ്പം ബൈഡനെയും കമല ഹാരിസിനെയും അറിയിക്കും. മിഷിഗണിലെ വിജയിയായി ബൈഡനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജിഎസ്എയുടെ പ്രഖ്യാപനം.
നവംബർ മൂന്നിന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ വ്യാപകമായി ക്രമക്കേട് നടന്നതായി ട്രംപ് ആരോപിച്ചിരുന്നു. വോട്ടെടുപ്പിൽ കൃത്രിമം നടന്നുവെന്നാണ് തെളിവുകൾ പുറത്തു വിടാതെ ട്രംപ് ആരോപിച്ചത്. കേവല ഭൂരിപക്ഷം മറി കടന്ന ബൈഡൻ 306 ഇലക്ടറൽ വോട്ടുകൾ നേടിയിരുന്നു. ട്രംപിന് 232 വോട്ടുകളാണ് ലഭിച്ചത്. ഇത് കൂടാതെ, 60 ലക്ഷത്തിലേറെ പോപ്പുലർ വോട്ടിൻ്റെ ലീഡും ബൈഡനുണ്ട്. പക്ഷേ ബൈഡൻ്റെ തിരഞ്ഞെടുപ്പ് വിജയം ട്രംപ് ഇതുവരെ പരസ്യമായി അംഗീകരിച്ചിട്ടില്ല. എന്നാൽ തിങ്കളാഴ്ച്ച അധികാര കൈമാറ്റത്തിന് ജിഎസ്എയ്ക്ക് നിർദേശം നല്കിയതായി ട്രംപ് ട്വിറ്ററിൽ അറിയിക്കുകയായിരുന്നു.
...fight, and I believe we will prevail! Nevertheless, in the best interest of our Country, I am recommending that Emily and her team do what needs to be done with regard to initial protocols, and have told my team to do the same.
— Donald J. Trump (@realDonaldTrump) November 23, 2020
നിയമനടപടികളിൽ തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ ട്രംപ് പരാജയം അംഗീകരിക്കുകയാണെന്ന സൂചനയാണ് ഇത് നൽകുന്നത്.
നിർണായക സംസ്ഥാനങ്ങളിൽ പരാജയപെട്ട സാഹചര്യത്തിൽ അധികാര കൈമാറ്റത്തിൻ്റെ നടപടി ക്രമങ്ങൾ ആരംഭിക്കാൻ റിപ്പബ്ലിക്കൻ നേതാക്കളും ദേശീയ സുരക്ഷാ വിദഗ്ധരും ട്രംപിനോട് അഭ്യർത്ഥിച്ചിരുന്നു. ട്രംപ് ട്രാൻസിഷൻ ഫണ്ട് അനുവദിക്കുന്നതിനായി കാത്തു നിൽക്കാതെ ബൈഡൻ സുപ്രധാന തസ്തികകളിലേക്ക് ആന്റണി ബ്ലിങ്കൻ അടക്കമുള്ളവരെ നാമനിർദേശം ചെയ്തിരുന്നു. അധികാര കൈമാറ്റം വൈകിപ്പിക്കുന്ന ട്രംപിൻ്റെ നീക്കത്തിനെതിരെ നിരവധി പേർ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ മിഷിഗണിലും പരാജയം നേരിട്ടതോടെയാണ് ട്രംപിൻ്റെ മനംമാറ്റം. എന്നാൽ നിയമനടപടികൾ തുടരുമെന്ന സൂചനയാണ് ട്രംപ് ട്വിറ്ററിലൂടെ നൽകുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!