പരീക്ഷ മാറ്റത്തിന് പിഎസ്സി ഒരുങ്ങുന്നു; നിര്‍ദേശങ്ങള്‍ ഇങ്ങനെ
പരീക്ഷ ഹാളില്‍ മൊബൈല്‍, വാച്ച്, പേഴ്സ് മുതലായവ കയ്യില്‍ വെക്കാന്‍ ഇനി സാധിക്കുകയില്ല. സംശയം തോന്നുന്ന ഉദ്യോഗാര്‍ത്ഥികളെ ദേഹപരിശോധനയ്ക്ക് വിധേയരക്കാനും നിര്‍ദേശമുണ്ട്.
പിഎസ്സി പരീക്ഷ നടത്തിപ്പില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശങ്ങള്‍ നല്കി കൊണ്ട് കരട് റിപ്പോര്‍ട്ട്. ചോദ്യപേപ്പര്‍ തട്ടിപ്പ് വിവാദമായതിനെ തുടര്‍ന്നാണ് പി എസ് സി പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. പരീക്ഷ ഹാളില്‍ മൊബൈല്‍, വാച്ച്, പേഴ്സ് മുതലായവ ഇനി മുതല്‍ കയ്യില്‍ കരുതാന്‍ സാധിക്കില്ല. പരീക്ഷാഹാളില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് അധികൃതര്‍ക്കും വിലക്കുണ്ട്.15 മിനിറ്റ് മുന്‍പ് മാത്രമേ പരീക്ഷാഹാളില്‍ ഉദ്യോഗാര്‍ത്ഥികളെ ഇനി കയറ്റൂ. ഉദ്യോഗാര്‍ത്ഥിയെ സംശയമുണ്ടെങ്കില്‍ ദേഹപരിശോധന നടത്താനും അനുവാദമുണ്ട്. ചോദ്യപേപ്പറിന്റെ കവര്‍ പരീക്ഷയ്ക്ക് പത്തു മിനുട്ട് മുന്‍പ് മാത്രമേ പൊട്ടിക്കാവൂ തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് പി എസ് സിയുടെ കരട് റിപ്പോര്‍ട്ടിലുള്ളത്.
മൊബൈല്‍ ഫോണ്‍ പരീക്ഷ ഹാളിന് പുറത്ത് വെക്കാനും വിലക്കുണ്ട്. നേരത്തെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു കയ്യില്‍ വെക്കുകയോ ഇന്‍വിജിലേറ്ററുടെ കയ്യില്‍ കൊടുക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍ പുതിയ നിര്‍ദേശപ്രകാരം പരീക്ഷ കേന്ദ്രങ്ങളില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി ക്ലോക്ക് റൂം ക്രമീകരിക്കണം. ഇതിനായി ഇരുന്നൂറു രൂപ നിരക്കില്‍ ആളെ കാവല്‍ നിര്‍ത്താവുന്നതാണ്. പരീക്ഷ നടക്കുമ്പോള്‍ ചീഫ് സൂപ്രണ്ട്, അഡീഷണല്‍ ചീഫ് സൂപ്രണ്ട് എന്നിവര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമേ മൊബൈല്‍ ഉപയോഗിക്കാന്‍ പാടുള്ളു. ഇന്‍വിജിലേറ്റര്‍ പരീക്ഷാഹാളില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല.
പരീക്ഷ നടക്കുന്ന കേന്ദ്രത്തിനുള്ളില്‍ ഉദ്യോഗാര്‍ത്ഥികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ രേഖ, നീല/ കറുത്ത ബാള്‍പോയിന്റ് പേന, അഡ്മിഷന് ടിക്കറ്റ് എന്നിവ മാത്രമേ പരീക്ഷഹാളില്‍ കൊണ്ട് പോകാന്‍ സാധിക്കുകയുള്ളു.
ചീഫ് സൂപ്രണ്ടിനായിരിക്കും പരീക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തം. ഇന്‍വിജിലേറ്റര്‍മാരായി അധ്യാപകരെ നിയമിക്കാനാണ് കരട് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കാനും നിര്‍ദേശമുണ്ട്. ഇവര്‍ പരീക്ഷ കഴിയും വരെ ഹാളില്‍ ഉണ്ടായിരിക്കണം. ഇന്‍വിജിലേറ്റര്‍മാര്‍ ഉദ്യോഗാര്‍ഥികളുടെ തിരിച്ചറിയല്‍ രേഖയും ഒപ്പും പരിശോധിച്ചു ഒരാളാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ ഒ എം ആര് ഷീറ്റ് നല്‍കാവൂ.
പരീക്ഷ തുടങ്ങിയാല്‍ ഉടനെ ക്ലാസ്സ് റൂം അലോട്ട്മെന്റ് ലിസ്റ്റ് നീക്കം ചെയ്തതിനു ശേഷം പരീക്ഷ കേന്ദ്രത്തിലെ ഗേറ്റ് അടക്കാനും നിര്‍ദേശമുണ്ട്. ഇന്‍വിജിലേറ്റര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ വേറെയുമുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!