രാഹുലിന്റെ 'കൈയ്ക്ക്' ശക്തിപകരണമെന്ന് ഇടത് സ്ഥാനാര്‍ത്ഥി
കഴിഞ്ഞ ദിവസം തിരൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷനിലാണ് അന്‍വറിന്റെ രാഹുല്‍ ഗാന്ധി പ്രസംഗം അരങ്ങേറിയത്. രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ തനിക്ക് വോട്ട് ചെയ്യണമെന്നാണ് അദ്ദേഹം പറഞ്ഞുവെച്ചത്.
രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി വോട്ട് അഭ്യര്‍ത്ഥിച്ച് പൊന്നാനിയിലെ ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍. യുഡിഎഫിന്റെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് പിന്നാലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി.വി അന്‍വറാണ് രാഹുല്‍ ഗാന്ധിയുടെ പേരെടുത്ത് പറഞ്ഞ് വോട്ടുതേടുന്നത്. കഴിഞ്ഞ ദിവസം തിരൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷനിലാണ് അന്‍വറിന്റെ രാഹുല്‍ ഗാന്ധി പ്രസംഗം അരങ്ങേറിയത്. രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ തനിക്ക് വോട്ട് ചെയ്യണമെന്നാണ് അദ്ദേഹം പറഞ്ഞുവെച്ചത്.
രാഹുല്‍ ഗാന്ധിക്ക് ശക്തി പകരാനും മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനും ഇടതുപക്ഷം വിജയിക്കണം. തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ കൂടുതല്‍ അംഗങ്ങളുളള പാര്‍ട്ടിയെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതി ക്ഷണിക്കുക. ഇടതുപക്ഷം പിന്തുണ നല്കുന്ന സര്‍ക്കാര്‍ ആയിരിക്കും കേന്ദ്രം ഭരിക്കുകയെന്നും അന്‍വര്‍ പ്രസംഗത്തില്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായ പൊന്നാനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് പരമാവധി വോട്ട് സമാഹരിക്കാനാണ് അന്‍വറിന്റെ ശ്രമം.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആദ്യം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മത്സരത്തിനൊരുങ്ങിയ മുസ്ലിംലീഗാകട്ടെ പൊന്നാനിയില്‍ ആദ്യഘട്ട പ്രചാരണത്തിന്റെ അവസാനലാപ്പിലാണ്. സിറ്റിങ് എംപിയായ ഇ.ടി മുഹമ്മദ് ബഷീര്‍ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയും യുപിഎ വീണ്ടും അധികാരത്തില്‍ എത്തേണ്ടതിന്റെ ആവശ്യകതയും രാഹുലിനെയും പരാമര്‍ശിച്ചാണ് വോട്ട് തേടുന്നത്. പരസ്പരം മത്സരിക്കുന്ന ഇരുസ്ഥാനാര്‍ത്ഥികളും രാഹുല്‍ ഗാന്ധിയുടെ പേര് പറഞ്ഞ് വോട്ട് തേടുന്നത് നാളിതുവരെയില്ലാത്ത തിരഞ്ഞെടുപ്പ് കൗതുകം കൂടിയാണ്.
മുന്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടിയായിരുന്ന അന്‍വര്‍ എല്‍ഡിഎഫിനെതിരെ സ്വതന്ത്രനായി മത്സരിച്ചാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. വൈകാതെ സിപിഐഎം പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്രനായി നിയമസഭയിലും എത്തി. 2011ല്‍ മലപ്പുറത്തെ ഏറനാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച പി.വി അന്‍വര്‍ 47,000 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്തി. എല്‍ഡിഎഫിന്റെ സിപിഐ സ്ഥാനാര്‍ത്ഥി അഷ്റഫലി കാളിയത്തിന് ഇവിടെ കെട്ടിവെച്ച കാശ് പോലും ലഭിച്ചില്ല.
സിപിഐഎം അന്‍വറിനായി വോട്ട് മറിച്ചുവെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. പിന്നീട് വയനാട് ലോക്സഭാ തിരഞ്ഞെടുപ്പിലാണ് അന്‍വര്‍ സ്വതന്ത്രനായി മത്സരിച്ചത്. 37,000 വോട്ടുകള്‍ അദ്ദേഹം നേടുകയും ചെയ്തു. ഇതിന് ശേഷമാണ് സിപിഐഎമ്മുമായി പരസ്യമായ ബന്ധത്തിലേക്ക് അന്‍വര്‍ എത്തുന്നതും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് എംഎല്‍എയാകുന്നതും. കക്കാടം പൊയിലിലെ അമ്യൂസ്മെന്റ് പാര്‍ക്കിലെ അനുമതിയില്ലാത്ത അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, സാമ്പത്തിക തട്ടിപ്പ് എന്നിങ്ങനെ നിരവധി ആരോപണങ്ങളും കേസുകളും നിലവില്‍ അന്വറിനെതിരെയുണ്ട്.
1977 മുതല്‍ മുസ്ലിം ലീഗിന്റെ വിജയക്കൊടി പാറുന്നയിടമാണ് പൊന്നാനി നിയോജക മണ്ഡലം. 2009ല്‍ 82,000ത്തില്‍ അധികം വോട്ട് നേടി വിജയിച്ച ഇ.ടി മുഹമ്മദ് ബഷീറിന് കഴിഞ്ഞതവണ ലഭിച്ച ഭൂരിപക്ഷമാകട്ടെ വെറും 25,410 മാത്രമായിരുന്നു. നാല് തവണ എംഎല്‍എയായിരുന്ന ഇ.ടി മുഹമ്മദ് ബഷീര്‍ 1991-96 കാലയളവില്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. ലോക്സഭയിലേക്ക് മൂന്നാം തവണയാണ് ഇ.ടി മുഹമ്മദ് ബഷീര്‍ മത്സരത്തിന് ഇറങ്ങുന്നത്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി,താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നി നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് പൊന്നാനി ലോക്സഭാ മണ്ഡലം.