ആര് പറഞ്ഞതാണെങ്കിലും അംഗീകരിക്കുന്നില്ല, നിർഭാഗ്യകരം; കമൽനാഥിൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളി രാഹുൽ ഗാന്ധി
കഴിഞ്ഞ ഞായറാഴ്ച്ച ഗ്വാളിയാറിലെ ദബ്റ മണ്ഡലത്തിൽ പ്രചരണം നടത്തുന്നതിനിടയിലാണ് കമൽനാഥ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.
മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥിൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച് രാഹുൽ ഗാന്ധി. ബിജെപി സ്ഥാനാർത്ഥിയായ ഇമർതി ദേവിക്കെതിരെ കമൽനാഥ് നടത്തിയ പരാമർശം നിർഭാഗ്യകരമാണെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. കമൽനാഥ് ഉപയോഗിച്ച തരത്തിലുള്ള ഭാഷ താൻ ഇഷ്ടപെടുന്നില്ലെന്നും പരാമർശം അംഗീകരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
#WATCH Kamal Nath ji is from my party but personally, I don't like the type of language that he used...I don't appreciate it, regardless of who he is. It is unfortunate: Congress leader Rahul Gandhi on the former Madhya Pradesh CM's "item" remark pic.twitter.com/VT149EjHu0
— ANI (@ANI) October 20, 2020
'കമൽനാഥ് ജി എൻ്റെ പാർട്ടിയിൽ നിന്നുള്ളയാളാണ്. എന്നാൽ വ്യക്തിപരമായി, അദ്ദേഹം ഉപയോഗിച്ച തരത്തിലുള്ള ഭാഷ ഞാൻ ഇഷ്ടപെടുന്നില്ല. അത് ആര് പറഞ്ഞതാണെങ്കിലും ഞാൻ അംഗീകരിക്കുന്നില്ല. അത് നിർഭാഗ്യകരമാണ്', രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കമൽ നാഥിൻ്റെ പരാമർശം വിവാദമായതിനെ തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സോണിയ ഗാന്ധിയ്ക്ക് കത്തെഴുതിയിരുന്നു. പരാമർശത്തിൽ പ്രതിഷേധിച്ചു ശിവരാജ് സിംഗ് ചൗഹാൻ, ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമർ അടക്കമുള്ളവർ കഴിഞ്ഞ ദിവസം നിശബ്ദ സമരവും സംഘടിപ്പിച്ചിരുന്നു.
പരാമർശത്തിൽ നടപടി എടുക്കണമെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ഇമർതി ദേവിയും അഭ്യർത്ഥിച്ചിരുന്നു. കോൺഗ്രസ് മന്ത്രിസഭയിൽ അംഗമായിരുന്ന ഇമർതി ദേവി ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് ബിജെപിയിലേക്ക് ചുവട് മാറ്റിയത്.
കഴിഞ്ഞ ഞായറാഴ്ച്ച ഗ്വാളിയാറിലെ ദബ്റ മണ്ഡലത്തിൽ പ്രചരണം നടത്തുന്നതിനിടയിലാണ് കമൽനാഥ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. പ്രസംഗത്തിനിടയിൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇമർതി ദേവിയെ ഐറ്റം എന്ന് കമൽനാഥ് വിളിച്ചു. 'ഞങ്ങളുടെ സ്ഥാനാർഥി സൗമ്യമായ സ്വഭാവം ഉള്ള വ്യക്തിയാണ്. എന്നാൽ അവർ അങ്ങനെയല്ല. എന്തായിരുന്നു അവരുടെ പേര്? എന്തിനാണ് ഞാൻ അവരുടെ പേര് വിളിക്കുന്നത്. എന്നെക്കാൾ നന്നായി നിങ്ങൾക്ക് അവരെ അറിയാം. എന്തൊരു ഐറ്റമാണ്', കമൽ നാഥ് പറഞ്ഞതിങ്ങനെ. വിവാദ പരാമർശത്തിൽ ഇതുവരെയും കമൽനാഥ് മാപ്പ് പറഞ്ഞിട്ടില്ല. ബിജെപി സ്ഥാനാർത്ഥിയുടെ പേര് ഓർമിക്കാൻ കഴിയാതെ വന്നപ്പോൾ സാധാരണയായി ഉപയോഗിക്കുന്ന പദം ഉപയോഗിച്ചതാണെന്നും അപമാനിച്ചതല്ലെന്നും കമൽനാഥ് ന്യായീകരണമായി പറഞ്ഞിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!