രാഹുൽ ഗാന്ധി അടിമുടി മാറുന്നു, ലോക്സഭയില്‍ പതിവ് വിട്ട് ചോദ്യങ്ങളുന്നയിക്കും
കഴിഞ്ഞ ലോക്സഭാ കാലയളവില്‍ (2014-19) 1.42 ലക്ഷം ചോദ്യങ്ങള്‍ ഉന്നയിക്കപ്പട്ടിരുന്നു. ഇതില്‍ ഒന്നുപോലും രാഹുല്ഗാന്ധിയുടേതായിരുന്നില്ല.
ലോക്സഭയുടെ ശീതകാല സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ റോള്‍ മുന്‍കാലങ്ങളില്‍നിന്ന് ചിലതുകൊണ്ട് വ്യത്യസ്തമാകും. രാഹുല്‍ ചോദ്യങ്ങള്‍ ഉന്നയിക്കും എന്നതുകൊണ്ടാണ് അത്. അത്ഭുതപ്പെടേണ്ട. കഴിഞ്ഞ ലോക്സഭയില്‍ രാഹുല്‍ ഒരു ചോദ്യം പോലും ഉന്നയിച്ചിരുന്നില്ല. എന്നുവച്ച് ലോക്സഭയില്‍ മിണ്ടാതിരുന്നു എന്നല്ല അര്‍ത്ഥം. ചോദ്യോത്തരങ്ങളില്‍ ഒന്നും ഉണ്ടായില്ല എന്നതാണ്. ഇത്തവണ, 17ാം സഭയില്‍ അങ്ങനെയല്ല. കുറേ ചോദ്യങ്ങളുമായാണ് രാഹുല്‍ സഭയില്‍ എത്തുന്നത്. 10 ചോദ്യങ്ങള്‍ ഈ ആഴ്ചയില്‍ മാത്രം ലിസ്റ്റ് ചെയ്തിട്ടുണ്ട്.
വയനാട് എംപി കൂടിയായ രാഹുലിന്റെ ചോദ്യങ്ങള്‍ ഏറെയും സ്വന്തം മണ്ഡലത്തെയും കേരളത്തെയും കുറിച്ചുള്ളതാണ്. ആദിവാസികള്‍ കൂടുതല്‍ ഉള്ള മണ്ഡലമാണ് വയനാട്. പ്രളയദുരിതം അനുഭവിക്കുന്ന ആദിവാസികളുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ എന്ത് ചെയ്തുവെന്നാണ് ആദിവാസിക്ഷേമ മന്ത്രാലയത്തോടുള്ള ചോദ്യം. പ്രളയാഘാതം മറികടക്കാന്‍ കേരളത്തിന് നല്കിയ സാമ്പത്തിക സഹായത്തെ കുറിച്ച് ധനമന്ത്രാലയത്തോട് ചോദ്യമുണ്ട്. കേരളത്തിനൊപ്പം ബിഹാറിനും കര്‍ണാടകത്തിനും നല്കിയ സഹായവും ചോദ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഗ്രാമവികസന മന്ത്രാലയത്തോടാണ് മറ്റൊരു ചോദ്യം. പ്രധാനമന്ത്രി ഗ്രാമ സടക് യോജന മൂന്നാംഘട്ടം അനുസരിച്ച് കേരള സര്‍ക്കാരിന്റെ പദ്ധതികള്‍ ലഭിച്ചിട്ടുണ്ടോ എന്നതാണ് ആ ചോദ്യം. കൂടാതെ കേരളത്തിലേത് അടക്കം വിവിധ ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് വേണ്ടി എന്ത് നടപടികളാണ് എടുത്തിട്ടുള്ളത് എന്ന ചോദ്യവും വരുന്നു. റയില്‍വെ മന്ത്രാലയത്തോടുമുണ്ട് ചോദ്യം. ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ചും റയില്‍വെയിലെ കരാര്‍ ജീവനക്കാരുടെ സ്ഥിതിയെ കുറിച്ചുമാണ് ചോദ്യങ്ങള്‍.
ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തോടാണ് മറ്റൊരു ചോദ്യം. ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ എണ്ണം കുറയുന്നതിനെ കുറിച്ചാണ് ഒരു ചോദ്യം. ക്രഡിറ്റ് ഗ്യാരന്റീ സംവിധാനത്തിന്റെ വിശദാംശങ്ങള്‍ ആരായുന്നതാണ് മറ്റൊരു ചോദ്യം.
കഴിഞ്ഞ ലോക്സഭാ കാലയളവില്‍ (2014-19) 1.42 ലക്ഷം ചോദ്യങ്ങള്‍ ഉന്നയിക്കപ്പട്ടിരുന്നു. ഇതില്‍ ഒന്നുപോലും രാഹുല്ഗാന്ധിയുടേതായിരുന്നില്ലെന്ന് ലോക്സഭാ രേഖകള്‍ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ 14 ചര്‍ച്ചകളില്‍ രാഹുല്‍ ഗാന്ധി ഭാഗമാവുകയുണ്ടായി.
എംപി എന്ന നിലയിലെ ആദ്യടേമില്‍ 2004-09ല്‍ മൂന്ന് ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. മൂന്നും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതായിരുന്നു. 2009-14ലെ രണ്ടാം ടേമില്‍ യുഐഡിയുമായി ബന്ധപ്പെട്ട് ഒരു ചോദ്യം രാഹുല്‍ ചോദിച്ചു. 2012 മാര്‍ച്ചില്‍ ആയിരുന്നു അത്. 2014-19ലെ മൂന്നാം ടേമില്‍ ഒറ്റ ചോദ്യം പോലും ഉന്നയിച്ചിരുന്നില്ല.