പ്രശ്നം CSK യുമായിട്ടല്ല; ശ്രീനിവാസൻ എനിക്ക് അച്ഛനെപ്പോലെ, അച്ഛന് മകനെ ശാസിച്ചൂടേ?
അദ്ദേഹത്തിന്റെ മകനെ പോലെയാണ് അദ്ദേഹം എന്നെ കാണുന്നത്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണെന്ന് വിശ്വസിക്കുന്നു. റെയ്ന പറഞ്ഞത് ഇങ്ങനെ.
ഐപിഎല്ലിന്റെ പതിമൂന്നാം സീസൺ ദുബായിൽ തുടങ്ങാനിരിക്കെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി ചെന്നൈ സൂപ്പര്‍ കിങ്സ് വിട്ട് സൂപ്പർ താരം സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയത്. ഇത് ചെന്നൈ സൂപ്പര്‍ കിങ്സിനു ആഘാതമായി മാറുകയും ചെയ്തു. ചെന്നൈയുടെ എല്ലാ സീസണുകളിലേയും മികച്ച താരങ്ങളിലൊരാളായ റെയ്ന ചെന്നൈയുടെ തുടക്കം മുതലേ ഉള്ള കളിക്കാരിലൊരാളാണ്.
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ നിന്നു റെയ്ന വിട്ടുനില്‍ക്കുന്നതായി അറിയിച്ചത്. എന്നാൽ ഇപ്പോഴും റെയ്ന എന്തുകൊണ്ടാണ് അപ്രതീക്ഷിതമായി പിൻമാറിയതെന്നതിന്റെ ഊഹാപോഹങ്ങൾ അവസാനിച്ചിട്ടില്ല.
സിഎസ്കെയില്‍ രണ്ടു താരങ്ങളുള്‍പ്പെടെ 13 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതാണ് റെയ്നയുടെ പിന്മാറ്റത്തിനു പിന്നിലെന്നായിരുന്നു ആദ്യത്തെ സൂചനകള്‍. എന്നാല്‍ ഇന്ത്യയില്‍ സ്വന്തം കുടുംബാംഗങ്ങളെ മോഷ്ടാക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഇതില്‍ അസ്വസ്ഥനായാണ് താരം നാട്ടിലേക്കു മടങ്ങിയതെന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റെയ്നയുടെ പിൻമാറ്റത്തിനുള്ള കാരണം ഇതൊന്നുമല്ലെന്ന് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് ഔട്ട്ലുക്ക്. സിഎസ്കെ ടീമിലെ തര്‍ക്കവും ഇതേ തുടര്‍ന്നു ഉടക്കിയുമാണ് റെയ്ന ടീം വിട്ടതെന്നുമാണ് ഔട്ട്ലുക്ക് റിപ്പോർട്ട് ചെയ്യുന്നത്.
നാട്ടിലേക്കു മടങ്ങിയതിന്റെ പേരില്‍ സൂപ്പര്‍ താരം സുരേഷ് റെയ്ന വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ടീമുടമ എന്‍ ശ്രീനിവാസന് റെയ്നയ്ക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റര്‍മാര്‍ പഴയ കാലത്തെ നടീ നടന്മാരെപ്പോലെ താനാണ് ഏറ്റവും വലിയവനെന്നു നടിക്കുന്നവരും എളുപ്പം പ്രകോപിതരാവുന്നവരുമാണെന്ന് സിഎസ്കെ ഉടമ ശ്രീനിവാസന് അന്ന് പ്രസ്താവിച്ചത്. റെയ്ന എന്തുതന്നെയായാലും തനിക്ക് നഷ്ടപ്പെടാൻ പോവുന്ന സീസണിലെ ഭീമമായ തുകയെക്കുറിച്ച് ബോധവാനാവും എന്നതുറപ്പാണ്. ശ്രീനിവാസൻ ഓർമിപ്പിച്ചു.
എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. റെയ്ന ഫോണില്‍ വിളിച്ച എല്ലാ കാര്യങ്ങളും വിശദീകരിച്ചതോടെയാണ് തെറ്റിദ്ധാരണ നീങ്ങിയത്. ശ്രീനിവാസന് തനിക്കു അച്ഛനെപ്പോലെയാണെന്നും അച്ഛന് മകനെ ശകാരിക്കാമെന്നും ഐപിഎല്ലിന്റെ ഈ സീസണില്‍ താന്‍ കളിക്കാനുള്ള സാധ്യത ഇനിയും തള്ളിക്കളനാവായില്ലെന്നും റെയ്ന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അദ്ദേഹം എനിക്ക് അച്ഛനെ പോലെയാണ്. അദ്ദേഹം എപ്പോഴും എനിക്കൊപ്പം നിന്ന ആളാണ്. അദ്ദേഹത്തിന്റെ മകനെ പോലെയാണ് അദ്ദേഹം എന്നെ കാണുന്നത്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണെന്ന് വിശ്വസിക്കുന്നു. റെയ്ന പറഞ്ഞത് ഇങ്ങനെ.
ഒരു അച്ഛന് മകനെ ശാസിക്കാനുള്ള അധികാരമുണ്ട്. അദ്ദേഹം ഞാൻ ക്യാംപ് വിട്ടതിന്റെ ശരിക്കുമുള്ള വിവരങ്ങൾ അറിയാതെയാണ് അത്തരം പ്രസ്താവനകൾ ഇറക്കിയത്. അദ്ദേഹത്തോട് ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അതിനു ശേഷം എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. റെയ്ന കൂട്ടിച്ചേർത്തു.
സിഎസ്കെ ക്യാംപ് വിട്ടത് തീർത്തും വ്യക്തിപരമായ കാര്യമാണ്. ചെന്നെെ ടീം എന്റെ കുടുംബം പോലെയാണ് മഹി ബായ് എന്റെ ജീവിതത്തിലെ പ്രധാനഭാഗമാണ്. ചെന്നൈ വിടുക ഏറ്റവും ദുഷ്കരമായ തീരുമാനമായിരുന്നു. റെയ്ന പറയുന്നു.
എന്റെ പ്രശ്നം ചെന്നൈയുമായല്ല. ആരും 12.5 കോടി കളഞ്ഞ് മാറിനിൽക്കില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും 4- 5 സീസൺ IPL കളിക്കാൻ ആഗ്രഹമുണ്ട്. റെയ്ന മനസ് തുറക്കുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!