ദിവസവും രാവിലെ എണീറ്റ് ജോലിക്ക് പോകാന്‍ പോലും മടിയുള്ളവരാണ് മിക്കവരും. പക്ഷേ ഈ മനുഷ്യന് വ്യത്യസ്തനാണ്.
പഠിച്ചു കഴിഞ്ഞാല്‍ ജോലി നേടാനുള്ള ബദ്ധപ്പാടിലാണ് മിക്കവരും. ജോലി കിട്ടി കഴിഞ്ഞാലോ അവധിയെടുത്തു ജീവിതം കൂടുതല്‍ ആസ്വദിക്കണമെന്ന ചിന്തയും. ലീവ് എടുത്ത് യാത്രകള്‍ പോകുന്നവരുമുണ്ട്. എന്തിനേറെ, ദിവസവും രാവിലെ എണീറ്റ് ജോലിക്ക് പോകാന്‍ പോലും മടിയുള്ളവരാണ് മിക്കവരും. എന്നാല്‍ റാസല്‍ഖൈമയിലെ പൊലീസ് ഉദ്യോഗസ്ഥന് ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തനാണ്.
ഒരോറ്റ അവധി പോലും എടുക്കാതെ 43 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് അബ്ദുല്‍ റഹ്മാന് ഒബൈദ് അല്‍ തുനാജി. റാക് പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്മെന്റിലെ നോണ്‍ കമ്മീഷന്‍ഡ് ഓഫിസറാണ് അല്‍ തുനാജി.
ഒരു ദിവസം പോലും ലീവ് എടുക്കാതെ സ്തുതര്‍ഹ്യമായ സേവനം ചെയ്ത അല്‍ തുനാജിയെ റാക് പൊലീസിന്റെ ജനറല്‍ കമാന്‍ഡര്‍ ആദരിക്കുകയും ചെയ്തു. പ്രൊഫഷണലിസത്തിലും സമയനിഷ്ഠയിലും അല്‍ തുനാജി എല്ലായിപ്പോഴും ഒരു മാതൃകയാണെന്ന് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുമൈമി പറയുന്നു. കൂടാതെ, അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അര്‍പ്പണബോധവും വകുപ്പിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ളതായും ജനറല്‍ കമാന്‍ഡര്‍ പറഞ്ഞു.
'ഞാന്‍ എന്റെ കടമ മാത്രമാണ് നിര്‍വഹിച്ചത്', യുഎഇ നേതൃത്വത്തിന്റെ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദിപറഞ്ഞ അല്‍ തുനാജിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.