കാഴ്ചയില്ലാത്തവർക്ക് ആപ്പുമായി ആർബിഐ; പ്ലേ സ്റ്റോറിൽ കിട്ടാൻ ഇനി ആര് കണ്ണ് തുറക്കണം?
ആപ്പ് കണ്ടെത്താൻ സാധിക്കുന്നില്ലായെന്ന് പറഞ്ഞു നിരവധി പേരാണ് ആർബിഐയുടെ ട്വീറ്റിൽ കമന്റ് ചെയ്തിരിക്കുന്നത്.
കാഴ്ചയില്ലാത്തവർക്ക് നോട്ടുകളുടെ മൂല്യം തിരിച്ചറിയാൻ സാധിക്കുന്ന ആപ്പ് ആർബിഐ പുറത്തിറക്കിയത് ജനുവരി ഒന്നിനാണ്. മൊബൈൽ എയ്ഡഡ് നോട്ട് ഐഡന്റിഫൈർ അഥവാ മണി (MANI) എന്നാണ് അപ്ലിക്കേഷന്റെ പേര്. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽപ്പിന്നെ ഇന്റർനെറ്റ് ഇല്ലെങ്കിലും ആപ്പ് ഉപയോഗിക്കാൻ സാധിക്കും. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മണി ആപ്പ് സൗജന്യമായി ലഭിക്കുമെന്നാണ് ആർബിഐ ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാൽ ആൻഡ്രോയിഡിൽ ആപ്പ് കണ്ടു കിട്ടാൻ പാടാണെന്ന് ചൂണ്ടിക്കാട്ടി ആളുകൾ രംഗത്തെത്തി കഴിഞ്ഞു.
RBI Governor @DasShaktikanta today launched a mobile application MANI (Mobile Aided Note Identifier) to aid visually impaired persons in identifying denomination of currency notes. The app can be freely downloaded from Android Play Store and iOS App Store
— ReserveBankOfIndia (@RBI) January 1, 2020
#rbitoday #rbigovernor pic.twitter.com/YXUzP3MBxt
മണി എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്താലും ആപ്പ് കിട്ടാത്ത അവസ്ഥയാണുള്ളത്. മണി മൊബൈൽ എയ്ഡഡ് നോട്ട് ഐഡന്റിഫൈർ എന്ന് ഇംഗ്ലീഷിൽ മുഴുനീളത്തിൽ ടൈപ്പ് ചെയ്താലാണ് പ്ലേ സ്റ്റോറിൽ ആപ്പ് ലഭിക്കുന്നത്. അല്ലെങ്കിൽ ഹിന്ദിയിൽ മണി എന്ന് എഴുതുകയും അതിന് ശേഷം ആർബിഐ എന്ന് ഇംഗ്ലീഷിൽ കൂടി ടൈപ്പ് ചെയ്യണം എന്നാലേ ഇതെഴുതുമ്പോൾ വരെ ആപ്പ് ലഭിക്കുന്നുള്ളൂ. വെറുതെ മണി എന്നോ ആർബിഐ എന്നോ കൊടുത്താൽ അപ്ലിക്കേഷൻ ലഭിക്കണമെന്നില്ല. മണി ആർബിഐ എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്താൽ കുറച്ചു താഴെയായി സെർച്ചിൽ വരും. ആപ്പ് കണ്ടെത്താൻ സാധിക്കുന്നില്ലായെന്ന് പറഞ്ഞു നിരവധി പേരാണ് ആർബിഐയുടെ ട്വീറ്റിൽ കമന്റ് ചെയ്തിരിക്കുന്നത്.
അപ്ലിക്കേഷൻ കണ്ടെത്തി ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ മൊബൈൽ ഫോണിലെ ക്യാമറ വഴി കറൻസി നോട്ട് സ്കാൻ ചെയ്യാൻ സാധിക്കും. ഇംഗ്ലീഷിലും ഹിന്ദിയും ശബ്ദ നിർദേശങ്ങൾ ലഭിക്കും. എന്നാൽ കറൻസി വ്യാജമാണോ അല്ലയോ എന്ന് ആപ്പ് വഴി തിരിച്ചറിയാൻ കഴിയുകയില്ല. ഇതും ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നോട്ടിൻ്റെ ഒരു വശം മാത്രമേ സ്കാൻ ചെയ്യാൻ സാധിക്കുന്നുള്ളുവെന്ന പരാതിയുമുണ്ട്. ഭാവിയിൽ നോട്ട് ബ്രെയ്ലി ലിപിയിൽ കൂടി പ്രിന്റ് ചെയ്യണമെന്ന നിർദേശവും ഒരാൾ നൽകിയിട്ടുണ്ട്.
നോട്ട് നിരോധനത്തിന് ശേഷം പുതിയ ഡിസൈനുകളിൽ പല മൂല്യങ്ങളിലുള്ള നോട്ടുകൾ ആർബിഐ പുറത്തിറക്കിയിരുന്നു. പല നിറങ്ങളും വലുപ്പത്തിലുമുള്ള നോട്ടുകളും അവയുടെ മൂല്യവും കാഴ്ചാ പരിമിതിയുള്ളവർക്ക് തിരിച്ചറിയാൻ പ്രയാസമുണ്ടാക്കിയിരുന്നതായും പരാതികൾ ഉയർന്നിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!