റീ ബില്‍ഡ് കേരളയുടെ ഭാഗമായിട്ടാണ് ഹരിത ഇടനാഴി വരുന്നത്. സംസ്ഥാനത്തെ വിവിധ മേഖലകളിലായി ഗ്രീന്‍ ബസ് ഇടനാഴികള്‍ സ്ഥാപിക്കാനാണ് ആലോചന. നേരത്തെ ഒമ്പത് തീരദേശ ജില്ലകളെ ബന്ധിപ്പിച്ച് ഹരിത ഇടനാഴി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നത് ഏറെ വിവാദമായിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലായി ഗ്രീന്‍ ബസ് ഇടനാഴികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചന. റീ ബില്‍ഡ് കേരളയുടെ ഭാഗമായി ഗതാഗതമേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഹരിത ഇടനാഴികള്‍ തയ്യാറാക്കുക. പത്തനംതിട്ട, എറണാകുളം എന്നി ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കാര്‍ബണ്‍ ന്യൂട്രല്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ശബരിമല പാതയില്‍ 19 കിലോമീറ്ററും പൂത്തോട്ട, അങ്കമാലി റൂട്ടില്‍ 48 കിലോമീറ്ററിലും ഇ ബസ് കോറിഡോര്‍ ആക്കുകയാണ് ലക്ഷ്യമിടുന്നത്. മുനമ്പം, ഗോശ്രീ റൂട്ടിലും ഇ ബസ് ഏര്‍പ്പെടുത്തും. കാര്‍ബണ്‍ മലിനീകരണം കുറക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ആവിഷ്കരിച്ചാണ് കാര്‍ബണ്‍ ന്യൂട്രല്‍ പദവി സ്വന്തമാക്കുന്നത്. ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്താവാന്‍ നിലവില്‍ വയനാട് ജില്ലയിലെ മീനങ്ങാടിയില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.
പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കാനും ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കാനുമായി പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന റീബില്‍ഡ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഹരിത ഇടനാഴികള്‍ വരിക. നേരത്തെ റീ ബില്‍ഡ് കേരളക്കായി ലോകബാങ്കിന്റെ സഹായം മുഖ്യമന്ത്രി തേടിയിരുന്നു. ലോകബാങ്കിന്റെ 45 ഓളം അംഗങ്ങള്‍ കേരളത്തിലെത്തി, തുടര്‍ന്ന് സംസ്ഥാനം വിശദമായ പദ്ധതി രേഖ സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷം ഇന്ത്യയിലെ ആദ്യ സ്റ്റേറ്റ് പാര്‍ട്ണറായി കേരളത്തെ ലോകബാങ്ക് ജൂലൈയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. റെസിലൈന്റ് കേരള ഇനിഷ്യേറ്റീവ് എന്നറിയപ്പെടുന്ന പങ്കാളിത്ത പദ്ധതിയാണ് ലോകബാങ്ക് പിന്തുണയോടെ കേരളത്തില്‍ നടപ്പാക്കുന്നത്.
പദ്ധതിതുകയായ 500 മില്യണ്‍ ഡോളറില്‍ 250 മില്യണ്‍ ആദ്യ ഘട്ട വായ്പയായി അനുവദിക്കുകയും ചെയ്തു. ഈ പദ്ധതിയില്‍ സംസ്ഥാനത്ത് ഉടനീളം ഹരിത ഇടനാഴികള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ കുറയ്ക്കാന്‍ നടപടി സ്വീകരിക്കുക, ഏറ്റവും പ്രധാനപ്പെട്ട റോഡുകള്‍ പുനഃക്രമീകരിക്കുക, റോഡുകള്‍ ഇന്‍ഷ്വര്‍ ചെയ്യുക, നഗരങ്ങളുടെ മാസ്റ്റര്‍ പ്ലാനുകള്‍ പരിഷ്കരിക്കാന്‍ കമ്മിറ്റി രൂപീകരിക്കുക എന്നിങ്ങനെയുളള നടപടികളും പദ്ധതിയില്‍ പറയുന്നുണ്ട്.
ഹരിത ഇടനാഴിക്കൊപ്പം പുതുതലമുറ ട്രാം പദ്ധതിയും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. തോപ്പുംപടിക്കും ഗോശ്രീക്കും ഇടയിലാണ് പുതുതലമുറ ട്രാം ആലോചിക്കുന്നത്. 1000 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളിലെയും മത്സ്യബന്ധന തുറമുഖങ്ങളെയും സമീപ കേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് പുതിയൊരു റോഡ് ശ്യംഖല സ്ഥാപിക്കാനായിരുന്നു തീരദേശ ഹരിത ഇടനാഴി പദ്ധതിയില്‍ ആലോചിച്ചിരുന്നത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ നിന്നും പദ്ധതി നടപ്പിലാക്കുന്നതിനുളള പ്രീ ഫീസിബിലിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിരുന്നു. തീരദേശ മേഖലയില്‍ നിന്നുളള കുടിയൊഴിപ്പിക്കല്‍ ഉണ്ടാകുമെന്നത് ചൂണ്ടിക്കാട്ടിയാണ് പദ്ധതിക്കെതിരെ വിവാദങ്ങള്‍ ആരംഭിച്ചത്.