തകർപ്പനൊരു ഫ്രീകിക്ക്, ഗോളടിയിൽ സെഞ്ച്വറി കുറിച്ച് റൊണാൾഡോ
ഇതോടെ അന്താരാഷ്ട്ര ഫുട്ബോളില്‍ ഗോള്‍വേട്ടയില്‍ സെഞ്ച്വറിയടിച്ച രണ്ടാമത്തെ താരമായി റോണോ മാറി.
ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അന്താരാഷ്ട്ര ഫുട്ബോളില്‍ ഗോള്‍ വേട്ടയില്‍ റൊണാൾഡോ സെഞ്ച്വറി തികച്ചു. ഈ നേട്ടത്തിന് അവകാശിയായ ലോകത്തിലെ തന്നെ രണ്ടാമത്തെയും യൂറോപ്പിലെ ആദ്യത്തെയും താരമാണ് അദ്ദേഹം. യുവേഫ നാഷന്‍സ് ലീഗ് ഗ്രൂപ്പ് എയിലെ രണ്ടാമത്തെ മല്‍സരത്തിലായിരുന്നു റൊണാള്‍ഡോയുടെ സെഞ്ച്വറി ഗോൾ നേട്ടം.
റോണോയുടെ ഇരട്ടഗോളുകളിലേറി നിലവിലെ ചാംപ്യന്മാര് കൂടിയായ പോര്‍ച്ചുഗല്‍ 2-0ന് സ്വീഡനെ തോല്‍പ്പിച്ചു. തുടര്‍ച്ചയായ രണ്ടാം ജയമാണ് പോര്‍ച്ചുഗല്‍ ടൂര്‍ണമെന്റില്‍ നേടിയത്. 99 അന്താരാഷ്ട്ര ഗോളുകളുമായി ഈ മല്‍സരത്തിനിറങ്ങിയ റോണോ തന്നെയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം.
പരിക്കുകാരണം ആദ്യകളിയില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്ന അദ്ദേഹം ഇരട്ടഗോളുകളോടെയാണ് തന്റെ പ്രതിഭയുടെ വിളയാട്ടം ലോകത്തിനു മുന്നിൽ കാട്ടിയത്. 45, 72 മിനിറ്റുകളിലായിരുന്നു റൊണാൾഡോ ലക്ഷ്യം കണ്ടത്. ബോക്സിനു പുറത്തു നിന്നുള്ള തകര്‍പ്പനൊരു ഫ്രീകിക്കില്‍ നിന്നായിരുന്നു അദ്ദേഹം തന്റെ 100ാം ഗോള്‍ കണ്ടെത്തിയത്.
ഇതോടെ അന്താരാഷ്ട്ര ഫുട്ബോളില്‍ ഗോള്‍വേട്ടയില്‍ സെഞ്ച്വറിയടിച്ച രണ്ടാമത്തെ താരമായി റോണോ മാറി. 109 ഗോളുകള്‍ നേടിയ ഇറാന് ഇതിഹാസം അലി ദേയിയുടെ പേരിലാണ് ലോക റെക്കോര്‍ഡ്. യൂറോപ്പില്‍ ഈ നേട്ടം കൈവരിച്ച ആദ്യത്തെയാള്‍ കൂടിയാണ് ഇപ്പോൾ റൊണാൾഡോ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!