ആർ പി ഡബ്ലിയു ഡി നിയമം അനുസരിച്ച് കുട്ടികൾക്കുള്ള സർക്കാർ സേവനങ്ങളും പദ്ധതികളും ഇതാണ്
ഭിന്നശേഷിയുള്ളവർക്കുള്ള നിയമം നൽകുന്ന ആനുകൂല്യങ്ങളും സേവനങ്ങളും എന്തൊക്കെയാണ് ? നാഷണൽ ട്രസ്റ്റ് ആക്ട് സ്പെഷ്യൽ സെൽ ഡയറക്ടറേറ്റ് ഓഫ് സോഷ്യൽ ജസ്റ്റിസ് സ്റ്റേറ്റ് പ്രോജക്ട് കോർഡിനേറ്റർ സുരേശൻ പുതിയേടത്ത് വിശദീകരിക്കുന്നു.
ഒരു വ്യക്തി ജീവിതത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടേക്കാം. അത്തരം പ്രശ്നങ്ങൾ മൂലം ജീവിതം കൂടുതൽ മോശമാകുന്നതിന് മുൻപ് തന്നെ അത് തിരിച്ചറിഞ്ഞ് ആവശ്യമായ സഹായം നൽകാനാകണം. അതിനായി ഇത്തരം വിഷയങ്ങൾ കണ്ടെത്തി നേരത്തെ തന്നെ ഇടപെടേണ്ട ആവശ്യമുണ്ട്. അങ്ങനെ ഇടപെടാൻ സാധിച്ചാൽ ആ പ്രശ്നം സൃഷ്ടിക്കുന്ന ആഘാതം കുറയ്ക്കുന്നതിന് സഹായിച്ചേക്കാം. ഭിന്നശേഷിയുള്ള കുട്ടികളുടെ കാര്യത്തിൽ ഇത്തരത്തിലുള്ള ആദ്യകാല ഇടപെടലുകളും, അവർക്ക് പ്രയോജനപ്പെടുന്ന ആരോഗ്യ പദ്ധതികളും അവരുടെ ജീവിതം കുറെ കൂടി സുഗമമാക്കും. മാത്രമല്ല. രക്ഷിതാക്കളുടെ ജീവിതത്തെ കുറച്ചുകൂടെ ആയാസരഹിതമാക്കാനും ഇത് സഹായിച്ചേക്കാം.
കേന്ദ്രസർക്കാരും കേരള സർക്കാരും ഭിന്നശേഷി ഉള്ള വ്യക്തികൾക്ക് വിവിധ മേഖലകളിൽ സഹായകരമാകുന്ന നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും, ഇതേക്കുറിച്ച് അറിയാത്തത് മൂലം പലർക്കും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാകാതെ വരുന്നുണ്ട്. അതുകൊണ്ട് തന്നെ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ പലതും ലക്ഷ്യം നേടാറുമില്ല. നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പദ്ധതികൾ ഇവയാണ്.
നാഷണൽ ട്രസ്റ്റ് ആക്ട് 1999 (NTA )
ഓട്ടിസം, സെറിബ്രൽ പാൾസി, മെന്റൽ റിട്ടാഡേഷൻ, മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് എന്നിവയുള്ള വ്യക്തികളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാരിന്റെ സാമൂഹ്യനീതി- ശാക്തീകരണ മന്ത്രാലയത്തിന്റെ (Ministry of Social Justice and Empowerment) കീഴിലുള്ള സ്ഥാപനമാണ് ദേശീയ ട്രസ്റ്റ് ആക്ട്. തുല്യ അവസരങ്ങൾ സാക്ഷാത്കരിക്കുക, അവകാശങ്ങൾ സംരക്ഷിക്കുക, ഭിന്നശേഷിയുള്ളവരുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി
ഓട്ടിസം, സെറിബ്രൽ പാൾസി, മെന്റൽ റിട്ടാഡേഷൻ എന്നിങ്ങനെ ഒന്നിലധികം പരിമിതികൾ ഉള്ളവർക്ക് മിതമായ നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതിയാണിത്. ഇതിന് പ്രായ വ്യത്യാസമില്ലാതെ ഒരൊറ്റ പ്രീമിയം ആണ് ഉള്ളത് . കൂടാതെ ദേശീയ ട്രസ്റ്റ് നിയമപ്രകാരം ഏത് തരത്തിലുള്ള പരിമിതി ഉണ്ടെങ്കിലും ഈ ഇൻഷുറൻസ് പദ്ധതി ഒരേ കവറേജ് നൽകുന്നു. യോഗ്യതയുള്ള അപേക്ഷകർക്ക് ഒരു വർഷത്തേക്ക് ഒരു ലക്ഷം രൂപ ആരോഗ്യ ഇൻഷുറൻസ് നൽകും.
മെഡിക്കൽ ചെക്കപ്പുകൾ മുതൽ ആശുപത്രിയിലെ കിടത്തി ചികിത്സ, തെറാപ്പി മുതൽ ശസ്ത്രക്രിയ വരെ , യാത്ര ചെലവ് തുടങ്ങിയ സേവനങ്ങൾ സർക്കാർ, സ്വകാര്യ ആശുപത്രി ഭേദമന്യേ ലഭ്യമാണ്. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവർക്കുള്ള അപേക്ഷാ ഫീസ് 500 രൂപയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (ബിപിഎൽ) 250 രൂപയുമാണ്. ഇന്ത്യയിൽ ഒരു ലക്ഷം പേർക്ക് ഈ ഇൻഷുറൻസ് നിലവിൽ ലഭ്യമാണ്. കേരളത്തിൽ നിന്ന് അർഹതയുള്ളവർക്ക് ഈ ഇൻഷുറൻസിനായി കേരള സർക്കാർ പണം നൽകുന്നുണ്ട്. നിങ്ങൾ തനിച്ചായിരിക്കുകയും വ്യക്തിപരമായി സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ പോകാൻ കഴിയാതിരിക്കുകയും ചെയ്താൽ നിങ്ങൾക്ക് പ്രാദേശിക തല കമ്മിറ്റിയെയോ സാമൂഹിക നീതി ഡയറക്ടറേറ്റിലോ ബന്ധപ്പെടാം, ഈ വിഷയം കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക സെൽ അതിനുള്ള സഹായം ലഭ്യമാക്കും.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സാമൂഹിക ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസികൾ
1 .കേരള സമൂഹിക സുരക്ഷാ മിഷൻ
2 .നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്)
3 .കേരള വികലാംഗ ക്ഷേമ കോർപ്പറേഷൻ
4 .നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ
5. കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആൻഡ് റിഹാബിലിറ്റേഷൻ പ്രോഗ്രാം (CDMRP )
മറ്റ് വ്യക്തിഗത പദ്ധതികൾ
വിദ്യാജ്യോതി പദ്ധതി
സാമൂഹിക നീതി വകുപ്പിന് കീഴിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾക്കും യൂണിഫോമുകൾക്കും ധനസഹായം നൽകുന്ന പദ്ധതിയാണിത്. പഠനം തുടരാൻ ആഗ്രഹിക്കുന്ന എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളെയും സഹായിക്കുന്നതിനാണ് ഈ പദ്ധതി തുടങ്ങിയത്. ഒൻപതാം ക്ലാസ്, പത്താം ക്ലാസ്, + 1, +2, ഐടിഐ, പോളിടെക്നിക്, വിഎച്ച്എസ്ഇ, ഡിഗ്രി, ഡിപ്ലോമ, പ്രൊഫഷണൽ കോഴ്സ്, ബിരുദാനന്തര ബിരുദം എന്നിവയിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആർപിഡബ്ല്യുഡി നിയമപ്രകാരമുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം ഇതിന് അപേക്ഷിക്കുന്നതിന് സാമ്പത്തിക സ്ഥിതി മാനദണ്ഡമല്ല.
വിദ്യാ കിരണം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്ന പദ്ധതിയാണിത്. അധ്യയന വർഷത്തിലെ 10 മാസം കണക്കിലെടുത്ത് സ്കോളർഷിപ്പ് ലഭ്യമാണ്. ഓരോ ക്ലാസ്സിനും ഒറ്റത്തവണ സഹായമായാണ് ഇത് നൽകുക. മറ്റ് വിദ്യാഭ്യാസ സഹായ പദ്ധതികളിൽ നിന്ന് പ്രയോജനം നേടുന്നവർക്ക് ഈ സ്കീമിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല. വിദ്യാ കിരണം പദ്ധതിക്കായി ജില്ലയിൽ നിന്നും അപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. പഠിക്കുന്ന ക്ലാസുകൾ അനുസരിച്ച് ധന സഹായം തരം തിരിച്ചിട്ടുണ്ട്:
സ്റ്റാൻഡേർഡ് 1 മുതൽ 5 വരെ - 300രൂപ / മാസം
സ്റ്റാൻഡേർഡ് 6 മുതൽ 10 വരെ - 500 രൂപ / മാസം
സ്റ്റാൻഡേർഡ് +1, +2, ഐടിഐ തത്തുല്യമായ കോഴ്സുകൾ - 750 രൂപ / മാസം
ബിരുദം, ബിരുദാനന്തര ബിരുദം, പോളിടെക്നിക്, തത്തുല്യ കോഴ്സുകൾ, പരിശീലന കോഴ്സുകൾ, പ്രൊഫഷണൽ കോഴ്സുകൾ - പ്രതിമാസം 1000 രൂപ സ്കോളർഷിപ്പായി ലഭിക്കും.
തുല്യതാ പരീക്ഷകൾ
വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്ത ഭിന്നശേഷിയുള്ളവർക്ക് യാതൊരു ഫീസും കൂടാതെ തുല്യതാ പരീക്ഷകളിൽ പങ്കെടുക്കാം, കൂടാതെ അവർ ചേരുന്ന ഇത്തരം കോഴ്സുകൾക്ക് പണമടയ്ക്കേണ്ടതില്ല . കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴിലാണ് ഇത് വരുന്നത്. ഏത് സാമ്പത്തികസ്ഥിതിയുള്ളവർക്കും തുല്യത പരീക്ഷയിൽ പങ്കെടുക്കാം .
വിദൂര വിദ്യാഭ്യാസം
ഭിന്നശേഷിയുള്ള ബിരുദ, പിജി വിദ്യാർത്ഥികളെ ഉൾപ്പെടുത്തുന്ന പദ്ധതിയാണിത്. പരമാവധി 10,000 രൂപ ആനുകൂല്യം ലഭിക്കും. അപേക്ഷകർ കേരളത്തിനുള്ളിലെ ഒരു കോളെജിലോ സർവകലാശാലയിലോ ആയിരിക്കണം പഠിക്കുന്നത്, കൂടാതെ വരുമാനം പ്രതിവർഷം ഒരു ലക്ഷത്തിൽ കൂടുതലാകരുത്.
സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള പദ്ധതി
ഭിന്നശേഷിയുള്ളവരുടെ ചലനം, ആശയവിനിമയം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ സുഗമമാക്കി അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് സഹായകരമായ ഉപകരണങ്ങൾ നൽകുന്ന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പുതിയ പദ്ധതിയാണിത്.
സ്വാശ്രയ പദ്ധതി
കഠിനമായ ശാരീരിക പരിമിതികളോ അല്ലെങ്കിൽ മാനസിക വെല്ലുവിളി നേരിടുന്നതോ അല്ലെങ്കിൽ കിടപ്പിലോ ആയ കുട്ടികളുടെ അമ്മമാർക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് സ്വാശ്രയ പദ്ധതിയുടെ ഉദ്ദേശം. ഒറ്റത്തവണ സഹായമായി ഗുണഭോക്താക്കൾക്ക് 35,000 / - രൂപ നൽകുന്നു. കുട്ടിയെ പരിപാലിക്കുന്നതിനായി സ്വയം തൊഴിൽ കണ്ടെത്താൻ അവരെ പ്രാപ്തരാക്കുന്നതിനാണ് ഈ തുക നൽകുന്നത്.
മാതൃ ജ്യോതി പദ്ധതി
പ്രസവശേഷം കുഞ്ഞിന്റെ പരിപോഷണത്തിനും വളർച്ചക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി കാഴ്ചയില്ലാത്ത അമ്മമാർക്ക് 2,000 രൂപ സാമ്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതിയാണിത്. കുട്ടിക്ക് രണ്ട് വയസ്സ് തികയുന്നത് വരെ ധന സഹായം ലഭ്യമാകും. അപേക്ഷകന്റെ വാർഷിക വരുമാനം 1, 00, 000 / - രൂപയിൽ കവിയാൻ പാടില്ല, അമ്മയുടെ കാഴ്ചപരിമിതി 40% അല്ലെങ്കിൽ അതിൽ കൂടുതലോ ആയിരിക്കണം . പദ്ധതിയിൽ ചേരാനുള്ള അപേക്ഷ കുട്ടി ജനിച്ചു മൂന്ന് മാസത്തിനുള്ളിൽ നൽകിയിരിക്കണം.
പരിരക്ഷ പദ്ധതി
പ്രകൃതിദുരന്തങ്ങൾക്ക് ഇരയായ ഭിന്നശേഷിയുള്ളവർ, ആസിഡ് ആക്രമണത്തിന് ഇരയായവർ, ജീവൻ അപകടപ്പെടുത്തുന്ന പൊള്ളൽ എന്നിവ നേരിട്ടവർക്ക് അടിയന്തിര വൈദ്യസഹായവും ഭക്ഷണവും നൽകാൻ സാമൂഹിക നീതി വകുപ്പിന് കീഴിൽ വരുന്ന പദ്ധതിയാണിത്
പരിണയം പദ്ധതി
ഭിന്നശേഷിയുള്ള സ്ത്രീകൾക്കും ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ പെൺമക്കൾക്കും വിവാഹ സഹായത്തിനുള്ള പദ്ധതിയാണ് പരിണയം പദ്ധതി .ഈ സ്കീമിലൂടെ ഒറ്റത്തവണ സഹായമായി 30, 000 / - രൂപ നൽകും.
ബാരിയേഴ്സ് ഫ്രീ കേരള
സാമൂഹ്യനീതി വകുപ്പിന് കീഴിലെ, ജില്ലകളിലെ പൊതു സ്ഥലങ്ങളും കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണിത്. സർക്കാർ ഓഫീസുകൾ, റോഡുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ ഭിന്നശേഷിയുള്ളവർക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ ഈ പദ്ധതി സഹായകമാകുന്നു.
പുനർജ്ജനി
മാനസികാരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന അട്ടപ്പാടി ബ്ലോക്കിലെ ആളുകൾക്കുള്ള പദ്ധതിയാണിത്.
നിഷ്
സംസാര, ശ്രവണ വൈകല്യമുള്ള വ്യക്തികളുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുമുള്ള സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്. ബാച്ചിലർ ഓഫ് ഓഡിയോളജി & സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജി, കമ്പ്യൂട്ടർ സയൻസിൽ ബാച്ചിലർ, ഫൈൻ ആർട്സ് ബിരുദം എന്നിവ ഇതിന്റെ അക്കാദമിക് കോഴ്സുകളിൽ ഉൾപ്പെടുന്നു.
സാമൂഹിക സുരക്ഷാ മിഷൻ
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സംരംഭമാണിത്. നിരാലംബർ , ദരിദ്രർ, പ്രായമായവർ, കുട്ടികൾ, സ്ത്രീകൾ, വിട്ടുമാറാത്ത അർബുദ രോഗികൾ, സമൂഹത്തിലെ മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവർക്ക് തുടർന്നും സേവനവും പിന്തുണയും നൽകുകയെന്നതാണ് പ്രധാന ഉദ്ദേശ്യം .
ആദ്യകാല ഇടപെടലുകൾ നടത്താൻ സഹായിക്കുന്ന കേന്ദ്രങ്ങൾ
ഭിന്നശേഷിയുള്ള കുട്ടികളുടെ വളർച്ചാ കാലത്ത് നേരത്തെയുള്ള ഇടപെടൽ നടത്തുന്നതിന് കോട്ടയം, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ സംവിധാനമുണ്ട്. ഇതിനായി ഇവിടങ്ങളിൽ പ്രത്യേകം കേന്ദ്രങ്ങളും സംവിധാനവുമുണ്ട്.
സഞ്ചരിക്കുന്ന സഹായ കേന്ദ്രങ്ങൾ
"അനുയാത്ര" കാമ്പയിനിന്റെ ഭാഗമായി, ദേശീയ ആരോഗ്യ മിഷനുമായി ചേർന്ന് കേരള സാമൂഹിക സുരക്ഷാ മിഷൻ, ഭിന്നശേഷിയുള്ള കുട്ടികൾക്ക് ചികിത്സ നൽകുന്നതിനായി സംസ്ഥാനത്തുടനീളം സഞ്ചരിക്കുന്ന ഇടപെടൽ യൂണിറ്റുകൾ അഥവാ സഹായ യൂണിറ്റുകൾ ആരംഭിക്കുന്നുണ്ട് . ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഫിസിയോതെറാപ്പിയും തുടർ ചികിത്സയും ഇതുവഴി നൽകും. മൊബൈൽ യൂണിറ്റുകളിൽ ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, വിദഗ്ധ പരിശീലകൻ എന്നിവരും ആവശ്യമായ ഉപകരണങ്ങളും ഉണ്ടായിരിക്കുമെന്നും പറയുന്നു.
കൊവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ നിലവിൽ ക്ലയന്റിന്റെ വീട്ടിലേക്ക് പോകാൻ കഴിയില്ല, ഇപ്പോൾ ഇത് ഫോണിലൂടെയാണ് ചെയ്യുന്നത്, കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ചികിത്സകൾ തുടരാൻ നിർദ്ദേശങ്ങൾ നൽകുന്നു. ഫോണിലൂടെ ആവശ്യമെങ്കിൽ കൗൺസിലിങ് സെഷനുകളും നടത്തുന്നുണ്ട്.
കാതോരം
‘കാതോരം - കേൾവിക്കുറവിനെ അതിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടുപിടിക്കാനായി ആവിഷ്കരിച്ച പദ്ധതിയാണിത് . 0-5 വയസ്സിനിടയിലുള്ള ശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയയും കോക്ലിയർ ഇംപ്ലാന്റേഷനും ഇതുവഴി ചെയ്യുന്നു. ഈ പദ്ധതി പ്രകാരമല്ലാതെ, ശസ്ത്രക്രിയ നടത്തിയവർക്കും ഈ പ്രോജക്ടിന് കീഴിൽ പുനരധിവാസ ത്തിന് അർഹതയുണ്ട്. പ്രായപരിധി 0-5 വയസ്സ് ആയതിനാൽ ഈ ശസ്ത്രക്രിയ നടത്തുന്നതിന് അനുയോജ്യമായ സമയവുമാണ്.
പ്രത്യേക അങ്കണവാടി
ഭിന്നശേഷിയുള്ള കുട്ടികളെ തിരിച്ചറിയാനും ശരിയായ രീതികൾ ഉപയോഗിച്ച് അവരെ പരിശീലിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതി. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരെ ഇത്തരം അങ്കണവാടികളിൽ നിയമിക്കുന്നു. കോഴിക്കോട് ജില്ലയിലാണ് ഇത് ആരംഭിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!