അകലം പാലിച്ച് സിനിമ കാണാം, തിയറ്ററുകൾക്കുളള മാർഗനിർദേശങ്ങളുമായി മൾട്ടിപ്ളെക്സ് അസോസിയേഷൻ
തിയറ്ററുകൾ തുറന്നാൽ രാജ്യത്തുടനീളമുള്ള തീയറ്ററുകൾ പാലിക്കേണ്ട സുരക്ഷാ പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മൾട്ടിപ്ളെക്സ് അസ്സോസിയേഷൻ ഓഫ് ഇന്ത്യ.
രാജ്യത്ത് കൊറോണ പടർന്നതോടെ ആദ്യം പൂട്ടിയിടപ്പെട്ട സ്ഥാപനങ്ങളാണ് തിയറ്ററുകൾ. ഏകദേശം രണ്ട് മാസത്തോളമാകുന്നു കേരളത്തിൽ തിയറ്ററുകൾ അടച്ചിട്ടിട്ട്. ഇനി തിയറ്ററുകൾ എന്ന് തുറക്കുമെന്നുള്ളതും അനിശ്ചിതത്വത്തിലാണ്. തിയറ്ററുകൾ പൂട്ടിയിടുകയും ഷൂട്ടിങ്ങുകൾ മുടങ്ങുകയും ചെയ്തതോടെ നിർമ്മാതാക്കൾ മുതൽ ദിവസ വേതന തൊഴിലാളികൾ വരെ ബുദ്ധിമുട്ടിലായി.
തിയറ്ററുകൾ പൂട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ചിത്രങ്ങളുടെ റീലീസ് ഓൺലൈൻ സ്ട്രീമിങ് സേവനങ്ങൾ കൊണ്ടുപോകുമോ എന്ന ആശങ്കകൾ മറ്റൊരറ്റത്തുമുണ്ട്. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിന്റെ ഓൺലൈൻ റീലീസോട് കൂടി ചലച്ചിത്ര രംഗത്തെ പിരിമുറുക്കം കൂടിയിരിക്കുകയാണ്.
ഇപ്പോഴിതാ തിയറ്ററുകൾ തുറന്നാൽ രാജ്യത്തുടനീളമുള്ള തീയറ്ററുകൾ പാലിക്കേണ്ട സുരക്ഷാ പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മൾട്ടിപ്ളെക്സ് അസ്സോസിയേഷൻ ഓഫ് ഇന്ത്യ.
- നിലവിലുള്ള സാമൂഹിക അകലം പാലിക്കേണ്ട നിയമങ്ങൾ പാലിച്ചുകൊണ്ടുവേണം സിനിമകൾ കാണാൻ ജനം തിയറ്ററുകളിൽ എത്താൻ. സ്വയരക്ഷയ്ക്കും കൊറോണ വ്യാപിക്കാതിരിക്കാനുമായി നിലവിൽ ജനങ്ങൾ എടുക്കുന്ന എല്ലാ മുൻകരുതലുകളും തിയറ്ററിൽ എത്തുമ്പോഴും പ്രാവർത്തികമാക്കണം.
- തിയറ്ററിന്റെ എല്ലാ ഭാഗങ്ങളും അണുവിമുക്തമാക്കാണം. ടിക്കറ്റ് കൗണ്ടർ,ലോബി,സെക്യൂരിറ്റി ഏരിയ,തിയറ്ററിന്റെ ഉൾവശം എന്നിവ ഇതിൽ ഉൾപ്പെടും.
- തിയറ്ററുകളിൽ എത്തുന്നവരെ ഇൻഫ്രാറെഡ് സ്കാനർ ഉപയോഗിച്ച് സ്കാൻ ചെയ്ത് പനിയില്ല എന്ന് ഉറപ്പ് വരുത്തും. സിനിമ കാണുമ്പോഴും കാണികൾ മാസ്ക്ക് ധരിക്കുന്നത് നിർബന്ധമാക്കും. തിയറ്ററുകളിൽ ഹാൻഡ് സാനിടൈസർ ലഭ്യമാക്കണം.
- തിയറ്ററുകളിൽ ജനം അകലം പാലിച്ചുള്ള ക്യൂവിൽ ( അതിർത്തി നിർണ്ണയിക്കുന്ന വൃത്തങ്ങൾ) നിൽക്കേണ്ടി വരും. ക്യൂവിന്റെ വലിപ്പം കുറക്കാൻ വേണ്ടി ഡിജിറ്റൽ ട്രാൻസാക്ഷനുകൾ പ്രോത്സാഹിപ്പിക്കും.
- കുടുംബമായി സിനിമ കാണാൻ എത്തുന്നവർക്ക് ഒരുമിച്ചിരിക്കാം. എന്നിരുന്നാലും ഒരേ വരിയിലുള്ള സീറ്റുകളിൽ ചിലതിൽ ആളുകളെ ഇരിക്കാൻ അനുവദിക്കുന്നതല്ല. സാമൂഹിക അകലം തീയറ്ററിലും പ്രാബല്യത്തിൽ വരുത്താൻ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം. എന്നാൽ ഇത് ലക്ഷ്വറി സീറ്റിങ്ങുകൾ ഉള്ളിടത്ത് ബാധകമല്ല. കാരണം അത്തരം ലക്ഷ്വറി ഇടങ്ങളിൽ സീറ്റുകൾ തമ്മിൽ ഒരു നിശ്ചിത അകലം നിലവിൽ ഉണ്ട്.
- ഓൺലൈനിലൂടെ തിയറ്ററിനുള്ളിൽ ഭക്ഷണം വാങ്ങുന്നത് പ്രോത്സാഹിപ്പിക്കും. ഒരുതവണ ഉപയോഗിക്കാൻ പാകത്തിനുള്ള പാക്കിങ്ങിൽ ആവണം ഭക്ഷണം തിയറ്ററിനുള്ളിൽ ലഭ്യമാക്കേണ്ടത്.
- ദിവസേന തിയറ്ററിനുള്ളിലുള്ള സീറ്റുകൾ ശുചീകരിക്കാൻ തിയറ്റർ ജീവനക്കാർക്ക് നിർദേശം നൽകും. തീയറ്റർ ജീവനക്കാർ മാസ്ക്കും ഗ്ലോവ്സും നിർബന്ധമായും ഉപയോഗിക്കണം. ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യണം.
- ഇതര മൂത്രപ്പുരകൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കും. ടോയിലറ്റുകൾ ശുചീകരിക്കാൻ അംഗീകൃത അണുനാശിനികൾ മാത്രമേ ഉപയോഗിക്കാവൂ.
- ഒരു തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കാവുന്ന 3D ഗ്ലാസുകൾ തീയറ്ററുകളിൽ ലഭ്യമാക്കാൻ നിർദേശം നൽകും. വേണ്ട മുൻകരുതലുകൾ ജനങ്ങൾ എടുക്കാൻ വേണ്ടിയുള്ള നിർദേശങ്ങൾ തീയറ്ററുകളിൽ അനൗൺസ് ചെയ്യും.
- തിയറ്ററുകൾ തുറന്ന ആദ്യ രണ്ടുമാസത്തേക്ക് ഈ നിർദേശങ്ങൾ എല്ലാം തന്നെ കർശനമായി പാലിക്കേണ്ടതാണ്. അതിനു ശേഷം സാഹചര്യത്തിന് അനുസരിച്ച് ഈ നിർദേശങ്ങൾക്ക് മാറ്റമുണ്ടാവാം എന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!