ശബരിമല: സന്നിധാനത്ത് മൊബൈലിന് നിരോധനം, ഇനി ഫോണ്‍വിളിയും ഫോട്ടോ എടുക്കലും പാടില്ല
മണ്ഡലകാലമായത് കൊണ്ട് വലിയ രീതിയിലുളള തിരക്കാണ് സന്നിധാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
ശബരിമലയില്‍ മൊബൈല്‍ ഫോണിന് നിരോധനം. സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഉപയോഗിക്കുന്നതാണ് നിരോധിച്ചത്. ശ്രീകോവിലിന്റെ അടക്കം ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി.
പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നേരത്തെ തന്നെ നിയമംമൂലം നിരോധിച്ചിരുന്നതാണ്. എന്നാല്‍ ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. ശ്രീകോവിലിനുളളിലെ പ്രതിഷ്ഠയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ശ്രീകോവിലിന് സമീപം മൊബൈല്‍ ഉപയോഗിക്കുന്നത് സുരക്ഷാപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ദേവസ്വം അറിയിക്കുന്നത്. അതുകൊണ്ട് തന്നെ ഇനിമുതല്‍ പതിനെട്ടാം പടിക്ക് മുകളില്‍ കൂടെ വന്നവരെ വിളിക്കാനോ, തിരക്കാനോ ആയിട്ടുപോലും മൊബൈല്‍ പുറത്ത് എടുക്കാന്‍ കഴിയില്ല.
മൊബൈല്‍ നിരോധനം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ താക്കീത് നല്കി ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞ ശേഷം ഫോണ്‍ തിരികെ നല്‍കും. രണ്ടാംഘട്ടത്തില്‍ ഫോണ്‍ പിടിച്ചുവെക്കുന്നത് അടക്കമുളള നടപടികളായിരിയ്ക്കും ദേവസ്വം ബോര്‍ഡ് സ്വീകരിക്കുക.
ശബരിമലയില്‍ എത്തുന്ന ഭക്തന്മാര് നടപ്പന്തലിലേയ്ക്ക് കടക്കുമ്പോള്‍ മുതല്‍ ഫോണ്‍ ഓഫ ചെയ്ത് സൂക്ഷിക്കണമെന്നും ദേവസ്വം ബോര്‍ഡ് പറയുന്നു. ഓരോ ദിവസവും അറുപതിനായിരത്തില്‍ അധികം ഭക്തന്മാര് ശബരിമലയില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍. അരവണ, ഉണ്ണിയപ്പം എന്നിവയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ഡിജിപിക്ക് പരാതിയും നല്കി.