ഹലാൽ ലവ് സ്റ്റോറി കണ്ടവർ ചോദിക്കുന്നു, ഇത് നിങ്ങളുടെ ആത്മകഥയല്ലേ?; ഹലാൽ ഹോം സിനിമകൾ വന്നുതുടങ്ങി 2 പതിറ്റാണ്ടായി: സലാം കൊടിയത്തൂർ അഭിമുഖം
ഹലാൽ ലവ് സ്റ്റോറി ഞാൻ ഇതുവരെയും കണ്ടിട്ടില്ലെങ്കിലും എന്റെ ആത്മകഥയാണോ എന്നും ചോദിച്ച് ഒരുപാട് പേർ എന്നെ വിളിക്കുകയും മെസേജുകൾ അയക്കുകയും ചെയ്തിട്ടുണ്ട്. അവരൊക്കെയും പറയുന്നത് എന്റെ ഒരു ആത്മകഥാംശം അതിലടങ്ങിയിട്ടുണ്ട് എന്നാണ്. മലയാളത്തിൽ ഹോം സിനിമകൾ ആദ്യമായി പരീക്ഷിച്ച ഹോം സിനിമകളുടെ ആശാൻ സലാം കൊടിയത്തൂർ ഏഷ്യാവിൽ മലയാളത്തോട് സംസാരിക്കുന്നു.
സുഡാനി ഫ്രം നൈജീരിയ എന്ന ഏറെ ജനപ്രീതിയും അംഗീകാരങ്ങളും നേടിയ സിനിമയ്ക്ക് ശേഷം സകരിയ മുഹമ്മദിന്റെ രണ്ടാമത്തെ ചിത്രമാണ് ‘ഹലാൽ ലവ് സ്റ്റോറി’. മുഖ്യധാരാ സിനിമകളിലും കാഴ്ച ശീലങ്ങളിലും അന്യമായിരുന്ന കേരളത്തിലെ സാധാരണ മുസ്ലീമുകളുടെ ജീവിതവും സാംസ്കാരിക പരിസരങ്ങളും സുഡാനിയിലേതു പോലെ ഈ ചിത്രത്തിലും കാണാം. പേര് വെളിപ്പെടുത്താത്ത ഒരു മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കീഴിലുള്ള കലാ സംഘടനയിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം ആളുകൾ ചേർന്ന് ഒരു ഹലാലായ ഹോം സിനിമ പിടിക്കാൻ ഇറങ്ങുന്നതും തുടർന്ന് നടക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റ ഇതിവൃത്തം.
സിനിമയിറങ്ങിയതു മുതൽ പലരും ഹോം സിനിമകൾ മലയാളക്കരയിൽ ആദ്യമായി പരീക്ഷിക്കുകയും 18 ഓളം ചിത്രങ്ങൾ വഴി ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത ഹോം സിനിമകളുടെ പിതാവ് എന്ന് പലരും വിശേഷിപ്പിക്കുന്ന സലാം കൊടിയത്തൂർ എന്ന സംവിധായകനെ വിളിച്ച് ചോദിക്കുന്നുണ്ട്, ഇത് നിങ്ങളുടെ ആത്മകഥയല്ലേ എന്ന്. ആമസോൺ പ്രൈമിൽ സിനിമയിറങ്ങിയ ഒക്ടോബർ 15 നു ശേഷം സലാം കൊടിയത്തൂരിന്റെ ഫോണിൽ വരുന്ന മെസേജുകളിൽ ഭൂരിഭാഗവും ഈ സിനിമയിൽ എവിടെയൊക്കെയോ ഞങ്ങൾക്ക് നിങ്ങളുടെ ആത്മകഥാംശം കാണാൻ കഴിഞ്ഞു എന്നാണ്.
2000ത്തിൽ തുടങ്ങി ഒന്നരപതിറ്റാണ്ടോളം മലയാളത്തിൽ ഹിറ്റുകളായ നിരവധി ഹോം സിനികമൾ ഉണ്ടായിട്ടുണ്ട്. അളിയന് ഫ്രീ വിസയും കുടുംബകലഹം നൂറാം ദിവസവും പരേതൻ തിരിച്ചുവരുന്നുവും നഷ്ടപരിഹാരവുമൊക്കെ അങ്ങനെ ശ്രദ്ധിക്കപ്പെട്ടവ. ഇവയൊല്ലാം അണിയിച്ചൊരുക്കിയതാവട്ടെ, സലാം കൊടിയത്തൂർ എന്ന സംവിധായകനും.
മലയാളത്തിൽ ഹോം സിനിമകൾ ആദ്യമായി പരീക്ഷിച്ച ഹോം സിനിമകളുടെ ആശാൻ സലാം കൊടിയത്തൂർ ഏഷ്യാവിൽ മലയാളത്തോട് സംസാരിക്കുന്നു.
ഹലാൽ ലവ് സ്റ്റോറി സിനിമയുടെ പ്രധാന പ്രതിപാദ്യ വിഷയം ഹലാലായി ചെയ്യുന്ന ഹോം സിനിമയാണല്ലോ. മലയാളത്തിൽ ആദ്യമായി ഹോം സിനിമ തുടങ്ങിയ ആൾ താങ്കളും. ആദ്യമായി ഹോം സിനിമകൾ തുടങ്ങിയ അനുഭവം എങ്ങനെയായിരുന്നു?
2000 ത്തിലാണ് ആദ്യ ഹോം സിനിമ തുടങ്ങിയത്. നിങ്ങളെന്നെ ഭ്രാന്തനാക്കി എന്നായിരുന്നു ആദ്യസിനിമയുടെ പേര്. അത് ഞങ്ങൾ ഒരു സ്റ്റേജ് നാടകമായി മൂന്നാല് വർഷം കളിച്ച നാടകമായിരുന്നു. ഒരു സിനിമയെടുക്കാൻ ആഗ്രഹിച്ചപ്പോൾ ആ നാടകമാണ് സബ്ജക്ടായി എടുത്തത്. കാരണം, ഞങ്ങൾക്ക് അന്ന് ഈ സിനിമാസാങ്കേതികവശങ്ങളെക്കുറിച്ചോ തിരക്കഥയെക്കുറിച്ചോ വേണ്ടത്ര അറിവില്ലാത്തതിനാൽ സേഫും നല്ലതും ഈ നാടകത്തെ സിനിമയാക്കുക എന്ന മാർഗമായിരുന്നു.
അതായിരുന്നോ മലയാളത്തിലെ ആദ്യത്തെ ഹോം സിനിമ?
അതെ, ഒരർഥത്തിൽ അങ്ങനെ പറയാം. യഥാർഥത്തിൽ ഡോ. ടി ടി ശ്രീകുമാർ നടത്തിയ ഒരു റിസർച്ചിൽ അദ്ദേഹം പറയുന്നത് ലോകത്ത് തന്നെ ഈ സ്റ്റൈലിൽ ആദ്യത്തേയാണെന്നാണ്. പിന്നെ ആഫ്രിക്കൻ രാജ്യമായ ഘാനയിലാണ് ഈ മെത്തേഡിൽ ഒരെണ്ണം ചെയ്തത്. അത് സിനിമാപരിപ്രേഷ്യത്തിനല്ല, റിലീജ്യസ് പർപ്പസിനു വേണ്ടി ചെയ്തതാണ്. അദ്ദേഹം എന്നോട് പറഞ്ഞ ഒരു ഉദാഹരണമുണ്ട്. ഇവിടെ ഒരു തെറ്റ് ചെയ്താൽ നാളെ ദൈവത്തിന്റെ കോടതിയിൽ കിട്ടുന്ന ശിക്ഷയൊക്കെ ചിത്രീകരിക്കുക, അങ്ങനെ തെറ്റിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന വീഡിയോസ് അതാണ് അവിടെ ചെയ്ത സിനിമകളിലെ പ്രതിപാദ്യം എന്നാണ്. ഞങ്ങൾ ഇത് ഔദ്യോഗികമായി അവകാശപ്പെടാത്തത് മലയാളത്തിൽ ഇങ്ങനെ ഹോം സിനിമകൾ ചെയ്ത് ലോകാടിസ്ഥാനത്തിൽ ഒന്നാമൻ എന്ന് ഞാൻ തന്നെ പറയുന്നത് ശരിയല്ലല്ലോ എന്ന് വിചാരിച്ചാണ്. പിന്നെ നിങ്ങൾ ഇത് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞൂന്ന് മാത്രം. അതും ഞാൻ പറഞ്ഞതല്ല, ഡോ. ടി ടി ശ്രീകുമാർ റിസർച്ചിലൂടെ പങ്കുവെച്ച കാര്യങ്ങൾ ഉദ്ദരിച്ചതാണ്.

സാധാരണസിനിമയും ഹോം സിനിമയും തമ്മിലുള്ള വ്യത്യാസം എങ്ങനെയാണ്. എങ്ങനെയാണോ ഹോം സിനിമയെ നിർവചിക്കുന്നത്?
ഹോം സിനിമയുടെയും സാധാരണയുള്ള തീയേറ്ററിൽ ഇറങ്ങുന്ന സിനിമയുടെയും പ്രോസസിങ് ഒരേ പോലെയാണ്. പിന്നെ അതിലെ വ്യത്യാസം എന്നത് അതൊരു പ്രോഡക്ട് ആവുമ്പോഴാണ്. ഒന്ന് തീയേറ്ററിൽ റിലീസ് ആവുന്നു. മറ്റൊന്ന് വീടുകളിൽ റിലീസ് ആവുന്നു എന്നതാണ് വ്യത്യാസം.
ഹോം സിനിമകളുടെ റിലീസ് രീതികൾ എന്നൊക്കെ എങ്ങനെയായിരുന്നു?
വീട്ടിൽ റിലീസാവുന്നത് എങ്ങനെ എന്ന് ചോദിച്ചാൽ അന്ന് സിഡി മാർക്കറ്റായിരുന്നു ഉണ്ടായിരുന്നത്. തീയേറ്റർ സിനിമകളും തീയേറ്ററിൽ കളിച്ചതിനു ശേഷം കുറച്ച് കാലം കഴിഞ്ഞ് സിഡിയായി വരുന്നുണ്ടെങ്കിലും ഞങ്ങളിത് പ്രോഡക്ടായി വരുമ്പോൾ നേരിട്ട് സിഡിയാക്കി മാർക്കറ്റ് ചെയ്യും. പിന്നെ പരസ്യം ചെയ്ത് ഇങ്ങനെയൊരു സിനിമയിറങ്ങിയ കാര്യം അനൗൺസും ചെയ്യും. ചെറിയ വ്യത്യാസമേയുള്ളൂ. പിന്നെ സാങ്കേതികമികവിലും പ്രത്യക്ഷപ്പെടുന്ന ആർട്ടിസ്റ്റുകളുടെ കാര്യത്തിലും വ്യത്യാസമുണ്ടാവുമെന്ന് പറയേണ്ടല്ലോ. കാരണം രണ്ടിന്റെയും ബഡ്ജറ്റിലെ വ്യത്യാസം അറിയാമല്ലോ. അപ്പോൾ ആ ഒരു ബജറ്റിലൊതുങ്ങി നിന്നുള്ള താരമികവും സാങ്കേതികമികവുമായിരിക്കും ഞങ്ങളുടെ ഹോം സിനിമകൾക്കുണ്ടാവാറ്.
ആ സമയത്ത് ആളുകൾ, പ്രത്യേകിച്ചും മലബാർ മേഖലയിൽ വലിയ സ്വീകാര്യതയാണ് ഇത്തരം ഹോം സിനിമകൾക്ക് ലഭിച്ചത്..
ആളുകൾ അത് സ്വീകരിക്കാനുള്ള പ്രധാനകാരണം എന്നത് നമ്മുടെ ജീവിതത്തിൽ സ്വാധീനിക്കാവുന്ന നല്ല നല്ല മെസേജുകൾ കൊടുക്കാൻ കഴിഞ്ഞു എന്നുള്ളത് കൊണ്ട് കൂടിയാണ്. ഫാമിലിയായിട്ട് ഒരുമിച്ചിരുന്ന് കാണൻ കഴിയുന്ന സിനിമകളായിരുന്നു അവ.

ഹോം സിനിമകൾ എങ്ങനെയായിരുന്നു മാർക്കറ്റ് ചെയ്തിരുന്നത്?
ഗൾഫിലായിരുന്നു പ്രധാനമായും ഹോം സിനിമകളുടെ ഏറ്റവും വലിയ മാർക്കറ്റ്. കേരളത്തിലുമുണ്ട്. ഇവിടങ്ങളിലൊക്കെ വ്യത്യസ്തമായി ഏജൻസികൾ അതിന്റെ ഡിസ്ട്രിബ്യൂഷൻ ഏറ്റെടുക്കും. ഞങ്ങൾ ഒരു ഹോം സിനിമ ചെയ്യുന്നു എന്നറിയുമ്പോഴേ, ഡിസ്ട്രിബ്യൂട്ടർമാർ അത് ഏറ്റെടുക്കുകയും പരസ്യം ചെയ്യുകയും ചെയ്യും. അപ്പോൾ അതോട്കൂടി പ്രോഡക്ഷൻ തുക നമുക്ക് തിരിച്ചുകിട്ടും. പിന്നെ സിഡി നമ്മുടെ ഒരു സ്പേയ്സായത് കൊണ്ട് നമ്മളതിൽ പരസ്യങ്ങൾ നൽകും. സിഡി നിലച്ചതോടെ ഞങ്ങളുടെ വലിയ സാധ്യതകളും പ്ലാറ്റ്ഫോമുകളുമാണ് നിലച്ചത്.
ഒരു ശരാശരി ഹോം സിനിമയുടെ ബജറ്റ് എത്രയാണ്?
ഒരു 15 ലക്ഷം രൂപ വരെയാണ് ഞാൻ ചെയ്ത ഹോം സിനിമകളുടെ മാക്സിമം ബജറ്റ്. ഗൾഫിൽ പോയി ചിത്രീകരിക്കുമ്പോൾ അതിലും കൂടും. ഏതാണ്ട് 18 ഓളം ഹോം സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. കുടംബകലഹം 100 ാം ദിവസം, അളിയന് ഒരു ഫ്രീ വിസ തുടങ്ങിയ ഹിറ്റ് ഹോം സിനിമകളൊക്കെ 2004 ലാണ് ഇറങ്ങിയത്.

സിഡി കാലഘട്ടം അവസാനിച്ചതോടെ അത് ഹോം സിനിമകളേയും ബാധിച്ചിട്ടുണ്ടോ?
ഇപ്പോൾ സിഡി മാറിയതോടെ നമ്മുടെ പ്ലാറ്റ് ഫോം യൂട്യൂബ് മാത്രമാണ്. ചിലപ്പോൾ അത് ഭാവിയിൽ നെറ്റ് ഫ്ലിക്സും ആമസോണുമൊക്കെ ആയി മാറിയേക്കാം. അപ്പോൾ കുറച്ചുകൂടി ബജറ്റിൽ ചെയ്യേണ്ടി വരും. സിഡി വ്യവസായം നിന്നതോടെ ഹോം സിനിമ എന്ന പഴയ പ്രോസസ് നിലച്ചുപോയെങ്കിലും അതിനു ശേഷവും 3 ഹോം സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ അതിന് സ്പോൺസേഴ്സിനെ കിട്ടിയിട്ടുണ്ട്. എന്നാ വന്നത്, എന്നാ പോന്നത്? എന്നതായിരുന്നു അവസാനം ചെയ്ത ഹോം സിനിമ.
എവിടെയാണ് ഇതിന്റെ ഷൂട്ടിങ്ങൊക്കെ ഉണ്ടാവാറുള്ളത്?
ഷൂട്ടിങ്ങൊക്കെ മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലായിരുന്നു കൂടുതലും ഉണ്ടാവാറ്. പരമാവധി ഷൂട്ടിങ് കോസ്റ്റ് കുറച്ചാണ് ചെയ്യാറ്.
ഇത്രയധികം ഹോം സിനിമകൾ ചെയ്തു, ഇനിയൊരു വലിയ സിനിമ ചെയ്യണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടില്ലേ?
ഇത് പലരും ചോദിക്കുന്ന ചോദ്യവും ഞാൻ കൃത്യമായി മറുപടി പറതാത്തതുമായ ചോദ്യമാണ്. (ചിരിക്കുന്നു) ഞാനങ്ങനെ തീവ്രമായി എനിക്കൊരു സിനിമ ചെയ്യണം എന്നൊന്നും ഇതുവരെയും ചിന്തിച്ചിട്ടില്ല. അതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ പലരും ചോദിക്കാനുള്ള ഒരു കാരണം, ഈ ഹോം സിനിമ എന്നത് സിനിമയുടെ പ്രിലിമിനറി കോഴ്സാണെന്ന ധാരണയോടു കൂടിയാണ്. അങ്ങനെയല്ല അത്. നമ്മൾ കഥ, കവിത, നാടകം, സിനിമ എന്നൊക്കെ പറയുന്നത് പോലെ വേറൊരു കാറ്റഗറിയാണ് അത്. എനിക്ക് ഇതിൽ മാത്രമായിരുന്നു ശ്രദ്ധ. അങ്ങനെയൊരു വലിയ സിനിമാക്കാരൻ എന്ന പോപ്പുലാരിറ്റിയൊന്നും ഞാനാഗ്രഹിച്ചിട്ടില്ല. അതിനേക്കാളും എനിക്ക് സംതൃപ്തി നൽകുന്നത് എന്റെ ആവിഷ്കാരങ്ങൾ സ്വതന്ത്ര്യമായി ആരുടെയും ഇടപെടലില്ലാതെ എന്റെതായ സ്റ്റൈലിൽ ചെയ്യുമ്പോഴാണ്. നമ്മൾ തന്നെഭക്ഷണമുണ്ടാക്കി നമ്മളത് കഴിക്കുന്നത് പോലെയൊരു സംതൃപ്തി ഹോം സിനിമകൾ ചെയ്യുമ്പോൾ എനിക്ക് കിട്ടാറുണ്ട്. അങ്ങനെയൊരു സംതൃപ്തി സിനിമയിൽ ഒരിക്കലെങ്കിലും കിട്ടുമെന്ന് എനിക്ക് അഭിപ്രായമില്ല. ചുരുങ്ങിയത് ഈയടുത്ത കാലം വരെയും കിട്ടില്ലായിരുന്നു എന്നതാണ് എന്റെ അഭിപ്രായം. ഇപ്പോൾ ചിലപ്പോൾ മാറ്റം വന്നിട്ടുണ്ടാവാം.
പിന്നെ അതിലപ്പുറമുള്ള ഒരു കാര്യം എന്താണെന്ന് വെച്ചാൽ മീഡിയകൾ എന്നെ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത് ഫാദർ ഓഫ് ഹോം സിനിമ എന്നാണ്. അപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാണ്. അങ്ങനെ വരുമ്പോൾ ഈ ഒരു പ്രസ്ഥാനത്തിന്റെ തുടക്കക്കാരൻ അഥവാ ഫാദർ ഓഫ് ഹോം സിനിമ എന്ന പേരിൽ ഞാൻ വരുന്നത് വലിയ കാര്യമാണല്ലോ. ഞാൻ സിനിമയിലേക്ക് വരുമ്പോൾ ഒരുപാട് സിനിമാക്കാർക്കിടയിൽ ഒരു സിനിമക്കാരൻ എന്നത് മാത്രമായിരിക്കും എന്റെ സ്ഥാനം. അതേ സമയം ഞാൻ ഫാദറായി നിലനിൽക്കുന്ന ഹോം സിനിമ എന്ന പ്രസ്ഥാനം നിലക്കാനും പാടില്ലല്ലോ. ഒരുപക്ഷേ, സിനിമ ചെയ്താൽ എനിക്ക് തിരിച്ച് എനിക്ക് വീണ്ടും ഹോം സിനിമയുടെ ഫീൽഡിലേക്ക് വരാൻ പറ്റുമെന്ന് പറയാൻ കഴിയില്ലല്ലോ. മറ്റുള്ളവർക്ക് കേട്ടാൽ വേണ്ടത്ര ബോധ്യപ്പെടാത്ത ന്യായങ്ങളായേക്കാം. പക്ഷേ, ഇങ്ങനെയൊക്കെയുള്ള ചിന്തകൾ കാരണമാണ് ഞാൻ സിനിമാഫീൽഡിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തത്. ഒരു പക്ഷേ, ദൈവത്തിന്റെ നിയോഗം ഉണ്ടെങ്കിൽ ഞാൻ എന്നെങ്കിലും സിനിമയിലേക്ക് വന്നേക്കാം.

ഹലാൽ ലവ് സ്റ്റോറിയിലേതു പോലെ ഹോം സിനിമകൾ എടുക്കുമ്പോൾ എന്തെങ്കിലും വെല്ലുവിളികളുണ്ടായിട്ടുണ്ടോ? അതായത് ഹോം സിനിമ ഹലാലാക്കണം എന്ന നിർബന്ധബുദ്ധിയുണ്ടായിരുന്നോ ആദ്യകാല ഹോം സിനിമകളുടെ ഷൂട്ടിങ് വേളയിൽ?
അതൊരു ഒറ്റവാക്കിൽ പറയാൻ കഴിയുന്ന മറുപടിയില്ല. ഹലാൽ എന്നതും ഹറാം എന്നതും ഇസ്ലാമിൽ കോമണായുപയോഗിക്കുന്ന പദങ്ങളാണ്. ഹലാൽ എന്നാൽ അനുവദനീയം എന്നും ഹറാം എന്നാൽ നിഷിദ്ധമാക്കപ്പെട്ടത് എന്നുമാണ് അർഥം. നമ്മൾ ചെറുപ്പത്തിൽ വളർന്നു വരുന്ന ഘട്ടത്തിലേ ഇങ്ങനെ ഹലാൽ എന്നും ഹറാം എന്നും പറഞ്ഞു പോരുന്ന സ്ഥിതിവിശേമാണ്. ഇത് സിനിമയിലെങ്ങനെ എത്തി എന്ന് ചോദിച്ചാൽ, മുസ്ലിം സമുദായത്തിലെ യാഥാസ്ഥികരുടെ ഇടയിൽ സിനിമയെന്നത് മുഴുവനും ഹറാമാക്കിയിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം സിനിമ എന്ന മീഡിയയെ ഞാൻ ഹറാമായി കാണുന്നില്ല. പക്ഷേ, സിനിമയിൽ നമ്മൾ അവതരിപ്പിക്കുന്ന ചില രീതികളുണ്ട്. ഉദാഹരണമായി, എന്റെ അയൽവക്കത്തെ ഒരു പെൺകുട്ടി അർധനഗ്നയായി റോഡിൽ കൂടി നടന്നാൽ എന്റെ രക്ഷിതാക്കൾ അങ്ങോട്ട് നോക്കേണ്ട എന്നു പറയില്ലേ, അത് ഒരു മതം എന്ന നിലയ്ക്ക് മാത്രമല്ല, ശരാശരി മലയാളി കൊണ്ടുനടക്കുന്ന ധാർമിക മൂല്യമാണ്. അപ്പോൾ നമ്മൾ നേരിട്ട് കാണാൻ ആഗ്രഹിക്കാത്തതും സമൂഹം തെറ്റാണെന്നും അനുവദിക്കപ്പെട്ടതല്ലെന്നും കരുതുന്ന കാര്യങ്ങൾ ഹോം സിനിമയിലും കൊണ്ട് വരാറില്ല. ഒളിഞ്ഞും തെളിഞ്ഞും കാണുന്നത് വേറെ വിഷയം. അതൊക്കെ ഓരോരുത്തരുടെ സ്വകാര്യകാര്യം. സമൂഹത്തിന്റെ അംഗീകാരമാണല്ലോ വിഷയം. ഉദാഹരണത്തിന് പ്രണയം പോലും സമൂഹം അംഗീകരിച്ചിട്ടില്ല എന്നതാണ് സത്യമെന്ന് തോന്നിയിട്ടുണ്ട്. എത്ര പ്രണയത്തെ ഉദാത്തവത്കരിച്ചാലും സ്വന്തം പെങ്ങളെ മറ്റൊരുത്തൻ വീട്ടിൽ നിന്നിറക്കി ഒളിച്ചോടുന്നത് ഒരു കുടുംബനാഥൻ സഹിക്കുമോ? സമൂഹം അംഗീകരിക്കുമോ? ഇല്ല എന്ന് തന്നെയല്ലേ ഉത്തരമുണ്ടാവുക. പിന്നെ സമുദായത്തിന്റെ കാര്യമെടുത്ത് നോക്കിയാൽ വലിയൊരു വിഭാഗം അന്ധമായി മീഡിയ തന്നെ ഹറാമായി കാണുന്നുണ്ട്. അത് നമ്മൾ അവഗണിച്ച് തള്ളിയിട്ടുണ്ട്. അത് നമ്മുടെ വിഷയമല്ല. പക്ഷേ, നേരത്തെ പറഞ്ഞത് പോലെ സിനിമയിൽ കാണാൻ പാടില്ലാത്തത് കാണുന്നു, അത് കൊണ്ട് സിനിമ കാണുന്നില്ല എന്ന് അഭിപ്രായമുള്ള ഒരു വിഭാഗവുമുണ്ട്. അവിടേക്കാണ് നമ്മുടെ ഹോം സിനിമകൾ കടന്നു ചെല്ലുന്നത്. ഒരു പ്രാവശ്യം അത്തരം സിനിമകൾ കണ്ട് ആൾക്കാർ പറയുന്നത് ഇതു പോലുള്ളതാണെങ്കിൽ കുഴപ്പമില്ല, കാണാം എന്നാണ്. സലാം കൊടിയത്തൂരിന്റെ സിനിമകളാണെങ്കിൽ കുടുംബമായി കാണാം എന്ന് അവർ സമ്മതിക്കുകയാണ്. അപ്പോൾ ഇതാണ് അതിന് പിന്നിലെ കെമിസ്ട്രി. അല്ലാതെ വേറെ അത്ഭുതങ്ങളൊന്നും ഉണ്ടായിട്ടല്ല. പരസ്യമായി കുടുംബസമേതം കാണാൻ സാധിക്കാത്തത് ഞങ്ങളുടെ സിനിമയിൽ വരുന്നില്ല എന്നത് ഞങ്ങൾ പുലർത്തുന്ന സൂക്ഷ്മതയാണ്. നമ്മൾ ഫോളോ ചെയ്യുന്ന ഒരു എത്തിക്സാണത്. അത്രയേ ഉള്ളൂ.

സലാം കൊടിയത്തൂർ സിനിമയിലേക്കെത്തിയത് എങ്ങനെയാണ്?
ഞാൻ ഒരു സ്കൂൾ അധ്യാപകനാണ്. മലപ്പുറം ജില്ലയിലെ വണ്ടൂർ എന്ന സ്ഥലത്തെ ഒരു സ്കൂളിലെ അധ്യാപകനാണ്. വരുന്ന സമയത്ത് സിനിമയെക്കുറിച്ച് എബിസിഡി അറിയുമായിരുന്നില്ല. ഷൂട്ടിങ് തന്നെ ഈയടുത്താണ് നേരിട്ട് കാണുന്നത്. ആദ്യസിനിമയുടെ സമയത്ത് അബദ്ധങ്ങളുടെ ഘോഷയാത്ര തന്നെയുണ്ടായിരുന്നു. 2000 കാലഘട്ടത്തിലൊക്കെ സിനിമയെക്കുറിച്ചുള്ള അബദ്ധങ്ങളിൽ നിന്നും മറ്റുമൊക്കെയാണ് ഞാൻ സിനിമയെക്കുറിച്ച് പഠിച്ചെടുത്തതെന്ന് പറയാം.
ആദ്യസിനിമ ഹലാലാക്കണമെന്ന വെല്ലുവെളികൾ ബാഹ്യമായി ഉണ്ടായിരുന്നോ? ഹറാം- ഹലാൽ ചർച്ചകളുണ്ടായിട്ടുണ്ടോ നാട്ടിൽ?
അത്തരം വിഷയങ്ങൾ ഞാനങ്ങനെ ശ്രദ്ധിക്കാറില്ല. നല്ലതു പറഞ്ഞാലും അതിന്റെ പിന്നാലെ പോവാറില്ല. ആളുകൾ ഇതിനോട് നല്ലതും ചീത്തയുമായ കമന്റുകൾ പറഞ്ഞിട്ടുണ്ട്. അതൊക്കെ എന്നോടല്ലെന്ന് വിചാരിച്ച് മാറിക്കളയുകയാണ് ഞാൻ ചെയ്യാറ്. ഒന്നിനോടും പ്രതികരിക്കാനും ഞാൻ പോവാറില്ല. മറുപടി പറയാൻ നിന്നാൽ അതിനേ സമയമുണ്ടാകൂ. ആദ്യമുള്ള അഭിപ്രായങ്ങൾ പിന്നീട് മാറുകയും കുഴപ്പമില്ല എന്ന അഭിപ്രായം വരികയുമാണ് ചെയ്തത്.
എന്തുകൊണ്ടാണ് മുസ്ലിം സമുദായത്തിലെ വിഷയങ്ങളും കഥാപാത്രങ്ങളും മാത്രമായി ഹോം സിനിമകളെടുക്കുന്നത്?
മുസ്ലിം സമുദായത്തിലെ വിഷയങ്ങൾ എന്തുകൊണ്ട് തുടങ്ങി എന്ന് ചോദിച്ചാൽ ഈ സമുദായത്തിലായിരുന്നു ഇത്തരം കാര്യങ്ങളിൽ ഒരു ശൂന്യത ഉണ്ടായിരുന്നത്. മറ്റുള്ള സമുദായങ്ങളുടെ വിഷയങ്ങളൊക്കെ കാണിക്കുകയും ചർച്ച ചെയ്യുകയും ചെയ്ത സിനിമകൾ എമ്പാടും ഉണ്ടായിട്ടുണ്ട്. ഈ സമുദായത്തിനായിരുന്നു സിനിമയുടെ കുറവുകൾ ഉണ്ടായിരുന്നത്. മുസ്ലിം സമുദായം അപ്പോഴും ഹറാമാണ് എന്ന് പറഞ്ഞ് മാറിനിൽക്കുകയായിരുന്നു. അതിനുള്ള ട്രീറ്റ്മെന്റ് എന്ന രീതിയിലാണ് എന്റെ ഹോം സിനിമകളിലെല്ലാം മുസ്ലിം സമുദായത്തിലെ കഥകൾ തിരഞ്ഞെടുത്തത്. പക്ഷേ, ഞാൻ അവസാനം ചെയ്ത മൂന്ന് വർക്കുകളും മുസ്ലിം കഥാപാത്രങ്ങളില്ലാത്തതായിരുന്നു. മുക്കുപണ്ടം, ആൺമാറാട്ടം തുടങ്ങിയയൊക്കെ അങ്ങനെ ചെയ്തതാണ്.
സുഡാനി കണ്ടിരുന്നോ? അതിലൊരു ഹോം സിനിമയുടെ എലമെന്റ് ഉള്ളതായി തോന്നിയോ?
സുഡാനി ഫ്രം നൈജീരിയയിലൊക്കെ ഒരു ഹോം സിനിമയുടെ എലമെന്റ് ഉണ്ട്. വലിയ ഫോർമാറ്റിൽ വന്നപ്പോൾ അതിനുള്ള അംഗീകാരവും അതിന് കിട്ടി. അതിനുള്ള സ്വീകാര്യത വലുതായിരുന്നു. നല്ല പോസിറ്റീവ് സിനിമയായിരുന്നു അത്. സക്കറിയയും മുഹ്സിനുമൊക്കെ നല്ല സുഹൃത്തുക്കളാണ്.

കുഞ്ഞാക്ക എന്ന താങ്കളുടെ ഹോം സിനിമകളിലെ കഥാപാത്രമായിട്ടുള്ള സിദ്ദീഖ് കൊടിയത്തൂരിന്റെ വീഡിയോകളും താങ്കളുടെ തന്നെ ചിത്രങ്ങളിലെ ചെറിയ ക്ലിപ്പുകളും സോഷ്യൽ മീഡിയയിൽ അത്യാവശ്യം പോപ്പുലറാണ്..
സിദ്ദീഖ് എന്റെ നേർ അനുജനാണ്. എന്റെ ഒരു സിനിമ ഒഴിച്ച് എല്ലാ ഹോം സിനിമയിലും അദ്ദേഹമുണ്ട്. നല്ല കഴിവുള്ള ആക്ടറാണ്.
ഹലാൽ ലവ് സ്റ്റോറി കണ്ടുവോ?
ഹലാൽ ലവ് സ്റ്റോറി ഞാൻ ഇതുവരെയും കണ്ടിട്ടില്ലെങ്കിലും എന്റെ ആത്മകഥയാണോ എന്നും ചോദിച്ച് ഒരുപാട് പേർ എന്നെ വിളിക്കുകയും മെസേജുകൾ അയക്കുകയും ചെയ്തിട്ടുണ്ട്. അവരൊക്കെയും പറയുന്നത് എന്റെ ഒരു ആത്മകഥാംശം അതിലടങ്ങിയിട്ടുണ്ട് എന്നാണ്. തീർച്ചയായും ഉടൻ തന്നെ സിനിമ കാണും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!