വാക്സിൻ പരീക്ഷണം സെറം നിർത്തിവെക്കും; നടപടി ഡ്രഗ്സ് കൺട്രോളറുടെ നോട്ടീസിന് പിന്നാലെ
വാക്സിൻ പരീക്ഷിച്ചയാൾക്ക് രോഗം കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷണം നിര്‍ത്തിവെക്കുന്നതായി ചൊവ്വാഴ്ചയാണ് അസ്ട്രസെനെക അറിയിച്ചത്.
കൊറോണ വൈറസിനെതിരായ വാക്സിൻ പരീക്ഷണം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർത്തിവെക്കും. ഡ്രഗ്സ് കൺട്രോളർ നോട്ടീസ് നൽകിയതിനെ തുടർന്നാണിത്. അടുത്ത ആഴ്ച്ച ആരംഭിക്കുന്ന മൂന്നാം ഘട്ട പരീക്ഷണം നിർത്തിവെക്കുമെന്നു സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെകയുമായി ചേർന്നു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്സിൻ്റെ ഉത്പാദന ചുമതല സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ്. വാക്സിൻ്റെ ക്ലിനിക്കല്‍ ട്രയല്‍ നേരത്തെ നാല് രാജ്യങ്ങളിൽ നിർത്തിവെച്ചിരുന്നു. യുകെയിൽ വാക്സിൻ പരീക്ഷിച്ചയാൾക്ക് അപ്രതീക്ഷിതമായി രോഗം പിടിപെട്ടതിനെ തുടർന്നാണ് പരീക്ഷണം നിർത്തിവെച്ചത്.
കഴിഞ്ഞ ദിവസം ഡിസിജിഐ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറ്റു രാജ്യങ്ങളിൽ ക്ലിനിക്കൽ ട്രയൽ നിർത്തിവെച്ചിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിൽ പരീക്ഷണം തുടരുന്നതെന്നു ഡിസിജിഐ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണം നിർത്തിവെക്കാൻ തീരുമാനിച്ചത്. സ്ഥിതി അവലോകനം ചെയ്യുകയാണെന്നും അസ്ട്രസെനെക ട്രയൽ പുരാരംഭിക്കുമ്പോൾ ഇന്ത്യയിലും പരീക്ഷണം ആരംഭിക്കുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ട്രയലിനായി സന്നദ്ധപ്രവർത്തകരെ തിരഞ്ഞെടുക്കുന്നത് അടക്കമുളള നടപടികൾ തുടരുന്നുണ്ട്.
വാക്സിൻ പരീക്ഷിച്ചയാൾക്ക് രോഗം കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷണം നിര്‍ത്തിവെക്കുന്നതായി ചൊവ്വാഴ്ചയാണ് അസ്ട്രസെനെക അറിയിച്ചത്. 'പരീക്ഷണത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് ഈ നടപടി അത്യന്താപേക്ഷിതമാണ്. പരീക്ഷണങ്ങളുടെ സമഗ്രത ഉറപ്പുവരുത്തിയായിരിക്കും' തുടർ നടപടികളെന്നു കമ്പനി വ്യക്തമാക്കി. വലിയ പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ അസുഖങ്ങള്‍ ആകസ്മികമായി സംഭവിക്കുമെങ്കിലും അവ സ്വതന്ത്രമായി അവലോകനം ചെയ്യേണ്ടതുണ്ട്. ഒരു സംഭവത്തില്‍ ഉണ്ടാകുന്ന നേരിയ പിഴവ് പോലും ഇല്ലാതെ ശരിയായ സമയക്രമം പാലിച്ച് പരീക്ഷണം നടത്തുന്നതിനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളതെന്നും വക്താവ് അറിയിച്ചിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!