ഉല്ലാസം: 'കരാര്‍ ഒപ്പിട്ടത് 45 ലക്ഷത്തിന്'; പുതിയ വിവാദത്തില്‍ ഷെയ്ന് പറയുന്നു
വെയില് എന്ന സിനിമയെ സംബന്ധിച്ചായിരുന്നു ആദ്യ വിവാദങ്ങള്‍. ഇതിന് പുറമെ ഉല്ലാസം എന്ന സിനിമയുടെ നിര്‍മ്മാതാവാണ് പുതിയ പരാതിയുമായി എത്തിയത്.
ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിയ്ക്കുന്ന പുതിയ ഓഡിയോ ക്ലിപ്പും വാര്‍ത്തകളും വ്യാജമാണെന്ന് വ്യക്തമാക്കി നടന് ഷെയ്ന് നിഗം. സിനിമയ്ക്ക് കൂടുതല്‍ പ്രതിഫലം ചോദിച്ചെന്നാണ് പരാതി. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണെന്ന് ഷെയ്ന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
സിനിമയ്ക്കായി കരാര്‍ ഒപ്പിട്ടത് 45 ലക്ഷം രൂപയ്ക്കാണ്. മുന്‍കൂര്‍ പണം തരാതിരുന്നിട്ടും ഉല്ലാസം എന്ന സിനിമയില്‍ അഭിനയിച്ചു. ഇപ്പോള്‍ മറ്റൊരു സംവിധായകനുമായി ഒപ്പിട്ട കരാര്‍ കാണിച്ചാണ് ആരോപണവും പ്രചാരണവും നടക്കുന്നത്.- ഷെയ്ന് നിഗം
ഉല്ലാസം എന്ന സിനിമയുടെ നിര്‍മ്മാതാവാണ് പുതിയ പരാതിക്ക് പിന്നില്‍. ഉല്ലാസത്തിനായി 25 ലക്ഷം രൂപയ്ക്കാണ് ഷെയ്ന് കരാറില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ ചിത്രീകരണത്തിന് ശേഷം 45 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് പരാതി. ഡബ്ബിങ് സമയത്ത് 20 ലക്ഷം കൂടി ആവശ്യപ്പെട്ടുവെന്നും ഇത് ലഭിച്ചില്ലെങ്കില്‍ ഡബ്ബിങ്ങിന് എത്തില്ലെന്ന് ഷെയ്ന് പറഞ്ഞതായും പരാതിയില്‍ ഇവര്‍ ആരോപിച്ചിരുന്നു. ഇതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവിട്ടിരുന്നു. നിര്‍മ്മാതാവ് ക്രിസ്റ്റി കൈതമറ്റമാണ് പരാതി നല്‍കിയത്. ഇതിനൊപ്പം ഖുര്‍ബാനി എന്ന സിനിമയുടെ നിര്‍മ്മാതാവ് മഹാ സുബൈറുമായി ഷെയ്ന് തര്‍ക്കിയ്ക്കുന്ന വോയിസ് ക്ലിപ്പും പുറത്തുവിട്ടിരുന്നു.
വെയിലിന്റെ ആദ്യ വിവാദങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച ശേഷവും രണ്ടാംഘട്ട ചീത്രീകരണവുമായി സഹകരിച്ചില്ലെന്നാണ് ഷെയ്നെതിരെ നേരത്തെയുളള പരാതി. സംവിധായകന് ശരത് മേനോന്, നിര്‍മ്മാതാവ് ജോബി ജോര്‍ജ് എന്നിവരാണ് പരാതിക്കാര്‍. ഈ വിവാദങ്ങള്‍ നിലനില്‍ക്കെ പ്രതിഷേധ സൂചകമായി ഷെയ്ന് തന്റെ തലമുടി വടിച്ചുകളഞ്ഞ് പുതിയ രൂപത്തില്‍ എത്തിയത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. ഷെയ്നും നിര്‍മ്മാതാക്കളും തമ്മിലുളള പ്രശ്നങ്ങളില്‍ കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ യോഗം കൊച്ചിയില്‍ നടക്കുകയാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!