വിവാദങ്ങള്‍ക്കിടെ ഷെയ്ന്റെ 'വലിയ പെരുന്നാള്‍' തിയറ്ററുകളിലേക്ക്; മത്സരം ക്രിസ്മസ് റിലീസ് ചിത്രങ്ങളോട്
ഒന്നരവര്‍ഷത്തോളം വലിയപെരുന്നാളിനായി മാറ്റിവെച്ചതാണെന്നും ഏറെ പ്രതീക്ഷകളാണ് ചിത്രത്തെക്കുറിച്ചെന്നും ഷെയ്ന് നിഗം നേരത്തെ പറഞ്ഞിരുന്നു.
തര്‍ക്കങ്ങളും വിവാദങ്ങളും അന്ത്യമില്ലാതെ തുടരുമ്പോഴും ഷെയ്നിന്റെ വലിയ പെരുന്നാള്‍ ഡിസംബര്‍ 20ന് തീയറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ക്രിസ്മസ് റിലീസായി ചിത്രം എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വിലക്കിന്റെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മുടങ്ങും എന്ന ആശങ്കകള്‍ നിലനിന്നിരുന്നു. കൂടാതെ വലിയ പെരുന്നാള്‍ തിയറ്റര്‍ കാണിക്കില്ലെന്നുളള ഭീഷണിയും ചില നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നതായി ഷെയ്ന് തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
വലിയ പെരുന്നാള്‍ 20ന് എത്തുമെന്ന വിവരം ഷെയ്ന് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. നിര്‍മ്മാതാക്കളുടെ വിലക്കിനെതിരെയും ഷെയ്നെ പിന്തുണച്ചും ചിത്രത്തിന് ആശംസ അറിയിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് കീഴില്‍ വരുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഷെയ്നെ വിലക്കിയ നടപടിയില്‍ താരംഘടനയായ അമ്മ ഇടപെടുമെന്ന് അറിയിച്ചിരുന്നു. അജ്മീറിലുളള ഷെയ്ന് എത്തുന്നത് അനുസരിച്ചായിരിക്കും തുടര്‍ചര്‍ച്ചകള്‍.
നവാഗതനായ ഡിമല്‍ ഡെന്നിസാണ് വലിയ പെരുന്നാള്‍ സംവിധാനം ചെയ്യുന്നത്. ജോജു ജോര്‍ജും സൗബിന് ഷാഹിറും ഷെയ്ന് നിഗവും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം മൂവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് എത്തുന്നത്.
കുമ്പളങ്ങി നൈറ്റ്സിന് ശേഷം സൗബിനും ഷെയ്നും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഷെയിന്‍ നിഗത്തിന്റെ വേറിട്ട ഗെറ്റപ്പ് നേരത്തെസോഷ്യല് മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് എന്നാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. പുതുമുഖമായ ഹിമിക ബോസാണ് ചിത്രത്തിലെ നായിക. ഡിമലും തസ്രീഖ് സലാമുമാണ് ചിത്രത്തിന്റെ തിരക്കഥ. റെക്സ് വിജയന് സംഗീതം.
മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രേമം, ബാംഗ്ലൂര്‍ ഡേയ്സ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയത് അന്‍വര്‍ റഷീദിന്റെ പ്രൊഡക്ഷന്റെ ബാനറിലാണ്. അവസാനമായി സൗബിന് ഷാഹിര്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം പറവയും നിര്‍മിച്ചത് അന്‍വര്‍ റഷീദ് പ്രൊഡക്ഷന്‍സായിരുന്നു.