42 അതിജീവനം, ശൗര്യചക്ര, സിപിഎം, ആര്‍എംപിഐ: വെടിവെച്ച് കൊന്ന 'കോമ്രേഡ്' ബല്‍വിന്ദറിന്റെ ഖലിസ്ഥാന്‍ വിരുദ്ധ പോരാട്ടം ഇങ്ങനെ
ബല്‍വിന്ദറിനെ നാട്ടുകാരും പൊലീസും വിളിച്ചിരുന്നത് 'കോമ്രേഡ്' എന്ന സംബോധനയോടെ മാത്രം.
ആറ് മാസം മുമ്പ് വരെ ബല്‍വിന്ദര്‍ സിങ് സന്ധുവിന് പൊലീസ് കാവലുണ്ടായിരുന്നു. പിന്നീട് പിന്‍വലിച്ചു. അദ്ദേഹത്തെ വകവരുത്താന്‍ പലകുറി ശ്രമിച്ചവര്‍ പക്ഷെ പിന്വാങ്ങിയിരുന്നില്ലെന്ന് വേണം അനുമാനിക്കാന്‍. വെള്ളിയാഴ്ച രാവിലെ സ്വന്തം വീട്ടില്‍ അജ്ഞാതരായ ഒരു സംഘം, രാജ്യം ശൗര്യചക്രം നല്കി ആദരിച്ച ആ 62 കാരന്റെ പോരാട്ട ജീവിതം വെടിവെച്ച് അവസാനിപ്പിച്ചു.
പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയിലെ ഭിഖിവിന്ദ് ഗ്രാമത്തില്‍നിന്നുള്ള സിപിഎം വിട്ട് ആര്‍എംപിഐയില്‍ എത്തിയ ഈ നേതാവിന്റെ ജീവിതം ഖിലിസ്ഥാന് തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിലൂടെയായിരുന്നു രാജ്യത്തിന്റെ ശ്രദ്ധയിലെത്തിയത്. വര്‍ഷങ്ങളോളം ഖലിസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരായ പോട്ടാത്തിന്റെ മുന്‍നിരയിലായിരുന്നു ബല്‍വിന്ദര്‍ സിങ് സന്ധുവും കുടുംബവും.

ബല്‍വിന്ദറിനെ നാട്ടുകാരും പൊലീസും വിളിച്ചിരുന്നത് 'കോമ്രേഡ്' എന്ന സംബോധനയോടെ മാത്രം. 42 തവണ ബല്‍വിന്ദറിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായി. 1990ല്‍ സെപ്തംബര്‍ 30ന് അതില്‍ ഏറ്റവും ഭീകരമായ ആക്രമണത്തെ അതിജീവിച്ചു. 200 ലേറെ തീവ്രവാദികള്‍ അന്ന് അദ്ദേഹത്തിന്റെ വീടാക്രമിച്ചു. അഞ്ച് മണിക്കൂറിലേറെ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു. സര്‍ക്കാര്‍ നല്കിയ പിസ്റ്റളും സറ്റണ്‍ ഗണും ഉപയോഗിച്ച് സന്ധു സഹോദരങ്ങളും ഭാര്യമാരും തീവ്രവാദികളെ നേരിട്ടു. അസാധാരണമായ ചെറുത്തിനില്‍പ്പിലൂടെ അതിജീവിച്ചു. ഇതിന് രാജ്യം 1993ല്‍ ശൗര്യചക്ര പുരസ്കാരം നല്കി ആ ധീരതയെ ആദരിച്ചു. അതിന് മുമ്പുള്ള 11 മാസത്തിനിടയില്‍ 16 തവണ ബല്‍വിന്ദറിന് നേരെ തീവ്രവാദികളുടെ ആക്രമണം ഉണ്ടായതായി ശൗര്യചക്ര പുരസ്കാരത്തിനൊപ്പം നല്കിയ താമ്രപത്രത്തില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി രേഖപ്പെടുത്തി. ബല്‍വിന്ദറും ഭാര്യ ജഗദീഷ് കൗര്‍, സഹോദരന് രണ്‍ജിത് സിങ് സന്ധു, ഭാര്യ ബല്‍രാജ് കൗര്‍ എന്നിവര്‍ ചേര്‍ന്ന് അതെല്ലാം അതിജീവിച്ചു എന്ന് അതില്‍ വ്യക്തമാക്കുന്നു. അന്നത്തെ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്മയില്നിന്നായിരുന്നു ആദരം ഏറ്റുവാങ്ങിയത്.
വെള്ളിയാഴ്ച രാവിലെ ബൈക്കില്‍ എത്തിയ രണ്ടുപേരാണ് ബല്‍വിന്ദര്‍ സിങ് സന്ധുവിനെ വെടിവെച്ച് കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അന്വേഷണത്തിന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നാല് സംഘമായാണ് അന്വേഷണം.
ആറ് മാസം മുമ്പായിരുന്നു ബല്‍വിന്ദറിന്റെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചത്. നിരന്തരം ഭീഷണി സന്ദേശങ്ങള്‍ വരാറുണ്ടെന്ന് പൊലീസിനെയും സര്‍ക്കാരിനെയും അറിയിച്ചിട്ടും സംരക്ഷണം ഒരുക്കാന്‍ തയ്യാറായില്ലെന്ന് ബല്‍വിന്ദറിന്റെ കുടുംബം ആരോപിക്കുന്നു. എന്തുകൊണ്ട് പൊലീസ് സുരക്ഷ പിന്‍വലിച്ചു എന്നതിന് വ്യക്തമായ ഉത്തരം ലഭ്യമല്ല. ഇക്കാര്യം പരിശോധിക്കുന്നു എന്ന് മാത്രമാണ് തരന് തരന് എസ്എസ്പി ധ്രുമന്‍ എച്ച് നിംബാലെ അറിയിച്ചത്.
സിപിഎം നേതാവായിരുന്ന ബല്‍വിന്ദര്‍ സിങ് 2009ല്‍ പാര്‍ട്ടി വിട്ടു. അദ്ദേഹത്തിന്റെ ഭാര്യയും സിപിഎം അംഗമായിരുന്നു. പിന്നീട് റവല്യൂഷണറി മാര്‍ക്സിറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍എംപിഐ)യില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ബല്‍വിന്ദറിന്റെ കുടുംബത്തിന് നേരെ നടന്ന ആക്രമണങ്ങളില്‍ 42 എഫ്ഐആര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഖലിസ്ഥാന്‍ വിരുദ്ധ പോരാട്ടത്തിനുമൊപ്പം ബല്‍വിന്ദര്‍ നാട്ടില്‍ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഭാഗമായി. സ്വന്തമായി സ്കൂള്‍ സ്ഥാപിച്ചു. താഴെത്തെ നിലയില്‍ സ്കൂളും മുകളില്‍ വീടും. ആക്രമണം നടക്കുമ്പോള്‍ താഴെത്ത നിലയിലുള്ള സ്കൂളിലായിരുന്നു ബല്‍വിന്ദര്‍.
ഇത് തീവ്രവാദികളുടെ ആക്രമണമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ജഗദീഷ് കൗര്‍ പറയുന്നു. അല്ലാതെ മറ്റ് ശത്രുക്കളാരും അവര്‍ക്കുണ്ടായിരുന്നില്ല. ഒരുഘട്ടത്തില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വരെ അവരുടെ ജീവന് കാക്കാന്‍ ഉണ്ടായിരുന്നു. പിന്നീട് പൊലീസ് ്അത് ഒന്നൊന്നായി കുറച്ചു. പുതിയ എസ്എസ്പി ചുമതലയേറ്റെടുത്തപ്പോള്‍ എല്ലാ സുരക്ഷയും പിന്‍വലിച്ചുവെന്ന് ജഗദീഷ് കൗര്‍ പറഞ്ഞു. സുരക്ഷ പുനഃസ്ഥാപിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഒന്നും ചെയ്തില്ല.
സുരക്ഷ ഉദ്യോഗസ്ഥരെ പിന്‍വലിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും വരെ മൃതദേഹം സംസ്കരിക്കാതെ പ്രതിഷേധിക്കുമെന്ന് കുടുംബം അറിയിച്ചു. കുടുംബത്തിന് ഇനിയെങ്കിലും സംരക്ഷണം നല്‍കണം. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണം. ഇതാണ് ബല്‍വിന്ദറിന്റെ കുടുംബത്തിന്റെ ആവശ്യം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!