അർണബിനെതിരെ അന്വേഷണം ആവശ്യപ്പെട്ട ശിവസേന എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്; മകൻ അറസ്റ്റിൽ
ഇഡി, സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു കേന്ദ്ര സർക്കാർ എതിരാളികളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്നു ശിവസേന.
ശിവസേന എംഎൽഎ പ്രതാപ് സർനായിക്കിൻ്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുംബൈയിലും താനെയിലുമായി പത്തിടങ്ങളിൽ നടത്തിയ റെയ്ഡിന് പിന്നാലെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ എംഎൽഎയുടെ മകൻ വിഹാങ് സർനായിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി സർവീസ് കമ്പനി നടത്തുന്ന ടോപ്സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് ഇഡി ഇന്ന് റെയ്ഡ് നടത്തിയത്. ഇതിൽ പ്രൊമോട്ടർമാരുടെയും സർനായിക്ക് അടക്കമുള്ള ചില രാഷ്ട്രീയ പ്രവർത്തകരുടെയും സ്ഥാപനങ്ങളും ഉൾപ്പെടുന്നു.
ഇഡിയുടെ നീക്കത്തിനെതിരെ ശിവസേന രംഗത്തെത്തി. ഇഡി, സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു കേന്ദ്ര സർക്കാർ എതിരാളികളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്നു ശിവസേന വക്താവ് പ്രിയങ്ക ചതുർവേദി ആരോപിച്ചു. കേന്ദ്രത്തിൻ്റെ താൽപര്യങ്ങൾ മാത്രം നടപ്പിലാക്കുക എന്ന നിലയിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുരുങ്ങിയതായും പ്രിയങ്ക ആരോപിച്ചു.
This methodology of (mis)using ED, IT,CBI has been used by central government to silence opponents just so many times that even people can see through the vendetta. ED is reduced to only enforcing centre’s whims&fancies.
— Priyanka Chaturvedi (@priyankac19) November 24, 2020
Our resolve to fight back only gets stronger. Bring it on. https://t.co/3rhQ5jZWzJ
താനെയിലെ ഒവ്ല–മജിവാഡ മണ്ഡത്തിൽ നിന്നുള്ള എംഎൽഎയാണ് പ്രതാപ് സർനായിക്. റിപ്പബ്ലിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ പ്രത്യേകാവകാശ പ്രമേയം ലംഘിച്ചതിന് സർനായിക് നടപടി ആവശ്യപ്പെട്ടിരുന്നു. ആർക്കിടെക്ട് അന്വയ് നായിക് ആത്മഹത്യ ചെയ്ത കേസിൽ പുനരന്വേഷിക്കണമെന്നും പ്രതാപ് സർനായിക് ആവശ്യപ്പെട്ടിരുന്നു.
റിപബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ജോലികള്‍ ചെയ്ത ആര്‍കിടെക്ടായിരുന്നു അന്വയ് നായിക്. ജോലി ചെയ്തതിന്റെ കുടിശിക റിപബ്ലിക് ടിവി തന്നില്ലെന്ന് പറഞ്ഞായിരുന്നു 2018 ല്‍ അന്വയ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്തത്. കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അർണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സുപ്രീംകോടതി പിന്നീട് ജാമ്യം അനുവദിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!