ഭീമ കൊറേഗാവ് കേസ്: ഒറ്റപ്പെട്ട സംഭവമല്ല, ഹിന്ദുത്വ രാഷ്ട്രത്തിനായുള്ള അജണ്ടയുടെ ഭാഗമെന്ന് സീതാറാം യെച്ചൂരി
വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ സർക്കാർ രാജ്യദ്രോഹിയായി കണക്കാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. യുഎപിഎ പോലുള്ള കരിനിയമങ്ങൾ പിൻവലിക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും മറ്റും അറസ്റ്റ് ചെയ്തത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വലിയൊരു അജണ്ടയുടെ ഭാഗമാണെന്നും സിപിഐ(എം) നേതാവ് സീതാറാം യെച്ചൂരി. ഹിന്ദുത്വ രാഷ്ട്രത്തിന് വഴിയൊരുക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും സീതാറാം യെച്ചൂരി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. 'എന്നാൽ ഭരണഘടന ഇത് അനുവദിക്കുന്നില്ല. അത് കൊണ്ട് ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണിത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് എല്ലാ തരത്തിലും ഭരണഘടന സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു', സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ഭീമ കൊറേഗാവ് കേസിൽ മാത്രമല്ല ഡൽഹി കലാപക്കേസിലും നിരപരാധികളെ അറസ്റ്റ് ചെയ്യുകയാണെന്നും കുറ്റവാളികൾ സ്വതന്ത്രരായി വിഹരിക്കുകയാണെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.
വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ സർക്കാർ രാജ്യദ്രോഹിയായി കണക്കാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. യുഎപിഎ പോലുള്ള കരിനിയമങ്ങൾ പിൻവലിക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ് ഓൺലൈനിൽ സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ സംസാരിക്കവേയാണ് യെച്ചൂരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. യെച്ചൂരിയെ കൂടാതെ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി, എൻസിപി എംപി സുപ്രിയ സുലെ, കോൺഗ്രസ് എംപി ശശി തരൂർ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ട്രൈബൽ റൈറ്സ് ആക്ടിവിസ്റ്റ് ദയാമനി ബാർല തുടങ്ങിവരും പത്ര സമ്മേളനത്തിൽ സംസാരിച്ചു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അനധികൃതമായി അറസ്റ്റ് ചെയ്ത 16 ആക്ടിവിസ്റ്റുകളെയും മോചിപ്പിക്കണമെന്നു പത്ര സമ്മേളനത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകർ അടക്കമുള്ളവർക്ക് പ്രതിപക്ഷ നേതാക്കൾ പിന്തുണ അറിയിച്ചു.
2018 ജനുവരി ഒന്നിനുണ്ടായ ദളിത്-മറാഠ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 16 പേരെയാണ് എൻഐഎ അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊറേഗാവ് യുദ്ധത്തിൻ്റെ ഇരുന്നൂറാം വാർഷികാഘോഷത്തിനിടയിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പങ്കുണ്ടെന്നു ആരോപിച്ചാണ് മനുഷ്യാവകാശ പ്രവർത്തകരെയും അധ്യാപകരെയും സാംസ്കാരിക പ്രവർത്തകരെയും എൻഐഎ അറസ്റ്റ് ചെയ്തത്. കുറ്റാരോപിതർക്ക് നിരോധിത സിപിഐ-മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നും എൻഐഎ ആരോപിച്ചിരുന്നു. കേസിൽ ആനന്ദ് തെൽതുംബ്ദെ, സ്റ്റാൻ സ്വാമി, ഗൗതം നവ്ലേഖ അടക്കം എട്ട് പേർക്കെതിരെ എൻഐഎ ഒക്ടോബർ ഒമ്പതിന് കുറ്റപത്രം സമർപ്പിച്ചു. ഇവരെ കൂടാതെ, ഡൽഹി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ മലയാളിയായ ഹാനി ബാബു, ജ്യോതി ജഗ്താപ്, സാഗർ ഗോർഖെ, രമേശ് ഗെയ്ചോർ, മിലിന്ദ് തെൽതുംബ്ദെ എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!