ടറന്റീനോ തിരഞ്ഞെടുത്ത സ്വന്തം സിനിമയിലെ പാട്ടുകൾ
' സിറ്റ് ബാക്ക്, റിലാക്സ്' എന്ന് ടറന്റീനോയുടെ ശബ്ദത്തിലുള്ള ഇൻട്രോയോടെയാണ് എഴുപത് പാട്ടുകളുള്ള പ്ലേയ്ലിസ്റ്റ് ആരംഭിക്കുന്നത്.
ശ്രദ്ധേയനായ അമേരിക്കൻ ഫിലിംമേക്കറാണ് ക്വെന്റിൻ ടറന്റീനോ. നോൺ ലീനിയറായ കഥപറച്ചിലും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും വയലൻസുമെല്ലാം ഉള്ള അദ്ദേഹത്തിന്റെ സിനിമകൾക്ക് ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ടറന്റീനോ സിനിമകളുടെ മൂഡ് നിശ്ചയിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. അതിലെ സൗണ്ട് ട്രാക്കുകളാണത്.
സിനിമയിലെ മാജിക്
സ്വന്തമായി പശ്ചാത്തല സംഗീതം ഒരുക്കുന്നതിന് പകരം നിലവിലുള്ള പാട്ടുകൾ അതിനായി ഉപയോഗിക്കുന്നതാണ് ടറന്റീനോ പിന്തുടരുന്ന രീതി. 2003ൽ ഇറങ്ങിയ 'കിൽ ബിൽ' സിനിമ കണ്ടവരാരും തന്നെ നാൻസി സിനാത്ര പാടിയ 'ബാങ് ബാങ്' മറന്നുകാണില്ല. ഈ പാട്ട് 1996ൽ റിലീസ് ചെയ്തതാണ്. 2015 ൽ ഇറങ്ങിയ ' ദി ഹേറ്റ്ഫുൾ ഏയ്റ്റ്' എന്ന സിനിമയിലെ 'ആപ്പിൾ ബ്ലോസം' എന്ന പാട്ട് ദി വൈറ്റ് സ്ട്രൈപ്സ് എന്ന റോക്ക് ബാൻഡ് 2000ത്തിൽ റിലീസ് ചെയ്തതാണ്.
സന്ദർഭത്തിന് ഏറ്റവും യോജിക്കുന്ന മനസ്സിൽ പതിഞ്ഞ പാട്ടുകളാണ് ടറന്റീനോ എപ്പോഴും തിരഞ്ഞെടുക്കുന്നത്. കഥാപാത്രങ്ങളുടെ സൃഷ്ടിയെ വരെ നിർണയിക്കുന്നതാണ് ഈ പാട്ടുകൾ. ടറന്റീനോയുടെ ഈ മാജിക് മിക്കപ്പോഴും ഫലിക്കുകയും ചെയ്യുന്നു. ഫോൾക്, കൺട്രി , റോക്ക്, ബ്ലൂസ്, ജാസ്, പോപ്പ് തുടങ്ങി പല ഴോണറുകളിലൂടെയും ടറന്റീനോ സിനിമകൾ സഞ്ചരിക്കുന്നുണ്ട്. 1960 മുതൽ 80 വരെയുള്ള മ്യുസിക്കാണ് അമേരിക്കൻ ഫിലിംമേക്കറുടെ പ്രകടമായ സ്വാധീനം.
ടറന്റീനോ പ്ലേയ്ലിസ്റ്റ്
ഈയടുത്താണ് മ്യുസിക് സ്ട്രീമിങ് ആപ്പായി സ്പോട്ടിഫൈയിലൂടെ ടറന്റീനോ തന്റെ പ്ലേയ്ലിസ്റ്റ് പുറത്തുവിടുന്നത്. തന്റെ തന്നെ സിനിമകളിലെ പ്രിയപ്പെട്ട പാട്ടുകളായിരുന്നു പ്ലേയ്ലിസ്റ്റിൽ ഉള്ളത്.
നാൻസി സിനാത്രയുടെ 'ബാങ് ബാങ്', ചക് ബെറിയുടെ ' യൂ നെവർ കാൻ ടെൽ' , ദി വൈറ്റ് സ്ട്രൈപ്പ്സിന്റെ 'ആപ്പിൾ ബ്ലോസം', ഡേവിഡ് ബോവിയുടെ 'ക്യാറ്റ് പീപ്പിൾ' തുടങ്ങി പ്രശസ്തമായ ഒട്ടേറെ പാട്ടുകൾ ഇതിൽ ഇടംപിടിച്ചു. ജോണി ക്യാഷ്, സീ സീ ടോപ്, ഡീപ് പർപ്പിൾ തുടങ്ങി ഒട്ടേറെ ഇതിഹാസങ്ങളുടെ പാട്ടുകളും പ്ലേയ്ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
' സിറ്റ് ബാക്ക്, റിലാക്സ്' എന്ന് ടറന്റീനോയുടെ ശബ്ദത്തിലുള്ള ഇൻട്രോയോടെയാണ് എഴുപത് പാട്ടുകളുള്ള പ്ലേയ്ലിസ്റ്റ് ആരംഭിക്കുന്നത്.