ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവിൽ നിന്ന് ആക്രമണം നേരിട്ടവൾ ആണ് മിരിയം. പക്ഷെ ബോക്സിങ് സ്വപ്നങ്ങൾ അവൾക്ക് ചിറകുകൾ നൽകി. റിങ്ങിനുള്ളിലും പുറത്തും പോരാടുന്ന യുവതിയെ കുറിച്ച്
മിരിയം ബോക്സിങ് പരിശീലനത്തിലാണ്. പല്ലുകളെ സംരക്ഷിക്കാൻ ഉള്ള കവചത്തിൽ ഒരു വാചകം എഴുതിയിട്ടുണ്ട്: #gender violence
ആദ്യ കുഞ്ഞിനെ പ്രസവിക്കുന്നതിന് രണ്ടു മാസം മുന്നേയാണ് മിരിയം ഗുട്ടറസിന് ഭർത്താവിൽ നിന്നും ക്രൂരമർദ്ദനം നേരിടേണ്ടിവന്നത്. അതിക്രമം അരങ്ങേറിയ സമയത്ത് മിരിയത്തിന്റെ പ്രായം 21. നിഷ്ഠൂരമായ അതിക്രമത്തിന് ഇരയായ അവർ പ്രതീക്ഷിച്ച സമയത്തിന് മുന്നേ പ്രസവിച്ചു. മുഖം നിറയെ മുറിപാടുകളോടെ.
"അയാളുടെ മർദനത്തിൽ എന്റെ മുഖത്തെ എല്ലുകൾ തകർന്നിരുന്നു.നിലത്തു വീണ ഞാൻ ആദ്യം തന്നെ പേടിച്ചത് എന്റെ കുഞ്ഞിനെ കുറിച്ച് ആലോചിച്ചാണ്. അവൾക്ക് ഹൃദയസ്പന്ദനം നിലച്ചോ എന്ന ഭയമായിരുന്നു എനിക്ക്".
പിന്നീട് ഒന്നരവർഷത്തോളം ബോക്സിങ്ങിനോട് വിട പറഞ്ഞു. സ്വപ്നങ്ങളുമായി മുന്നോട്ടു പോകാൻ ധൈര്യം തന്നത് കോച്ച് ആണ്. ധീരമായി തിരിച്ചു വന്ന മിരിയത്തിന് ഇപ്പോൾ ഒരു പേരുണ്ട് ആളുകളുടെ ഇടയിൽ: "രാജ്ഞി".
ഈ വർഷം മിരിയം തന്റെ ജൈത്രയാത്ര തുടങ്ങി, അത് റിങ്ങിൽ മാത്രമായി ചുരുങ്ങിയില്ല. മാർച്ചിൽ യൂറോപ്യൻ ലൈറ്റ് വെയിറ്റ് ബോക്സിങ് ചാമ്പ്യൻ. അതിന് ശേഷം റിങ്ങിന് പുറത്തായിരുന്നു മിരിയത്തിന്റെ പഞ്ച്. മെയ് മാസത്തിൽ മാഡ്രിഡ് സിറ്റി കൗൺസിലർ ആയി ജയം.
ഇനി ലക്ഷ്യം റിങ്ങിനുള്ളിലെ ജയമാണ്. വേൾഡ് ചാമ്പ്യൻഷിപ്പാണ് ലക്ഷ്യം. ബോക്സിങ് റിങ്ങിൽ മാത്രമല്ല, പുറത്തും സ്ത്രീകളുടെ അവകാശപോരാട്ടങ്ങളുടെ മുന്നിലുണ്ട് മിരിയം. സ്പെയിനിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് നേരെ വെളിച്ചം വീശുകയാണ് മിരിയം തന്റെ വിജയങ്ങളിലൂടെ.
"ഒന്നിനും എന്നെ തോൽപ്പിക്കാനാകില്ല", മിരിയം ചിരിച്ചുകൊണ്ട് പറഞ്ഞു.
മൂത്ത മകൾ ഇപ്പോൾ കൗമാരക്കാരിയാണ്. ഇപ്പോൾ ഒരു മകൻ കൂടി ഉണ്ട് മിരിയത്തിന്. രണ്ടു പേരും അമ്മയുടെ സ്വപ്നങ്ങളുടെ കൂടെയുണ്ട്.
പെൺകുട്ടികൾക്ക് സ്കൂളുകളിൽ പ്രതിരോധ സംവിധാനങ്ങൾ പഠിപ്പിച്ചു കൊടുക്കുന്ന അമ്മയെ അവർ അഭിമാനത്തോടെ കാണുന്നു.
"പരസ്പര ബഹുമാനം വേണം. ഇപ്പോഴത്തെ ആളുകൾക്ക് അത് തീരെ ഇല്ല" മിരിയം കുട്ടികളോട് പറയുന്നു.
കഠിനമായി പരിശീലിക്കാനാണ് മിരിയത്തിന്റെ തീരുമാനം. ബോക്സിങ്ങിലും, രാഷ്ട്രീയത്തിലും. " ഞാൻ ലോക ചാമ്പ്യൻ ആകും , അത് വെറുമൊരു സ്വപ്നമല്ല. യാഥാർഥ്യം ആകാൻ പോകുകയാണ്. എല്ലാ ദിവസവു൦ ഞാൻ അതിനെ പറ്റിയാണ് ചിന്തിക്കുന്നത്". " എനിക്ക് ഉണ്ടായ മോശം അനുഭവങ്ങളിൽ എനിക്ക് ഇപ്പോൾ ദുഃഖം ഇല്ല. എന്നെ ഇപ്പോഴത്തെ ഞാൻ ആക്കി മാറ്റിയത് ആ അനുഭവങ്ങളാണ്", മിരിയം ആത്മവിശ്വാസത്തോടെ പറയുന്നു.
2003ന് ശേഷം ഭർത്താവിനാലോ, പൂർവകാമുകനാലോ കൊല്ലപ്പെട്ട സ്ത്രീകളുടെ നിരവധി കേസുകളാണ് സ്പെയിനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് .
തിരഞ്ഞെടുപ്പിൽ മുന്നേറ്റം നേടിയ വലതുപക്ഷ പാർട്ടിയായ വോക്സ് സ്ത്രീകളോടുള്ള അതിക്രമം തടയുന്ന നിയമം എടുത്തുകളയാനുള്ള നീക്കത്തിലാണ്.