31 വർഷം മുമ്പത്തെ കുടുംബകഥ; സണ്ണിനെതിരെ സ്റ്റോക്സ്
ഹീറോ ബെന്നിന്റെ സഹോദരിയും സഹോദരനും വെടിയേറ്റു മരിച്ചു എന്ന വലിയ തലക്കെട്ടോടു കൂടിയാണ് സ്റ്റോക്സിന്റെ കുടുംബത്തെ വേട്ടയാടുന്ന ദുരന്തം എന്ന പേരിൽ പത്രം വാർത്ത കൊടുത്തത്
ദി സൺ ന്യൂസ് പേപ്പറിനെതിരെ ഇംഗ്ലണ്ടിൽ പ്രതിഷേധം ശക്തമാവുന്നു. ബെൻ സ്റ്റോക്ക്സിന്റെ കുടുംബത്തിനെ കുറിച്ചുള്ള കഴിഞ്ഞ ദിവസത്തെ പ്രധാന പേജിലെ തലക്കെട്ടും വാർത്തയുമാണ് സണ്ണിനെതിരെയുള്ള പ്രതിഷേധത്തിനു കാരണം. നീതികെട്ടതും ഹൃദയശൂന്യവുമായ പത്രപ്രവർത്തനമാണ് സൺ നടത്തിയതെന്ന സ്റ്റോക്ക്സിന്റെ പ്രതികരണത്തോടെ ആഗോളതലത്തിൽ തന്നെ പത്രത്തിനെതിരെ ശക്തമായ പ്രതിഷേധജ്വാലകളാണ് ഉയർന്നു കൊണ്ടിരിക്കുകയാണ്.
31 വർഷം മുമ്പ് സ്റ്റോക്സിന്റെ കുടുംബത്തിൽ നടന്ന ദുരന്തപൂർണമായ സംഭവങ്ങളെ വലിയ തലക്കെട്ടിൽ ഇന്നലെ സംഭവിച്ചെന്ന പോലെ സൺ പുറത്തു വിട്ടത്. ഹീറോ ബെന്നിന്റെ സഹോദരിയും സഹോദരനും വെടിയേറ്റു മരിച്ചു എന്ന വലിയ തലക്കെട്ടോടു കൂടിയാണ് സ്റ്റോക്സിന്റെ കുടുംബത്തെ വേട്ടയാടുന്ന ദുരന്തം എന്ന പേരിൽ പത്രം വാർത്ത കൊടുത്തത്.
ന്യൂസിലാൻഡിലുള്ള സ്റ്റോക്സിന്റെ ജൻമഗൃഹത്തിലേക്ക് റിപ്പോർട്ടറെ അയച്ച് ചെയ്ത വാർത്തയിൽ പറയുന്നത് മുഴുവൻ 31 വർഷം മുമ്പുള്ള കാര്യങ്ങളാണ്. അതായത് സ്റ്റോക്സ് ജനിക്കുന്നതിനും മുമ്പുള്ള കാര്യങ്ങൾ. 1988 ൽ സ്റ്റോക്സിന്റെ അമ്മയുടെ മുൻകാമുകൻ സ്റ്റോക്സിന്റെ അർധസഹോദരനേയും സഹോദരിയേയും വെടിവെച്ചു കൊലപ്പെടുത്തിയ കാര്യങ്ങളാണ് ലേഖനത്തിൽ പരാമർശിക്കുന്നത്.
എന്നാൽ ഇതിനെതിരെ സ്റ്റോക്സ് രംഗത്തെത്തിയതോടെ കളി മാറി. തരം താണ പത്രപ്രവർത്തനമാണ് ഇല്ലാക്കഥകൾ ചൊല്ലി പത്രം നടത്തിയതെന്ന് സ്റ്റോക്സ് തന്റെ പ്രസ്താവനയിൽ പറയുന്നു. 31 വർഷം മുമ്പ് നടന്ന കഥകൾ ശവക്കുഴി തോണ്ടി എന്റെ പേരിൽ പ്രസിദ്ധീകരിക്കുന്നത് തികച്ചും വൃത്തികെട്ട ജേണലിസമാണ്. ഇതിനെ വിശേഷിപ്പിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ഇതെത്രത്തോളം എന്റെ മാതാപിതാക്കളെ, പ്രത്യേകിച്ചും മാതാവിനെ വേദനിപ്പിച്ചുവെന്നത് നിങ്ങൾക്കറിയില്ല. ഞാൻ ഒരു പബ്ലിക് ഫിഗറാണെന്ന കാര്യവും എന്നെപ്പറ്റി വാർത്തകൾ വരുന്നതും സ്വാഭാവികമാണെന്ന് സമ്മതിക്കുന്നു. പക്ഷേ, അതിന്റെ പേരിൽ എന്റെ മാതാപിതാക്കൾക്കെതിരെയും കുടുംബത്തിനെതിരെയും ഇത്തരം വില കുറഞ്ഞ കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റില്ല. അവർക്ക് അവരുടേയായ സ്വകാര്യ ജീവിതം ജീവിക്കാനുള്ള അവകാശമുണ്ട്. സ്റ്റോക്സ് ഇറക്കിയ കുറിപ്പിൽ പറയുന്നു.
ഇതോടെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും മുൻ കളിക്കാരുമല്ലാം സ്റ്റോക്സിന് പിന്തുണയുമായി രംഗത്തെത്തി. സണ്ണിനെ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്. എന്നാൽ സ്റ്റോക്സിനോട് ഏറെ ബഹുമാനമുണ്ടെന്നും അവരുടെ കുടുംബത്തിലെ കാര്യങ്ങൾ, മറ്റൊരു കുടുംബാഗത്തിന്റെ സമ്മതപ്രകാരമാണ് പ്രസിദ്ധീകരിച്ചതെന്നും ഈ വാർത്ത ആ കാലത്ത് ന്യൂസിലാൻഡിലെ പ്രധാനവാർത്തയായിരുന്നുവെന്നുമാണ് സൺ പത്രത്തിന്റെ വിശദീകരണം.
ഇക്കഴിഞ്ഞ ആഷസിലും ലോകകപ്പിലുമായി ഇംഗ്ലീഷ് ടീമിന്റെ നെടുന്തൂണായ ബെൻ സ്റ്റോക്സിനെ ദേശീയ ഹീറോ ആയിട്ടാണ് ഇംഗ്ലീഷുകാർ കാണുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!