നിലംതൊടാത്ത ബാഴ്സയിൽ നിന്ന് ആരാധകർ എന്താണ് പ്രതീക്ഷിക്കേണ്ടത് ?
ബാഴ്സയെ ഉടച്ചുവാർത്ത യോഹാൻ ക്രൂയ്ഫിന് കീഴിൽ പാകപ്പെട്ട റൊണാൾഡ് കൂമൻ എന്ന താരം പരിശീലക കുപ്പായത്തിലും അതേ പ്രതിഭ പുലർത്തുമെന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം.
ഏറെ അഴിച്ചുപണികൾക്ക് ഒടുവിലും ബാഴ്സലോണയിൽ പ്രതിസന്ധികൾ അവസാനിക്കുന്നില്ല. എട്ട് മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ 11 പോയിന്റുമായി പോയിന്റ് പട്ടികയിൽ പന്ത്രണ്ടാമതാണ് കാറ്റലൻ ക്ലബ്ബ്. മൂന്ന് വീതം ജയിക്കുകയും തോൽക്കുകയും ചെയ്ത ക്ലബ്ബിന്റെ രണ്ട് മത്സരങ്ങൾ സമനിലയിലും അവസാനിച്ചു. ഈ മോശം തുടക്കത്തിന്റെ പശ്ചാത്തലത്തിൽ ബാഴ്സയിൽ നിന്ന് ആരാധകർ എന്തെങ്കിലും പ്രതീക്ഷിക്കണമോ എന്നതാണ് പൊതുവെയുള്ള ചോദ്യം.
അഴിച്ചുപണികൾ, പ്രതീക്ഷകൾ
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏറെ അഴിച്ചുപണികൾക്ക് ഒടുവിലാണ് ബാഴ്സ സീസൺ ആരംഭിച്ചത്. പ്രസിഡന്റ് ജോസഫ് ബാർതോമ്യോവും പരീശീലകൻ, പരിശീലകൻ ക്വിക്കെ സെറ്റിയാൻ തുടങ്ങി ക്ലബ്ബിന്റെ മാനേജ്മെന്റ് ചുമതല വഹിക്കുന്ന പലരുടെയും തലയുരുണ്ടു. കാൾസ് ടസ്ക്വേറ്റ്സിന് പ്രസിഡന്റിന്റെ താത്കാലിക ചുമതല കൊടുത്തു. ബാഴ്സലോണ മുൻ താരം കൂടിയായ റൊണാൾഡ് കൂമനെ ഡച്ച് ദേശീയ ടീം പരിശീലക സ്ഥാനം രാജിവെപ്പിച്ചാണ് കാറ്റലോണിയയിലേക്ക് കൊണ്ടുവന്നത്.
ട്രാൻസ്ഫർ വിപണിയിലും ഏറെ അഴിച്ചുപണികൾ നടന്നു. ഏറെ കാലമായി ബാഴ്സലോണ മുന്നേറ്റത്തിന്റെ കുന്തമുനയായ സൂപ്പർ താരം ലൂയിസ് സുവാരസിനെ വിൽക്കാൻ ക്ലബ്ബ് മടിച്ചില്ല. ആർതർ, ആർദ തുറാൻ, നെൽസൺ സെമെഡോ, കാർലോസ് പെരെസ് തുടങ്ങി വേറെയും താരങ്ങളെ ബാഴ്സ ഒഴിവാക്കി. മിറാലേം പ്യാനിക്ക്, സെർജിനോ ഡെസ്റ്റ്, മാത്യു ഫെർണാണ്ടസ്, പെഡ്രി, ട്രിൻകാവോ എന്നീ താരങ്ങളെയും ടീമിലെത്തിച്ചു.
കഴിഞ്ഞ പതിനേഴ് വർഷത്തോളമായി ലയണൽ മെസി എന്ന അത്ഭുതതാരത്തെ ഏറെ ആശ്രയിച്ചാണ് ബാഴ്സലോണ കളത്തിലിറങ്ങുന്നത്. ഏതൊക്കെ പരിശീലകർ വന്നാലും ബാഴ്സ മെസിക്ക് ചുറ്റും കളി തീർക്കുകയാണ് എന്ന വിമർശനം ശക്തമായിരുന്നു. കരിയറിന്റെ അവസാനകാലഘട്ടത്തിലെത്തിയിരിക്കുന്ന മെസിയെ ഇനിയും ഏറെക്കാലം ആശ്രയിക്കാനാവില്ല. അതിനാൽ തന്നെ ഏറെ കാലമായി പിൻപറ്റുന്ന കളിശൈലിയിൽ നിന്നുള്ള വീടുതലാണ് റൊണാൽഡ് കൂമനിൽ നിന്ന് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്.
പ്രായോഗികതയുടെ പരീക്ഷണം
ഏറെ 'ഫ്ളക്സിബിൾ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുൻ ഡച്ച് പ്രതിരോധതാരത്തിന് പരിശീലകനെന്ന നിലയിൽ മികച്ചൊരു റെക്കോഡ് തന്നെയാണുള്ളത്. പെപ്പ് ഗ്വാർഡിയോളയേയോ സെറ്റിയേനെയോ പോലെ തന്റെ തന്ത്രങ്ങളിലും ഫോർമേഷനുകളിലും കണിശത പുലർത്തുന്ന പരിശീലകനല്ല കൂമൻ. ടീമുകളുടെ കുറ്റവും കുറവും വിലയിരുത്തിയ ശേഷം അതിനനുസരിച്ച് താരങ്ങളെ കളത്തിലിറക്കുന്നതാണ് ബാഴ്സാ ഇതിഹാസത്തിന്റെ ശൈലി.

സൗതാംട്ടനിൽ 4-3-3, 4-2-3-1, 3-4-1-2 എന്നീ ഫോർമേഷനുകൾ പരീക്ഷിച്ച ഡച്ച് പരിശീലകൻ പിന്നീട് എവർട്ടണിൽ പരീക്ഷിച്ചത് തീർത്തും വ്യത്യസ്തമായ ഫോർമേഷനുകളാണ്. കൂമൻ പരിശീലകനായ 2016-17 സീസണിൽ 3-4-3, 3-5-3 എന്നീ ഫോർമേഷനുകളിൽ കളത്തിലിറങ്ങുന്ന എവർട്ടനെ നമ്മൾ കണ്ടു. പ്രതിരോധത്തിൽ മൂന്ന് താരങ്ങളെ മാത്രം ഇറക്കുന്ന പതിവ് അന്ന് ഇംഗ്ലീഷ് ഫുട്ബോളിൽ വലിയ പരീക്ഷണമായിരുന്നു.
ഏറെ കാലത്തിനൊടുവിൽ ലോക ഫുട്ബോളിൽ മടങ്ങിവരവ് ആഗ്രഹിക്കുന്ന നെതർലാൻഡ്സിനെയാണ് കൂമൻ ഒടുവിലായി പരിശീലിപ്പിച്ചത്. കൂടുതലായും 4-3-3 ഫോർമേഷനെ ആശ്രയിച്ച കൂമന്റെ നെതർലാൻഡ്സ് തങ്ങളുടെ പതിവ് ശൈലിയിൽ നിന്ന് ഏറെ വ്യതിചലിച്ചാണ് കളിച്ചത്. ടോട്ടൽ ഫുട്ബോളിന് പേരുകേട്ട രാജ്യത്തെ വ്യക്തിഗത മികവിൽ ഊന്നി കളിക്കുന്ന ഒരു ടീമാക്കിയാണ് കൂമൻ മാറ്റിയത്. 2018 ലോകകപ്പിന് യോഗ്യത പോലും നേടാനാകാതിരുന്ന ടീമിനെ ഫിഫ ലോക റാങ്കിങ്ങിൽ ആദ്യ പതിനഞ്ചിനുള്ളിൽ മടക്കിക്കൊണ്ടുവന്നത് കൂമന്റെ പ്രതിഭയാണ്.
ഒരു ക്ലബ് ഇതിഹാസത്തിന്റെ പരിശീലക ചുമതല നൽകുമ്പോൾ ബാഴ്സലോണ മുന്നോട്ടുവെക്കുന്നതും ഇതേ പ്രായോഗികതയുടെ സമീപനമാണ്. ബാഴ്സയെ ഉടച്ചുവാർത്ത യോഹാൻ ക്രൂയ്ഫിന് കീഴിൽ പാകപ്പെട്ട റൊണാൾഡ് കൂമൻ എന്ന താരം പരിശീലക കുപ്പായത്തിലും അതേ പ്രതിഭ പുലർത്തുമെന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!