നിങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുകൊണ്ടാണ് ഇത് സംഭവിച്ചത്; കേന്ദ്ര സർക്കാരിനെ ശാസിച്ചു സുപ്രീം കോടതി
പലിശ ഒഴിവാക്കുന്നത് ബാങ്കുകളെ ബാധിക്കുമെന്നു സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ കോടതി ശക്തമായ ഭാഷയിൽ പ്രതികരിച്ചു.
മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിലപാട് ആരാഞ്ഞു സുപ്രീം കോടതി. ഇക്കാര്യത്തിൽ ബിസിനസ് താൽപര്യം മാത്രം നോക്കരുതെന്നും തീരുമാനം പറയാതെ കേന്ദ്ര സർക്കാരിന് റിസർവ് ബാങ്കിന് പിന്നിൽ ഒളിക്കാനാവില്ലെന്നും കോടതി പറഞ്ഞു. സെപ്റ്റംബർ ഒന്നിന് നിലപാട് അറിയിക്കാൻ സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. ലോക്ക് ഡൗൺ കാലയളവിലെ വായ്പ തിരിച്ചടവിന് പലിശ ഈടാക്കുന്നത് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദേശം. ജസ്റ്റിസ് അശോക് ഭൂഷൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പലിശ ഒഴിവാക്കുന്നത് ബാങ്കുകളെ ബാധിക്കുമെന്നു സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ കോടതി ശക്തമായ ഭാഷയിൽ പ്രതികരിച്ചു. 'ഇത് സംഭവിച്ചത് നിങ്ങൾ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കൊണ്ടാണ്. രണ്ട് കാര്യത്തിൽ നിലപാട് വ്യക്തമാക്കണം', ജസ്റ്റിസ് അശോക് ഭൂഷൺ പറഞ്ഞു. ദുരന്ത നിവാരണ നിയമപ്രകാരം ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്നും പലിശയുടെ കാര്യത്തിലുള്ള സർക്കാർ നിലപാടും കോടതി ചോദിച്ചു. ദുരന്ത നിവാരണ നിയമപ്രകാരം തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമുണ്ടായിട്ടും കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ബിസിനസിനെ കുറിച്ചു മാത്രം ചിന്തിക്കാനുള്ള സമയമല്ല ഇതെന്നു ജസ്റ്റിസ് എംആർ ഷാ ചൂണ്ടിക്കാട്ടി.
മൊറട്ടോറിയം കാലയളവിലെ പലിശയ്ക്ക് ഇളവ് നൽകാൻ സാധിക്കില്ലെന്ന് റിസർവ് ബാങ്ക് നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അത്തരമൊരു നീക്കം ബാങ്കുകളുടെ സാമ്പത്തിക സ്ഥിരതയെ അപകടത്തിലാക്കുമെന്നും സൂചിപ്പിച്ചിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!