കോടതി വിധിയെ തുടര്‍ന്ന് കൊടിയ സംഘര്‍ഷാവസ്ഥയിലും വെല്ലുവിളികളെയും അതിജീവിച്ച് ശബരിമല ചവിട്ടാനെത്തി, സംഘ്പരിവാര്‍ നേതൃത്വം കൊടുക്കുന്ന ശബരിമല കര്‍മ്മസമിതിയുടെ പ്രതിഷേധങ്ങളും ആക്രമണങ്ങളും മൂലവും പൊലീസ് ഇടപെടല്‍ കൊണ്ടും തിരിച്ചിറങ്ങേണ്ടി വന്ന നിരവധി സ്ത്രീകളുണ്ട്. വിധി വന്നതിന് ശേഷം ആദ്യമായി നടതുറന്നപ്പോള്‍ എത്തിയ സ്ത്രീകള്‍ മുതല്‍ ദര്‍ശനം നടത്തി ചരിത്രമായ ബിന്ദുവും കനകദുര്‍ഗയെയും കൂടാതെ റിപ്പോര്‍ട്ട് ചെയ്യാനെത്തി മടങ്ങേണ്ടി വരികയും ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ വരെ നീളുന്നതാണ് ഈ വനിതകള്‍.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ ചരിത്രവിധിയെ തുടര്‍ന്ന് കേരളത്തില്‍ കലാപസമാനമായ അന്തരീക്ഷമാണ് ഉണ്ടായത്. 2018 സെപ്റ്റംബര്‍ 28ലെ സുപ്രീംകോടതി വിധിക്ക് പിന്നാലെ സംഘ്പരിവാര്‍ നേതൃത്വത്തില്‍ വിവിധ ഹിന്ദു സംഘടനകളെയും സാമുദായിക സംഘടനകളെയും അണിനിരത്തി തെരുവിലിറങ്ങിയുളള കലാപം മുതല്‍ മലചവിട്ടാനെത്തിയ സ്ത്രീകള്‍ക്കെതിരെയുളള ആക്രമണങ്ങള്‍ വരെ സംഘടിതമായി നടന്നു. സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിലെ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സും രംഗത്തെത്തി.
കോടതി വിധിയെ തുടര്‍ന്ന് കൊടിയ സംഘര്‍ഷാവസ്ഥയിലും വെല്ലുവിളികളെയും അതിജീവിച്ച് ശബരിമല ദർശനത്തിനെത്തുകയും, സംഘ്പരിവാര്‍ നേതൃത്വം കൊടുക്കുന്ന ശബരിമല കര്‍മ്മസമിതിയുടെ പ്രതിഷേധങ്ങളും ആക്രമണങ്ങളും മൂലവും പൊലീസ് ഇടപെടല്‍ കൊണ്ടും തിരിച്ചിറങ്ങേണ്ടി വന്ന നിരവധി സ്ത്രീകളുണ്ട്.
വിധി വന്നതിന് ശേഷം ആദ്യമായി നടതുറന്നപ്പോള്‍ ദർശനം തേടി എത്തിയ സ്ത്രീകള്‍ മുതല്‍ ദര്‍ശനം നടത്തി ചരിത്രമായ ബിന്ദുവും കനകദുര്‍ഗയെയും കൂടാതെ റിപ്പോര്‍ട്ട് ചെയ്യാനെത്തി മടങ്ങേണ്ടി വരികയും ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ വരെ നീളുന്നതാണ് ഈ വനിതകള്‍. സംഘര്‍ഷങ്ങളെ ഭയക്കാതെ, വിധിക്ക് പിന്നാലെ ശബരിമലയിലേക്ക് നീങ്ങിയ, എന്നാല്‍ പാതിവഴിയില്‍ തിരിച്ചിറങ്ങേണ്ടി വന്ന(പൊലീസ് തിരിച്ചിറക്കിയ)ആ വനിതകള്‍ കേരളത്തിൽ പുതിയ ചില പടികൾ ചവിട്ടി.
ചേര്‍ത്തല സ്വദേശി ലിബിയും ആന്ധ്രാ സ്വദേശി മാധവിയും
സുപ്രീംകോടതിയുടെ ചരിത്രവിധിക്ക് ശേഷം ഒക്റ്റോബര്‍ 17ന് ശബരിമല നട തുറന്നപ്പോള്‍ ആലപ്പുഴ ചേര്‍ത്തലയില്‍ നിന്നുളള 38 വയസുകാരിയായ ലിബിയാണ് ആദ്യമായി മലകയറാന്‍ എത്തിയത്. സംസ്ഥാനത്തെങ്ങും സംഘ്പരിവാര്‍ നേതൃത്വത്തില്‍ മലകയറാന്‍ എത്തുന്ന സ്ത്രീകളെ തടയുമെന്ന് പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ലിബി പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇരുമുടിക്കെട്ട് നിറച്ച് എത്തിയത്.
സമരക്കാരായ സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് ലിബിയെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ തടഞ്ഞ് കയ്യേറ്റത്തിന് ശ്രമിച്ചു. മലയ്ക്ക് പോകാനായി ബസില്‍ കയറിയാല്‍ ആ ബസ് അടക്കം കത്തിക്കുമെന്ന് പറഞ്ഞിട്ടും ലിബി ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. പിന്നീട് പൊലീസ് ഇടപെട്ട് ലിബിയെ തിരിച്ചയക്കുകയായിരുന്നു.
തങ്ങള്‍ നാലുപേര്‍ ശബരിമലയ്ക്ക് പോകുകയാണെന്ന് വ്യക്തമാക്കി ലിബി ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ടിരുന്നു. താനുള്‍പ്പെടെയുളള രണ്ടുപേര്‍ അതില്‍ നിരീശ്വരവാദികളും രണ്ടുപേര്‍ വിശ്വാസികളാണെന്നും ലിബി പറഞ്ഞിരുന്നു. ശബരിമലയില്‍ പോകാന്‍ ആഗ്രഹം ഉണ്ടായിട്ടല്ല പോകുന്നതെന്നും ലിബി വ്യക്തമാക്കിയിരുന്നു.കേരളത്തിന്റെ ചരിത്രത്തില്‍പോലും ഇതുവരെ ഉണ്ടാകാത്ത തരത്തില്‍ രണ്ട് കുടുംബങ്ങളുടെ താത്പര്യ സംരക്ഷണാര്‍ത്ഥം സുപ്രീംകോടതി വിധിക്കെതിരെ വര്‍ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ കലാപത്തിനാഹ്വാനം ചെയ്ത് തെരുവില്‍ ഇറക്കിയ സംഘപരിവാറിനെതിരെ കടുത്ത വിമര്‍ശനവും അവര്‍ ഉന്നയിച്ചിരുന്നു.
പ്രായമായവരും കുട്ടികളും സ്ത്രീകളും അടങ്ങിയ ആന്ധ്രാസ്വദേശികളുടെ കൂടെയാണ് 45 വയസുളള മാധവി ആദ്യദിവസം ദര്‍ശനത്തിനായി എത്തിയത്. ഇവരുടെ സംഘത്തെ ഗണപതി കോവിലിന് സമീപം സേവ് ശബരിമല എന്നപേരിൽ സംഘടിച്ച സമരക്കാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് സമരക്കാരെ നീക്കം ചെയ്തു. തുടര്‍ന്ന് മലയിലേക്കുളള പരമ്പരാഗത പാതയിലേക്ക് കയറിയ ഇവരെ പ്രതിഷേധക്കാര്‍ വീണ്ടും തടയുകയായിരുന്നു. ഇവരെ സമരക്കാര്‍ ,വളഞ്ഞുവെച്ച് തിരികെപോകാണെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഇവര്‍ മലചവിട്ടുന്നില്ല എന്നുപറഞ്ഞ് കുടുംബസമേതം തിരിച്ചിറങ്ങി.
രാധികാ രാമസ്വാമി, പൂജ പ്രസന്ന, സരിതാ ബാലന്, മൗഷ്മി
രാജ്യം ഉറ്റുനോക്കിയ ചരിത്രപ്രസിദ്ധ വിധിക്കുശേഷം ശബരിമല നട തുറന്നപ്പോള്‍ ദേശീയ, രാജ്യാന്തര മാധ്യമങ്ങള്‍ അടക്കം വനിതകള്‍ മല കയറുമോ എന്നറിയാനായി റിപ്പോര്‍ട്ടിങ്ങിന് എത്തിയിരുന്നു. കേരളത്തില്‍ നിന്നുളള മാധ്യമങ്ങള്‍ പുരുഷന്മാരെ റിപ്പോര്‍ട്ടിങ്ങിനായി നിയോഗിച്ചപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ക്കായി ആദ്യദിവസം റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരില്‍ നിരവധി വനിതകളുണ്ടായിരുന്നു. സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധികാ രാമസ്വാമി, റിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്ന, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ മൗഷ്മി, ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിതാ ബാലന് എന്നി വനിതകള്‍ക്ക് നേരെയാണ് സംഘ്പരിവാര്‍ അനുകൂലികള്‍ ആക്രമണം അഴിച്ചുവിട്ടത്.
സിഎന്‍എന്‍ ന്യൂസ് 18 സംഘത്തിന്റെ വാഹനം തകര്‍ത്താണ് സമരക്കാര്‍ റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമിക്ക് നേരെ ആക്രമണം നടത്തിയത്. റിപ്പബ്ലിക് ടിവിയുടെ വാഹനം തല്ലിത്തകര്‍ത്ത് പൂജ പ്രസന്നയെ കയ്യേറ്റം ചെയ്തു. ശബരിമല പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സരിതാ ബാലനെ കെഎസ്ആര്‍ടിസി ബസില്‍നിന്ന് പിടിച്ചിറക്കിയാണ് കൈയേറ്റം ചെയ്തത്.
നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള യാത്രാമധ്യേയാണ് സരിതയ്ക്കു നേരെ ആക്രമണമുണ്ടായത്. നിലയ്ക്കല്‍ പിന്നിട്ട് കുറച്ചുദൂരം കഴിഞ്ഞപ്പോള്‍ വലിയ സംഘം പ്രതിഷേധക്കാര്‍ എത്തി വണ്ടി തടയുകയായിരുന്നു. ബസിനുള്ളിലേക്കു കയറിയ പ്രതിഷേധക്കാര്‍ സരിതയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകയാണെന്ന് പറഞ്ഞിട്ടും ആക്രമണം തുടരുകയായിരുന്നു. മൗഷ്മിക്ക് നേരെ ബസിനുളളില്‍ വെച്ചായിരുന്നു ആക്രമണം. പലര്‍ക്കും ഗുരുതരമായ പരുക്കാണ് ആക്രമണങ്ങളില്‍ ഏറ്റത്.
സുഹാസിനി രാജ്, ന്യൂയോര്‍ക്ക് ടൈംസ്
ന്യൂയോര്‍ക്ക് ടൈംസിന്റെ ഡല്‍ഹി റിപ്പോര്‍ട്ടറായ ലഖ്നൗ സ്വദേശിയായ സുഹാസിനി രാജ് 2018 ഒക്റ്റോബര്‍ 18നാണ് തന്റെ സുഹൃത്തുമായി മലചവിട്ടിയത്. പരമ്പരാഗത കാനനപാതയില്‍ എത്തിയ ഉടന്‍ ഇവരെ സമരക്കാര്‍ തടഞ്ഞിരുന്നു. പൊലീസ് ഇടപെട്ട് സമരക്കാരെ നീക്കിയശേഷം സുഹാസിനി വീണ്ടും യാത്ര തുടര്‍ന്നിരുന്നു. ജോലി സംബന്ധമായ ആവശ്യത്തിനാണ് ശബരിമലയില്‍ എത്തിയതെന്നാണ് സുഹാസിനി വ്യക്തമാക്കിയത്.
സന്നിധാനത്ത് നിരോധനാജ്ഞ നിലനില്‍ക്കെ സംഘംചേര്‍ന്നെത്തി ഭീഷണിപ്പെടുത്തിയും അസഭ്യം വിളിച്ചും സമരക്കാര്‍ സുഹാസിനിയെ തിരിച്ചിറക്കുകയായിരുന്നു. കനത്ത പൊലീസ് സംരക്ഷണമുണ്ടായിരുന്നിട്ടും സമരക്കാരുടെ സംഘം ഇവരെ വളഞ്ഞുവെച്ചു. ദര്ശനത്തിനായല്ല, ജോലി സംബന്ധമായ ആവശ്യത്തിന് വന്നതാണെന്ന് വ്യക്തമാക്കിയിട്ടും ഇവരെ മുന്നോട്ട് നീങ്ങാന്‍ അനുവദിച്ചില്ല. ശരണം വിളികളോടൊപ്പം അസഭ്യം വിളിച്ചാണ് സുഹാസിനി രാജിനെ സമരക്കാരുടെ സംഘം ഭീഷണിപ്പെടുത്തിയത്.
ഇതിനെ തുടര്‍ന്ന് യാത്ര അവസാനിപ്പിച്ച് സുഹാസിനിയും സഹപ്രവര്‍ത്തകനായ വിദേശിയും തിരിച്ചിറങ്ങി. ന്യൂയോര്‍ക്ക് ടൈംസിന്റെ സൗത്ത് ഏഷ്യാ ബ്യൂറോയില്‍ റിപ്പോര്‍ട്ടറായ സുഹാസിനി നേരത്തെ കോബ്രാ പോസ്റ്റില്‍ ജോലി ചെയ്തിരുന്നു. 2005ല്‍ ആജ് തക്കില്‍ സംപ്രേഷണം ചെയ്ത 'ഓപ്പറേഷന് ദുര്യോധനാ' സുഹാസിനി രാജിന്റെ പ്രധാനപ്പെട്ട റിപ്പോര്‍ട്ടുകളിലൊന്നാണ്.
ആന്ധ്രാപ്രദേശില്‍ നിന്നുളള കവിത, കൊച്ചിയില്‍ നിന്നുളള രഹ്നാ ഫാത്തിമ
കോടതിവിധിക്ക് ശേഷം നടതുറന്ന് മൂന്നാംദിവസമാണ് ഏറെ വിവാദവത്കരിച്ച രണ്ട് യുവതികളുടെ മലചവിട്ടല്‍ ഉണ്ടാകുന്നത്. ആന്ധ്രാപ്രദേശില്‍ നിന്നുളള മോജോ ടെലിവിഷന്‍ എന്ന സ്വകാര്യ ചാനലിന്റെ റിപ്പോര്‍ട്ടറായ കവിത, കൊച്ചി സ്വദേശിനിയും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയും മോഡലുമായ രഹ്നാ ഫാത്തിമ എന്നിവരായിരുന്നു സന്നിധാനത്തേക്ക് നടന്നുനീങ്ങിയത്. ഐജി ശ്രീജിത്ത് അടക്കമുളള പൊലീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുകയും പൊലീസ് ജാക്കറ്റും ഹെല്‍മറ്റും ധരിപ്പിച്ച് ഇവരെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു.
രണ്ടേമുക്കാല്‍ മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പൊലീസിന്റെ സുരക്ഷിത വലയത്തിന് ഇവരെ സന്നിധാനത്തേക്കുളള നടപ്പാതയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ നടപ്പാതയില്‍ ആക്രോശം വിളികളുമായി സമരക്കാര്‍ ഒത്തുകൂടി ഇവരെ തടഞ്ഞു. ഒന്നരമണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ പൊലീസ് ഇവരെ നിര്‍ബന്ധപൂര്‍വം തിരിച്ചിറക്കി.
സ്ത്രീകള്‍ പതിനെട്ടാം പടി ചവിട്ടിയാല്‍ ശ്രീകോവില്‍ അടച്ചിടുമെന്നും വിശ്വാസികളെ വഞ്ചിച്ചുകൊണ്ട് പൂജ നടത്താന്‍ താത്പര്യമില്ലെന്നും ഇതിനിടെ തന്ത്രിയും ആക്റ്റിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനും ഇതിനിടെ പറഞ്ഞിരുന്നു.
മേരി സ്വീറ്റി, കഴക്കൂട്ടം സ്വദേശി
ഒക്ടോബര്‍ 19ന് തന്നെയാണ് കഴക്കൂട്ടം സ്വദേശിയായ 46 വയസുളള മേരി സ്വീറ്റി ശബരിമല കയറാനെത്തിയത്. ഇവരെ സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് തിരിച്ചിറക്കുകയായിരുന്നു.ആറുമാസം മുന്‍പ് താന്‍ പമ്പ ഗണപതി കോവില്‍ വരെ വന്നതാണ്. എല്ലാ വേദപുസ്തകങ്ങളും വായിക്കാറുള്ള ആളാണ്. അമ്പലത്തിലും, മുസ്ലിം പള്ളിയിലും, ക്രിസ്ത്യന്‍ പള്ളിയിലും പോകാറുണ്ട്. തന്നെ ഏതോ അദൃശ്യശക്തി നയിക്കുന്നുണ്ടെന്നും അയ്യപ്പനെ നേരിട്ട് കാണുവാനാണ് എത്തിച്ചേര്‍ന്നതെന്നും മേരി സ്വീറ്റി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.എന്തു വന്നാലും പോകണമെന്നറിയിച്ച ഇവരെ പൊലീസ് അനുനയിപ്പിച്ചു. സുരക്ഷ പ്രശ്നങ്ങളും, നിലവില്‍ തന്ത്രി നടയടച്ച് പ്രതിഷേധിക്കുമെന്ന ഭീഷണി അടക്കം ചൂണ്ടികാണിച്ചാണ് പൊലീസ് ഇവരെ തിരിച്ചയച്ചത്.
മഞ്ജു, ദളിത് മഹിളാ ഫെഡറേഷന് നേതാവ്
ദര്‍ശനം നടത്തണമെന്നും അതിന് പൊലീസ് സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് ദളിത് മഹിളാ ഫെഡറേഷന് നേതാവ് കൂടിയായ മഞ്ജു പമ്പയില്‍ എത്തിയത്. ആക്റ്റിവിസ്റ്റ് എന്ന നിലയില്‍ അല്ലാ, വിശ്വാസിയായിട്ടാണ് മലകയറുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു. ആദ്യം സുരക്ഷാകാരണങ്ങള്‍ പറഞ്ഞും പിന്നീട് മഞ്ജുവിന്റെ പേരിലുളള കേസുകള്‍ ചൂണ്ടിക്കാട്ടിയും പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നു. കടുത്ത പ്രതിഷേധങ്ങളാണ് സമരക്കാരില്‍ നിന്നും മഞ്ജുവിനും നേരിടേണ്ടി വന്നത്. മഞ്ജു തിരിച്ചിറങ്ങുന്നതിനിടെ അവരുടെ വീടിന് നേരെയും സംഘ്പരിവാറിന്റെ ആക്രമണം നടന്നു. മഞ്ജു പിന്നീട് ശബരിമല ദർശനം നടത്തി.
ബാലമ്മ, പുഷ്പലത ആന്ധ്രാപ്രദേശ് സ്വദേശികള്‍
ഇരുമുടിക്കെട്ട് അടക്കം മലയറാന്‍ എത്തിയ ആന്ധ്രാപ്രദേശ് സ്വദേശിയായ 47 വയസുളള ബാലമ്മയ്ക്ക് നേരെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ സംഘടിത ആക്രമണം അഴിച്ചുവിടുകയായിരുന്നു.പൊലീസ് നോക്കിനില്‍ക്കെ ആയിരുന്നു ക്രൂരമായ മര്‍ദ്ദനം. രാവിലെ സന്നിധാനത്തേക്ക് തിരിച്ച ആന്ധ്രാസ്വദേശികളായ വാസന്തി, ആദിശേഷി എന്നിവരെ നീലിമലയില്‍ സമരക്കാര്‍ തടഞ്ഞിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇവരെ പൊലീസ് ഇടപെട്ട് മടക്കി അയച്ചിരുന്നു. ഇതിന് ശേഷമാണ് ബാലമ്മ നടപ്പന്തലിലേക്ക് എത്തുന്നത്.
സമരത്തെക്കുറിച്ചോ, നിലവിലുളള കോടതിവിധിയെക്കുറിച്ചോ വ്യക്തതയില്ലാതിരുന്ന ബാലമ്മ ഡോളിയിലാണ് ഇവിടെ വരെ എത്തിയത്. നടപ്പന്തല്‍ വരെയുളള നാലുകിലോമീറ്റര്‍ ദൂരത്തില്‍ ബാലമ്മയ്ക്ക് പൊലീസ് പ്രൊട്ടക്ഷനോ, സമരക്കാരുടെ പ്രതിഷേധങ്ങളോ നേരിടേണ്ടി വന്നില്ല. എന്നാല്‍ നടപ്പന്തലില്‍ വെച്ച് ബാലമ്മയെ സമരക്കാര്‍ ഇവര്‍ക്ക് 50 വയസില്ലെന്ന് ആരോപിച്ച് തടയുകയായിരുന്നു. ആക്രോശിച്ചെത്തിയ സമരക്കാര്‍ ഇവരുടെ പ്രായം സംബന്ധിച്ചുളള രേഖകള്‍ ആവശ്യപ്പെട്ടു. രേഖകളില്‍ 47 വയസായിരുന്നു ബാലമ്മയ്ക്ക്. ഇതോടെയാണ് ചീത്തവിളികളുമായി മര്‍ദ്ദനം ആരംഭിച്ചത്.
സമീപത്ത് പൊലീസ് ഉണ്ടായിരുന്നിട്ടും ഇവര്‍ക്ക് വേണ്ട സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. ആദ്യം ബാലമ്മയ്ക്ക് നേരെയുളള ആക്രമണം കണ്ടുനിന്ന പൊലീസ് ഇടപെട്ടപ്പോഴേക്കും ദേഹാസാസ്ഥ്യത്താല് അവര്‍ കുഴഞ്ഞുതുടങ്ങിയിരുന്നു. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് പമ്പയിലെ ആശുപത്രിയിലേക്ക് പൊലീസ് ഇവരെ എത്തിച്ചത്. ബാലമ്മയ്ക്ക് പിന്നാലെ പുഷ്പലത എന്ന ആന്ധ്രാസ്വദേശി കൂടി മലചവിട്ടിയിരുന്നു. എന്നാല്‍ മരക്കൂട്ടത്ത് വെച്ച് ഇവരെയും സമരക്കാര്‍ പ്രായപരിധി ഉന്നയിച്ച് തടയുകയായിരുന്നു. പൊലീസെത്തി പുഷ്പലതയെയും പമ്പയിലേക്ക് തിരികെ എത്തിച്ചു.
ബിന്ദു തങ്കം കല്യാണി, കോഴിക്കോട് സ്വദേശി
തുലാമാസ പൂജകള്‍ക്കായി തുറന്ന ശബരിമല നട അടക്കുന്ന അവസാനദിവസമായ ഒക്റ്റോബര്‍ 22നാണ് ബിന്ദു തങ്കം കല്യാണി മല ചവിട്ടണമെന്ന ആഗ്രഹവുമായി പൊലീസിനെ സമീപിച്ചത്. തനിക്ക് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എരുമേലി പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ എത്തിയത്. എന്നാല്‍ സംരക്ഷണം നല്‍കാനാകില്ലെന്ന മറുപടിയാണ് പൊലീസ് നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഇവരെ മടക്കിഅയച്ചു.
ഇതിനുശേഷം ഇവര്‍ക്കെതിരെ പ്രതികാര നടപടികളാണ് സംഘ്പരിവാര്‍ ഭാഗത്തുനിന്നും ഉണ്ടായത്. ഇവര്‍ താമസിച്ചിരുന്ന വാടകവീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ശബരിമലയില്‍ നിന്നും പുലര്‍ച്ചെ കോഴിക്കോട്ടെ താമസ സ്ഥലത്ത് എത്തിയ ബിന്ദുവിനോട് താമസമൊഴിയാന്‍ വീട്ടുടമ ആവശ്യപ്പെട്ടു. പിന്നീട് സ്ഥലം മാറ്റം ലഭിച്ച് അട്ടപ്പാടി അഗളി ഗവണ്മെന്റ് സ്കൂളിലേക്ക് പോയ ബിന്ദുവിനെതിരെ അയ്യപ്പസേവാസമിതിയുടെ ആളുകള്‍ പ്രതിഷേധവുമായി സ്കൂളിനുമുന്നിലും എത്തിയിരുന്നു.
അഞ്ജു, ചേര്‍ത്തല സ്വദേശി
നവംബറില്‍ ചിത്തിര ആട്ടവിശേഷത്തിനായി നടതുറന്നപ്പോഴാണ് ചേര്‍ത്തല സ്വദേശിനിയായ അഞ്ജു മലകയറാന്‍ സുരക്ഷ ആവശ്യപ്പെട്ട് പമ്പാ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കൊപ്പവും ആയിരുന്നു അഞ്ജു എത്തിയത്. കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് നിര്‍ബന്ധപൂര്‍വം ഇവരെയും മടക്കിയയച്ചു.
ലളിത, ഗിരിജ, സുജാത, തൃശൂര്‍ സ്വദേശിനികള്‍
തൃശൂരില്‍ നിന്നും നാല് സ്ത്രീകളടങ്ങുന്ന സംഘമാണ് കുഞ്ഞിന്റെ ചോറൂണിനായി പമ്പയില്‍ എത്തിയത്. പമ്പാ ഗണപതി കോവിലില്‍ എത്തിയ ഇവരെ സമരക്കാര്‍ തടയുകയായിരുന്നു. സന്നിധാനത്തേക്ക് പോയാല്‍ രണ്ടിലൊന്നേ തിരിച്ചുപോകൂ എന്ന ഭീഷണിയുമുണ്ടായിരുന്നു. തങ്ങള്‍ ആരും സന്നിധാനത്തേക്ക് പോകില്ലെന്നും കുട്ടിയുടെ അച്ഛന് മാത്രമേ പോകുന്നുള്ളൂവെന്ന് സ്ത്രീകള്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500ലധികം ആളുകള്‍ ഇവരെ വളഞ്ഞു. ഉടന്‍ പൊലീസെത്തി പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പോലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയില്ല. പമ്പയില്‍ നിന്നും പ്രായം പരിശോധിച്ചതിന് ശേഷമാണ് വലിയ നടപ്പന്തലില്‍ തടഞ്ഞത്.
വലിയ നടപ്പന്തലിലെത്തിയപ്പോള്‍ അക്രമികള്‍ പാഞ്ഞടുത്തു. ശരണം വിളിയുമായാണ് അക്രമികള്‍ എത്തിയത്. ഇവര്‍ പ്രത്യേക രീതിയില്‍ കൈക്കൊട്ടി ശരണം വിളിച്ചതോടെ ആയിരത്തോളം ആളുകള്‍ ഓടിക്കൂടിയതായും ലളിത പിന്നീട് പറഞ്ഞിരുന്നു. അത്രയും ആളുകള്‍ പെട്ടെന്ന് എവിടെ നിന്ന് എത്തിയെന്ന് അറിയില്ല. ആധാര്‍ ചോദിച്ചപ്പോള്‍ മകന് കാണിച്ചു. 52 വയസുണ്ടെന്ന് പൊലീസ് പറഞ്ഞിട്ടും കൂട്ടം കൂടിയവര്‍ ആക്രമണം തുടങ്ങിയിരുന്നു.
ആദ്യം അവര്‍ തന്റെ തലയ്ക്കടിച്ചു. പിന്നീട് 'അഭിസാരിക' എന്നും കേട്ടാലറയ്ക്കുന്ന മറ്റ് പദങ്ങളും വിളിച്ചു. ഒരു അയ്യപ്പഭക്തനും വിളിക്കാന്‍ പാടില്ലാത്ത തെറികളായിരുന്നു അത്. പൊലീസ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലും അവര്‍ തന്റെ മുടി ചുറ്റിപ്പിടിച്ച് വലിക്കുകയും അടിക്കുകയും ചെയ്തു. ഒരാള്‍ നാളികേരം കൊണ്ട് എറിഞ്ഞെങ്കിലും മാധ്യമപ്രവര്‍ത്തകന്റെ നെറ്റിയിലാണ് കൊണ്ടത്. ജീവനോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചതല്ല എന്നായിരുന്നു ഇതിനെക്കുറിച്ച് ലളിത പറഞ്ഞത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് അടക്കം ഇരുന്നൂറോളം ആളുകള്‍ ഈ കേസില്‍ പ്രതിയാണ്.
തൃപ്തി ദേശായിയും സംഘവും
മണ്ഡലമകര വിളക്കിനോട് അനുബന്ധിച്ച് നവംബര്‍ 16ന് നടതുറക്കുന്നതിന് മുന്‍പാണ് ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും അഞ്ചുപേരും നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തൃപ്തിക്കും സംഘത്തിനും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. എട്ടുമണിക്കൂറോളം പിന്നിട്ടിട്ടും ഇവര്‍ക്ക് വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. വിമാനത്താവളം മുതല്‍ സുരക്ഷ നല്കാന് കഴിയില്ലെന്ന് പൊലീസും പറഞ്ഞു. കൂടാതെ ഇവര്‍ക്ക് പുറത്ത് കടക്കാന്‍ ടാക്സി അനുവദിക്കില്ലെന്ന് ഡ്രൈവര്‍മാരും തീരുമാനിച്ചു. ഇതോടെ മണിക്കൂറുകളോളം ഇവരെ വിമാനത്താവളത്തില്‍ ശബരിമല സമരക്കാര്‍ ബന്ദിയാക്കി. ഒടുവില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരെയും പൊലീസും സര്‍ക്കാരും തിരിച്ചയച്ചു.
നാഗമ്മ, കര്‍ണാടക സ്വദേശിനി
സന്നിധാനത്തേക്ക് പോകാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് കര്‍ണാടക സ്വദേശിനിയായ നാഗമ്മ നവംബര്‍ 19ന് നിലയ്ക്കലില്‍ എത്തിയത്. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കുളള ബസില്‍ കയറിയ ഇവരുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ അന്‍പത് വയസ് ആയിട്ടില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പൊലീസ് ഇവരെ കണ്ട്രോള് റൂമില്‍ എത്തിക്കുകയും പിന്നീട് സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തിരിച്ചയക്കുകയും ചെയ്തു.
മനീതി സംഘം, ചെന്നൈ
തമിഴ്നാട്ടിലെ സ്ത്രീ ശാക്തീകരണ സംഘടനയായ മനീതിയുടെ നേതൃത്വത്തിലാണ് ശബരിമല ദര്‍ശനത്തിനായുളള വനിതകളുടെ സംഘം എത്തിയത്. സര്‍ക്കാരിനെയും പൊലീസിനെയും അറിയിച്ചാണ് എത്തുന്നതെന്നും സുരക്ഷ നല്‍കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. കോഓര്‍ഡിനേറ്റര്‍ സെല്‍വിയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍നിന്ന് 12 വനിതകളും മധുരയില്‍നിന്ന് രണ്ടുപേരും മധ്യപ്രദേശില്‍നിന്നും ഒഡിഷയില്‍നിന്നും അഞ്ചുപേര്‍ വീതവും കേരളത്തില്‍നിന്ന് 25 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്.
പല സംഘങ്ങളായാണ് സ്ത്രീകള്‍ എത്തിയത്. ഇവര്‍ ദര്‍ശനത്തിനായി എത്തുന്ന വാര്‍ത്തയറിഞ്ഞ് നിരവധി സമരക്കാരാണ് വിവിധയിടങ്ങളില്‍ തടയാന്‍ നിന്നത്. ഡിസംബര്‍ 23ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് 11 പേരടങ്ങുന്ന സംഘം പമ്പയില്‍ എത്തിയത്. പമ്പ ഗണപതി കോവിലില്‍ കെട്ടുനിറയ്ക്കാന്‍ പൂജാരിമാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവര്‍ സ്വയം കെട്ടുനിറച്ചാണ് സന്നിധാനത്തേയ്ക്ക് തിരിച്ചത്.
എന്നാല്‍ പമ്പയില്‍ കാനന പാത ആരംഭിക്കുന്ന സ്ഥലത്ത് വച്ച് നാമജപപ്രതിഷേധക്കാര്‍ തടഞ്ഞു.എന്നാല്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് വ്യക്തമാക്കിയ മനീതി സംഘം റോഡില്‍ കുത്തിയിരിക്കാന്‍ തുടങ്ങി. പിരിഞ്ഞു പോകാനാവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ആദ്യം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും പിന്നീട് കൂടുതല്‍ പേര് വനിതാ സംഘത്തെ തടയാനായെത്തി. അക്രമോല്സുകരായി എത്തിയ പ്രതിഷേധക്കാരില്‍നിന്ന് രക്ഷപ്പെടാന്‍ പ്രാണരക്ഷാര്‍ത്ഥം മനീതി സംഘത്തിലെ വനിതകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായതോടെ മനീതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാതെ പൊലീസ് തിരിച്ചയച്ചു.ദര്‍ശനത്തിനെത്തിയ മനീതി സംഘം സഞ്ചരിച്ച ട്രെയിനിന് നേരെ പലയിടത്തും ചീമുട്ടയേറും കല്ലേറും നടന്നിരുന്നു.ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ഇത്.
അമ്മിണി, വയനാട്
തമിഴ്നാട്ടില്‍ നിന്നുള്ള സ്ത്രീ കൂട്ടായ്മയായ മനീതിയ്ക്ക് പിന്തുണയുമായിട്ടാണ് ഡിസംബര്‍ 23ന് വയനാട് സ്വദേശിനിയും ആദിവാസി ദലിത് ആക്ടിവിസ്റ്റുമായ അമ്മിണി ശബരിമലയിലേക്ക് യാത്രതിരിച്ചത്. എരുമേലിയില്‍ എത്തിയ അമ്മിണിയോട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ യാത്ര തുടരാനാവില്ലെന്ന് പൊലീസ് അറിയിച്ചു. എരുമേലിയില്‍ അമ്മിണിയെയും സംഘത്തെയും സമരക്കാര്‍ തടയുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. എരുമേലി പൊലീസ് സ്റ്റേഷനില്‍ അമ്മിണിയെ എത്തിച്ചപ്പോള്‍ സ്റ്റേഷന് പുറത്ത് സമരക്കാര്‍ ആക്രോശവുമായി ഒത്തുകൂടി. ഇവരെ പിന്നീട് പൊലീസ് സുരക്ഷയില്‍ തിരിച്ചയച്ചു.
ശ്രീദേവിയും സുഹൃത്തും തെലുങ്കാന സ്വദേശിനികള്‍
തെലുങ്കാന സ്വദേശിനിയായ ശ്രീദേവിയും മറ്റൊരു യുവതിയും ഡിസംബര്‍ 31നാണ് ശബരിമലയിലേക്ക് എത്തുന്നത്. പൊലീസ് ഇടപെട്ട് ഇവരെ നിലയ്ക്കലില്‍ നിന്നും തിരിച്ചയക്കുകയായിരുന്നു. യുവതികള്‍ പമ്പ വരെ പോകാന്‍ വന്നതെന്നാണ് പൊലീസ് പറഞ്ഞത്. കെഎസ്ആര്‍ടിസി ബസില്‍ യുവതികളുണ്ടെന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ബസ് നിര്‍ത്തി പരിശോധിച്ചു. തുടര്‍ന്ന് ബസ് കണ്ട്രോള് റൂമില്‍ എത്തിച്ചു. പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും നേരത്തെ വന്നവരുടെ അനുഭവങ്ങളെ കുറിച്ചും ബോധ്യപ്പെടുത്തിയതോടെ യുവതികള്‍ പിന്മാറിയെന്നാണ് പൊലീസ് അറിയിച്ചത്.
ശബരിമലയില്‍ പോകാനാണ് വന്നതെന്നും പ്രശ്നങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ പിന്മാറുകയാണെന്നും സംഘത്തിലുണ്ടായിരുന്ന ശ്രീദേവി പിന്നീട് പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിന് തിരക്ക് കൂടുന്ന സാഹചര്യത്തില്‍ യുവതികള്‍ക്ക് സുരക്ഷയൊരുക്കാനാകില്ലെന്നായിരുന്നു പൊലീസ് നിലപാട്.
ബിന്ദുവും കനകദുര്‍ഗയും, ഡിസംബര്‍ 24, ജനുവരി രണ്ട്
കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ ബിന്ദുവും പെരുന്തല്‍മണ്ണ സ്വദേശിനിയായ കനകദുര്‍ഗയും ആദ്യവട്ടം ശബരിമലയിലേക്ക് നീങ്ങിയത് ഡിസംബര്‍ 24നാണ്. പുലര്‍ച്ചെയാണ് ഇവര്‍ പമ്പയിലെത്തിയത്. അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. എത്ര പ്രതിഷേധമുണ്ടായാലും മല കയറുമെന്നും യാതൊരു കാരണവശാലും തിരികെപോകില്ലെന്നുമായിരുന്നു യുവതികളുടെ നിലപാട്. പൊലീസിന്റെ സംരക്ഷണം ആവശ്യപ്പെടാതെയാണ് ഇരുവരും മലചവിട്ടാന്‍ എത്തിയത്.
ചന്ദ്രാനന്ദന്‍ റോഡുവരെയെത്തിയ യുവതികളെ പ്രതിഷേധക്കാര്‍ വളയുകയായിരുന്നു. പിന്നാലെ പൊലീസ് ഇവരെ നിര്‍ബന്ധിച്ച് തിരിച്ചിറക്കി. തിരികെയിറങ്ങാന്‍ കൂട്ടാക്കാതെ കുത്തിയിരുന്ന യുവതികളെ പൊലീസ് ബലം പ്രയോഗിച്ചാണ് തിരികെയിറക്കിയത്. അതേസമയം കോടതിവിധി നടപ്പിലാക്കാനാണ് പൊലീസ് ശ്രമിച്ചതെന്നായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രതികരണം. ഇരുവരുടെയും വീടിന് നേരെ സമരക്കാര്‍ പ്രതിഷേധങ്ങളുമായി എത്തിയിരുന്നു.
പ്രതിഷേധക്കാരുടെ അക്രമത്തെ തുടര്‍ന്ന് തിരിച്ചിറങ്ങിയ കനകദുര്‍ഗയും ബിന്ദുവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരാഹാര സമരവും ആരംഭിച്ചിരുന്നു. അന്യായമായി പൊലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നുവെന്ന് ആരോപിച്ചാണ് ഇരുവരും നിരാഹാരം തുടങ്ങിയത്. ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ഇരുവരേയും വിടാത്തതാണ് സമരത്തിന് കാരണം. ഇതിനുശേഷം ഇവര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ആയിരുന്നു. തുടര്‍ന്നാണ് ചരിത്രത്തിലേക്ക് ജനുവരി രണ്ടിന് ഇരുവരും നടന്നുകയറിയത്. പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു പൊലീസ് സംരക്ഷണത്തില്‍ ഇവര്‍ ദര്‍ശനം നടത്തിയത്. ഇതിനുശേഷം നിരവധി പ്രതിഷേധങ്ങളാണ് ഇരുവര്‍ക്കുമെതിരെ സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടന്നത്. ഇപ്പോഴും പൊലീസ് സംരക്ഷണത്തിലാണ് ഇവരുടെ ജീവിതം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!