ടിജെഎസ് ജോര്‍ജ്: ഫ്രീ പ്രസ്സിന്റെ പടി ചവിട്ടി ഒരു ഭാരതപര്യടനം| Media Roots 14
കാഴ്ചയില്‍ ഒരു സായിപ്പിനെപ്പോലെ, ഫ്രഞ്ച് താടി. പക്ഷേ, ശുദ്ധ മലയാളി പ്രഥമദൃഷ്യാ ഗൗരവക്കാരനെന്നു തോന്നും. എന്നാല്‍, നൈര്‍മല്യവും നറുനിലാവിന്റെ പ്രസരിപ്പും വിനയാന്വിതമായ പെരുമാറ്റവും കൊണ്ട് ആരേയും ആകര്‍ഷിക്കാന്‍ ഇദ്ദേഹത്തിന് കഴിയുന്നു.-ഇംഗ്ലീഷ് ജേണലിസത്തില്‍ മലയാളത്തില്‍നിന്നുള്ള മികച്ച സംഭാവനകളില്‍ ഒന്നായ ടിജെഎസ് ജോര്‍ജിനെ കുറിച്ച് മീഡിയ റൂട്ട്സില്‍ ജോഷി ജോര്‍ജ് എഴുതുന്നു
തയ്യല്‍ ജേക്കബ് സണ്ണി ജോര്‍ജ് എന്ന ടി ജെ എസ് ജോര്‍ജിന്റെ ഇപ്പോഴത്തെ പ്രായം 92. ഈ വയസ് തിരിച്ചിട്ടാല്‍ എത്രയാണോ അതിന്റെ ചുറുചുറുക്കാണിന്നും. അന്താരാഷ്ട പ്രശസ്തനായ പത്രപ്രവര്ത്തകന്. ഗ്രന്ഥകാരന്. ജീവചരിത്രകാരന്‍. അങ്ങനെ വിശേഷണങ്ങള്‍ പലത്. ഇംഗ്ലീഷ് ജേണലിസത്തിന് ഇന്ത്യയുടെ ഏറ്റവും മികച്ച സംഭാവനകളിലൊന്ന്. മഹാനായ പോത്തന് ജോസഫിന്റെതുപോലെ മനോഹരമായ ഇംഗ്ലീഷ് ഭാഷ. ആ ഭാഷയില്‍ ജോര്‍ജിന്റെ ചില പദപ്രയോഗങ്ങള്‍ സായിപ്പുമാരെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ലോകപ്രസിദ്ധമായ ഒട്ടേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള മലയാളിയായ ഈ മനുഷ്യന്റെ ജീവിതകഥ പലര്‍ക്കും അത്രയൊന്നും പരിചിതമല്ല.

കാഴ്ചയില്‍ ഒരു സായിപ്പിനെപ്പോലെ, ഫ്രഞ്ച് താടി. പക്ഷേ, ശുദ്ധ മലയാളി പ്രഥമദൃഷ്യാ ഗൗരവക്കാരനെന്നു തോന്നും. എന്നാല്‍, നൈര്‍മല്യവും നറുനിലാവിന്റെ പ്രസരിപ്പും വിനയാന്വിതമായ പെരുമാറ്റവും കൊണ്ട് ആരേയും ആകര്‍ഷിക്കാന്‍ ഇദ്ദേഹത്തിന് കഴിയുന്നു. തനി തിരുവിതാംകൂര്‍ ശൈലിയില്‍ മണി മണിയായി മലയാളം പറയുകയും എഴുതുകയും ചെയ്യും.

പന്തളത്തിനടുത്ത് തുമ്പമണിലാണ് ജോര്‍ജ് ജനിച്ചത്. കോട്ടയം എം ഡി സെമിനാരിയിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പഠനം പൂര്‍ത്തിയാക്കി മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ജംഗ്ലീഷ് എം എ യ്ക്ക ചേര്‍ന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് പഠനകാലത്ത് തലയ്ക്കുപിടിച്ച ഇടതുപക്ഷരാഷ്ടീയം പത്രപ്രവര്‍ത്തനത്തിലുള്ള താല്പര്യമായി മാറി. കൗമുദി ബാലകൃഷ്ണനാണ് പത്രപ്രവര്‍ത്തനമോഹം ജോര്‍ജില്‍ കുത്തിവച്ചത്. ചെറുപ്പക്കാരുടെ മാത്രമല്ല മുതിര്‍ന്നവരുടേയും ചോര തിളപ്പിക്കാന്‍ ബാലകൃഷ്ണനുണ്ടായിരുന്ന കാന്തികശക്തി അത്ഭുതാവഹമായിരുന്നു. പ്രത്യേകിച്ച് പ്രസംഗം. അതുവഴി ഒരു തലമുറയെ മുഴുവന്‍ ബാലകൃഷ്ണന് കയ്യിലെടുത്തു. ഏവരാലും അദരിക്കപ്പെടുന്ന സമുന്നതപദവിയിലിരിക്കുന്ന അച്ഛന് സി. കേശവനെ എതിര്‍ത്ത് പ്രസംഗിക്കാന്‍ കാണിച്ചുകൊണ്ടിരുന്ന ധീരത ബാലകൃഷ്ണനെ താരപരിവേഷത്തിലെത്തിച്ചു. ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന അന്നത്തെ 'കൗമുദി' ആഴ്ചപ്പതിപ്പ് ഒരു സംഭവം തന്നെയായിരുന്നു.

മദ്രാസില്‍ നിന്ന് എം എ ബിരുദം നേടിയ ശേഷം തിരക്കിട്ട് നാട്ടിലേക്ക് മടങ്ങാന്‍ ജോര്‍ജ് കൂട്ടാക്കിയില്ല. എന്തെങ്കിലുമൊരു ജോലി തരപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട് മദ്രാസില്‍ തന്നെ തങ്ങി. മാമ്പലത്ത് ചെറിയ ലോഡ്ജിലേക്ക് താമസം മാറ്റി. ഒറ്റമുറിയില്‍ നാലഞ്ചുപേരുണ്ടാകും. തറയില്‍ പായവിരിച്ച് എല്ലാവരും കൂടിക്കലര്‍ന്ന് കിടന്നുറങ്ങും. ഇതിനിടെ ജെമിനി സ്റ്റുഡിയോയില്‍ ജോലിക്കായി കക്ഷി ശ്രമിച്ചുനോക്കി. ഫലം കിട്ടിയില്ല. പിന്നെ പത്രപ്രവര്ത്തനമോഹവുമായി 1949ല്‍ ജോര്‍ജ് ബോംബയിലേക്ക് യാത്രതിരിച്ചു. അവിടെ ശ്രദ്ധേയമായ നാല് ഇംഗ്ലീഷ് പത്രങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചു. ടൈംസ് ഓഫ് ഇന്ത്യ, ബോംബെ ക്രോണിക്കിള്‍, ഇന്ത്യന്‍ എക്സ്പ്രസ്, എന്നീപത്രങ്ങളില് നിന്നും മറുപടി പോലും ലഭിച്ചില്ല. ഫ്രീ പ്രസ്സ് ജേണല്‍ സ്വഗതമോതി.

കെ ബാലകൃഷ്ണന്റെ മുഖപ്രസംഗം-ജോഷി ജോര്‍ജിന്റെ ശേഖരത്തില്‍നിന്ന്
എസ് സദാനന്ദിന്റെ ഫ്രീ പ്രസ്സ് ജേണല്‍
അങ്ങനെ എസ് സദാനന്ദന്റെ ഫ്രീപ്രസ്സ് ജേണലില്‍ ജോര്‍ജ് ചെന്നുപറ്റി. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ മിടുമിടുക്കരായ ലേഖകന്മാരേയും പത്രാധിപന്മാരേയും വാര്‍ത്തെടുത്ത പത്രമാണ് ഫ്രീപ്രസ്സ് ജേണല്‍. അതിന്റെ ഉടമസ്ഥനായ എസ്. സദാനന്ദന് പത്രലോകത്തെ ഒരു പ്രതിഭാസമായിരുന്നു. ജോലിതേടി ആര് സദാനന്ദനെ സമീപിച്ചാലും അവര്‍ക്കൊക്കെ ജോലി കൊടുക്കും. ബിരുദാനന്തര ബിരുദമോ, ബിരുദമോ, സര്‍ട്ടിഫിക്കറ്റോ, ശുപാര്ശക്കത്തോ ഒന്നും ആവശ്യമില്ല. ചെയ്യാന്‍ പോകുന്ന ജോലിയില്‍ വാസനയുണ്ടോ എന്നുമാത്രം അദ്ദേഹത്തിന് അറിഞ്ഞാല്‍ മതി. അത് തിരിച്ചറിയാന്‍ ഒരേയൊരു ദിവസം മാത്രം മതി സദാനന്ദന്. ജോലിയില്‍ പ്രവേശിച്ചവരുടെ മട്ടും മാതിരിയും കാണുമ്പോഴെ, കക്ഷിക്കറിയാം ഇവന് ഇവിടെ വാഴുമോ, വീഴുമോ എന്ന്. സംഗതി തൃപ്തികരമല്ലെങ്കില്‍ ഒറ്റ ദിവസം കൊണ്ടുതന്നെ ഇനി വരേണ്ടെന്ന് പറയും. ഒരാഴ്ച തികച്ചാല്‍ പുതിയ ആള്‍ക്ക് പത്രലോകത്ത് ഭാവിയുണ്ടെന്ന് സദാനന്ദന് മനസ്സില്‍ കുറിക്കും. സദാനന്ദന് വളര്‍ത്തി വലുതാക്കിയവരാണ് കാര്‍ട്ടൂണിസ്റ്റ് ആര്. കെ ലക്ഷ്മണ്, പിന്നീട് ശിവസേന എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ തലവനായിത്തീര്‍ന്ന ബാല്‍താക്കറെ, എസ് നടരാജന്, എം വി കമ്മത്ത്, ഹരിഹരന്... അങ്ങനെ പോകുന്നു ആ നിര.

വിവേകചൂഡാമണി എന്ന തമിഴ് വാരികയുടെ പത്രാധിപരായിരുന്ന സി വി സ്വാമിനാഥയ്യരുടെ മകന് സദാനന്ദ് 18ാം വയസ്സില്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കാനുള്ള ക്ഷമയില്ലാതെതന്നെ ബോംബെയ്ക്ക് യാത്രതിരിച്ചു. ആകെയുണ്ടായിരുന്നത് അച്ഛന് കൊടുത്ത 500 രൂപയും എന്തിനേയും നേരിടാനുള്ള ആത്മവിശ്വാസവും മാത്രം..! രണ്ടുമൂന്നുവര്‍ഷം പല ജോലികളും ചെയ്തു പിന്നെ ഒരു വാര്‍ത്താ ഏജന്‍സിക്ക് തുടക്കമിട്ടു. ഫ്രീ പ്രസ്സ് ഓഫ് ഇന്ത്യ. (എഫ്പിഐ) കാര്യമായ പുരോഗതി കൈവരിക്കാന്‍ സദാനന്ദന് കഴിയാതായപ്പോള്‍ 1930ല്‍ ഫ്രീ പ്രസ്സ് ജേണല്‍ എന്ന പേരില്‍ ഒരു ഇംഗ്ലീഷ് ഡെയിലി കൂടി തുങ്ങുകയായിരുന്നു.

റിപ്പോര്‍ട്ടിങ്ങിലും എഡിറ്റിങ്ങിലുമുള്ള ജോര്‍ജിന്റെ വൈഭവം ഒറ്റദിവസം കൊണ്ടുതന്നെ സദാനന്ദിന് ബോധ്യപ്പെട്ടു. ബോംബേയില്‍ മഹാനായ ഫ്രാങ്ക് മൊറൈസ് എന്ന പത്രാധിപരും ഡല്‍ഹിയില്‍ ചലപതിറാവുവും ബാംഗ്ളൂരില്‍ പോത്തന് ജോസഫും ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്ത് അത്ഭുതപ്രതിഭകളായി വിലസുന്ന നാളുകള്‍. ജോര്‍ജിന്റെ അന്വേഷണ തൃഷ്ണ പുത്തുലഞ്ഞ മനസ്സില്‍ ആ ത്രിമൂര്ത്തികളോടുള്ള ആരാധന കത്തിക്കയറി. സദാനന്ദിന്റെ പ്രചോദനവും ഏറെ മുതല്‍ക്കൂട്ടായി ജോര്‍ജിന്. എസ് നടരാജന്, കൊമരത്ത് ശിവരാമന് എന്ന ശിവറാം, കമ്മത്ത്, എ എഫ് എസ്, ബോബി തല്യാര്‍ഖാന്‍, അശോക് മേത്ത, എസ് വിശ്വം കാര്‍ട്ടൂണിസ്റ്റുകളായ ബാല്‍ താക്കറെ, രവീന്ദ്രന് തുടങ്ങിയവരൊക്കെ ഫ്രീ പ്രസ്സില്‍ ജോര്‍ജിനോടൊപ്പം ഒരു കാലഘട്ടത്തില്‍ ഉണ്ടായിരുന്നവരാണ്. ചുരുക്കിപ്പറഞ്ഞാല്‍ മലയാളികള്‍ തിങ്ങിനിറഞ്ഞ ഇടമായിരുന്നു ഫ്രീ പ്രസ്സ്. എന്നാല്‍ , ആ മലയാളികളാരും അവിടെ മലയാളം പറഞ്ഞിരുന്നില്ലത്രെ..! ഇംഗ്ലീഷ് പത്രത്തിലെ കാര്യക്രമങ്ങള്‍ സ്വഭാവികമായി ഇംഗ്ലീഷിലാകുന്നതില് തെറ്റുപറയാനും കഴിയുകയില്ല.

തുടക്കം 125 രൂപ ശമ്പളത്തില്‍
ഏറെ ഊര്‍ജ്ജസ്വലമായ ആ നല്ല നാളുകളെക്കുറിച്ച് ജോര്‍ജിന്റെ മനസ്സില്‍ പച്ചപിടിച്ച് കിടക്കുന്ന അനുഭവം 1994ല്‍ കലാകൗമുദിക്കുവേണ്ടി മുസാഫിര്‍ നടത്തിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ:
'പത്രപ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് അന്ന് വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടിന്റേയും മറ്റ് സംരക്ഷണവകുപ്പുകളുടേയും കവചമൊന്നുമില്ലായിരുന്നു. പത്രപ്രവര്‍ത്തനം സര്ഗ്ഗശക്തിയിലധിഷ്ടഠിതമായ ഒരു പാവന കര്‍ത്തവ്യമാണെന്നും അതില്‍ ഭൗതികമായ ചില്ലറക്കാര്യങ്ങള്‍ കുത്തിച്ചെലുത്താന്‍ പാടില്ലെന്നും പലരും കരുതിപ്പോന്നു. ചില മാസങ്ങളില്‍ ശമ്പളം കിട്ടിയില്ലെന്നുവരും. ഓഫീസ് ക്യാന്റീനിലെ അക്കൗണ്ടില്‍ നിന്ന് ഭക്ഷണം കിട്ടുമായിരുന്നതുകൊണ്ട് ശമ്പളമില്ലായ്മയുടേയും മറ്റും സമ്മര്‍ദ്ദം ഏറെ അനുഭവപ്പെട്ടിരുന്നില്ല. ജോലി എങ്ങനേയും പഠിച്ചെടുക്കുക, ജോലിയില്‍ ചാതുര്യം പ്രകടിപ്പിക്കുക, പ്രവര്‍ത്തനനിലവാരം ഒന്നിനൊന്ന് മെച്ചപ്പെടുത്തുക ഇതൊക്കയായിരുന്നു അന്നത്തെ ജീവിതലക്ഷ്യങ്ങള്‍. സദാനന്ദിന്റെ അല്പം പിരിവെട്ടിയതെങ്കിലും അനിതരസാധാരണമായ നേതൃത്വം അതിന് പ്രചോദനവുമായി. ശമ്പളം കൊടുക്കാത്ത മാസങ്ങളിലും കാര്യക്ഷമത കണ്ടറിയാനും സമര്ത്ഥരെ പ്രോല്‍സാഹിപ്പിക്കാനും അദ്ദേഹം ഒരിക്കലും മുടക്കം വരുത്തിയില്ല. എനിക്ക് 125 രൂപയില്‍നിന്ന് 200 രൂപയിലേക്ക് കയറ്റം കിട്ടിയപ്പോള്‍ അനുഭവപ്പെട്ട പുളക പ്രവാഹത്തിന്റെ അംശംപോലും പില്ക്കാലത്ത് ലഭിച്ച ബഹുവിധ പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നല്കുകയുണ്ടായില്ല...'

ജേണലിസ്റ്റുകളുടേയും കലാകാരന്മാരുടേയും നടന്മാരുടേയും സംഗീതജ്ഞരുടേയും പ്രധാന സങ്കേതമായിരുന്നു ബോംബെയിലെ ഇന്ത്യാ കോഫി ഹൗസ്. ജോര്‍ജും ചങ്ങാതിമാരും അവിടെ നിത്യ സന്ദര്‍ശകരായിരുന്നു. താരശോഭയില്‍ കിളിര്ത്തുനിന്ന കവാടനഗരം. രാജ്കപൂറും നര്‍ഗീസ് ദത്തുമൊക്കെ അക്കാലത്ത് നാടിന്റെ തുടിപ്പുകളായിരുന്നു. ബിമല്‍ റോയ്, കിഷോര്‍ സാഹു, ഗുരുദത്ത് തുടങ്ങിയവര്‍ ബോംബെയുടെ കലാജീവിതത്തെ വല്ലാതെ സ്വാധീനിച്ചു. ഇന്ത്യന്‍ സിനിമയുടെ ശോകപുത്രി മീനാകുമാരി, മധുബാലെ, ഗീതാബാലി, കാമിനി കൗശല്‍. എന്നിവരൊക്കെ ബോംബെയുടെ അഭ്രപാളികളില്‍ വെട്ടിത്തിളങ്ങി നിന്നു.

ഈ തിളക്കങ്ങളത്രയും തൊട്ടരികില്‍ നിന്നു കണ്ട ജോര്‍ജ് ഇവരെക്കുറിച്ചൊക്കെ ഒട്ടേറെ ലേഖനങ്ങളും കുറിപ്പുകളും തനതായ ശൈലിയില്‍ എഴുതിയിരുന്നു. ജവഹര്‍ലാല്‍ നെഹ്റു, വി കെ കൃഷ്ണമേനോന്, എകെജി, വി പി മേനോന് തുടങ്ങിയവരുമായി സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു. രാഷ്ട്രീയരംഗത്തെ ചലനങ്ങള്‍ ജോര്‍ജ് ഏറെ മിഴിവോടെ പ്രീ പ്രസ്സ് ജേണലിലെ താളുകളില്‍ അവതിരിപ്പിച്ചു. നീണ്ട 14 സംവത്സരക്കാലം ഫ്രീ പ്രസ്സ് ജേണലില്‍ പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായും മുഴുകുകയായിരുന്നു. അതിനിടയില്‍ അനുഭവധന്യമായ ഒരു ഭാരതപര്യടനം. മൂന്നാം ക്ലാസ് റെയില്‍വേ ടിക്കറ്റുപയോഗിച്ച് തോളില്‍ ഒരു സഞ്ചിയുമായി നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് യാത്രയോട് യാത്രതന്നെ..! ഉറക്കം പ്ളാറ്റ്ഫോമിലും ഫുട്പാത്തുകളിലും. അതിനിടെ കാശിയിലുള്ള ഒരു ചേരിപ്രദേശത്ത് ഒരു കൊച്ചുകുടിലില്‍ ശക്തമായ പനിപിടിച്ച് ബോധമില്ലാതെ ഒരാഴ്ച കിടക്കേണ്ടിയും വന്നിരുന്നു കക്ഷിക്ക്.. എല്ലാം വളരെ ത്രില്ലോടെ മാത്രം കാണുന്നയാളാണ് ടി ജെ എസ് ജോര്‍ജ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
മലയാളത്തിന് പുഷ്പചക്രം നല്കിയ റോസ്ക്കോട്ട്...!
വിനോദ് മേത്തയ്ക്ക് പറ്റിയ അമളിയും ഔട്ട്ലുക്കിന്റെ വളര്‍ച്ചയും| Media Roots 13
കപ്പല്‍ കുശിനിക്കാരന്റെ വേഷം; കടല്‍യാത്രാ രസം തേടി ടിജെഎസിന്റെ പരീക്ഷണങ്ങള്‍| Media Roots 15
19 വര്‍ഷം അമേരിക്കന്‍ രാഷ്ട്രീയബോധത്തെ അവര്‍ തേച്ചുമിനുക്കി; ന്യൂസ് അവര്‍ ഇനിയില്ല മാര്‍ക്കിനും ബ്രൂക്സിനുമൊപ്പം