കൈമാറ്റത്തില്‍ തീരില്ല; ആദാനിയുടെ വിമാനത്താവളത്തില്‍ ഇനി നിയമ-രാഷ്ട്രീയ യുദ്ധം
കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനത്തിനെതിരായ നിയമ യുദ്ധമാണ് അടുത്ത പടി. കേരളം നല്കിയ ഹര്‍ജി കോടതിയുടെ പരിഗണയിലുണ്ട്.
തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ അടിയന്തര സര്‍വകക്ഷിയോഗം വിളിച്ചതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷ്യം മുന്നോട്ടുവെക്കുകയാണ്. സംസ്ഥാനത്തിന്റെ ആവശ്യം തള്ളി വിമാനത്താവളെ അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തെ പാട്ടത്തിന് നല്കിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തെ രണ്ട് രീതിയില്‍ എതിര്‍ക്കുക. ഒന്ന് രാഷ്ട്രീയമായി. രണ്ട് നിയമ പോരാട്ടത്തിലൂടെ.
അദാനിക്ക് കൈമാറാനുള്ള നീക്കം വന്നപ്പോള്‍ തന്നെ കേരളം എതിര്‍പ്പ് അറിയിച്ചിരുന്നു. സര്‍ക്കാര്‍ കമ്പനി രൂപീകരിച്ച് ഏറ്റെടുക്കാമെന്ന ബദല്‍ നിര്‍ദേശം വെച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുകയും ചെയ്തു. ഉയര്‍ന്ന തുക ക്വോട്ട് ചെയ്തത് അദാനിയാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ട്രിയാല്) എന്ന കമ്പനിയുണ്ടാക്കി സംസ്ഥാന സര്‍ക്കാരും ടെണ്ടറില്‍ പങ്കെടുത്തിരുന്നു. ഉയര്‍ന്ന തുക അദാനി ക്വോട്ട് ചെയ്തപ്പോള്‍ ട്രിയാല് അതേ തുകയ്ക്ക് ഏറ്റെടുക്കാം എന്ന് നിര്‍ദേശവും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ഔദ്യോഗികമായി അറിയിച്ചു. സ്വകാര്യ വത്കരിക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കമ്പനിയിലേക്ക് മാറ്റുക എന്നതായിരുന്നു കേരളത്തിന്റെ ബദല്‍ നിര്‍ദേശം. ഇത് തള്ളിയാണ് ഓഗസ്റ്റ് 19ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അദാനിക്ക് നല്കാന് തീരുമാനിച്ചത്.
സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് രാഷ്ട്രീയ പോരാട്ടത്തിനും നിയമ യുദ്ധത്തിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. പ്രതിപക്ഷമായ യുഡിഎഫും വിമാനത്താളം അദാനിക്ക് കൈമാറുന്നതിനെ എതിര്‍ക്കുന്നു. സര്‍വകക്ഷി യോഗത്തിലെ തീരുമാനങ്ങളില്‍ പെട്ടെന്നുള്ള മറുപടി കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിക്കില്ല. 2019 മാര്‍ച്ചില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും മാസങ്ങള്‍ കഴിഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തത്. അത്രയേറെ ആലോചിച്ചുറപ്പിച്ച ശേഷമായിരുന്നു ഈ തീരുമാനം. അതുകൊണ്ടുതന്നെ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ കൊണ്ട് കേന്ദ്ര മന്ത്രസഭാ തീരുമാനത്തെ തിരുത്താന്‍ പറ്റില്ല. എങ്കിലും സര്വവക്ഷി യോഗത്തിലെ വികാരം ബിജെപി സര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ഇന്ധനമായി മാറും.
കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനത്തിനെതിരായ നിയമ യുദ്ധമാണ് അടുത്ത പടി. കേരളം നല്കിയ ഹര്‍ജി കോടതിയുടെ പരിഗണയിലുണ്ട്. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരെ ഹൈക്കോടതിയില്‍ എയര്‍പോര്‍ട്ട് ജീവനക്കാരും ഹര്‍ജി സമര്‍പ്പിച്ചു. കോടതിയില്‍ കേസ് നിലനില്‍ക്കെ വിമാനത്താവളം ഏറ്റെടുത്ത നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കോടതിയില്‍ തീരുമാനമാകുന്നതിന് മുമ്പേ കേന്ദ്രസര്‍ക്കാര്‍ അദാനിക്ക് അനകൂലമായി തീരുമാനം എടുത്തതിലെ നിയമ പ്രശ്നമാണ് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!