ഫേസ്ബുക്കിലെ കേരളാ പൊലീസിന്റെ പോസ്റ്റ്, 'സദാചാര പൊലീസ്' എന്ന പേര് അന്വര്‍ത്ഥമായെന്ന് സോഷ്യല്‍ മീഡിയ
'ശിവസേന, ഹനുമാന് സേന, സദാചാര സേന, എന്നിവരെ ബഹുദൂരം പിന്നിലാക്കി പോലീസ് സേന,'
വിവാഹം കഴിക്കാത്തവര്‍ക്ക് ഒരുമിച്ച് നടക്കുവാനും പ്രേമിക്കാനും പാടുണ്ടോ? അങ്ങനെയുള്ളവര്‍ കോഫി ഷോപ്പിലോ ബാറിലോ സമയം ചെലവിടുന്നത് ഇന്ത്യന്‍ ഭരണഘടനാപ്രകാരം തെറ്റാണോ? യാതൊരു പ്രശ്നവുമില്ല, അതൊരു തെറ്റുമില്ല എന്നാകും നിയമവിദഗ്ദ്ധര്‍ പറയുക. എന്നാല്‍ കേരളത്തിലെ നിയമപാലകര്‍ക്ക് അങ്ങനെ തോന്നുന്നില്ല.
കേരളത്തിന്റെ സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്റര്‍ ഫേസ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റാണ് വിഷയം. വിവാഹ ക്ഷണങ്ങള്‍ക്ക് പതിവായുപയോഗിക്കാറുള്ള 'സേവ് ദ് ഡേറ്റ്' എന്ന വാക്ക് ക്യാപ്ഷനായി നല്‍കികൊണ്ട് കേരള പൊലീസിന്റെ പേജ് ഒരു പോസ്റ്റിട്ടു. 'ആയിക്കൊള്ളൂ.. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം കാണുന്നുണ്ട്.' പോസ്റ്റ് വന്ന് മണിക്കൂറുകളായില്ല മലയാളികള്‍ മറുപടി നല്കി തുടങ്ങി.
ഇനി മുതല്‍ ഡേറ്റിന് പോവേണ്ടവര്‍ സ്ഥലം എസ്ഐയെ കണ്ട് എന്‍ഓസി വാങ്ങിക്കേണ്ടതാണ്, എന്നാണ് ഒരു കമന്റ്. പൊലീസുകാര്‍ക്ക് സ്വകാര്യതയെന്ന മൗലികാവകാശത്തെക്കുറിച്ച് വല്ല ധാരണയുമുണ്ടോ എന്ന് വേറെ ചിലര്‍. ചുംബന സമരത്തിലേക്ക് വഴിവച്ച സംഘപരിവാര്‍ സദാചാര പൊലീസിംഗിനെയും ചിലര്‍ സ്മരിച്ചു, 'ശിവസേന, ഹനുമാന് സേന, സദാചാര സേന, എന്നിവരെ ബഹുദൂരം പിന്നിലാക്കി പോലീസ് സേന,'
അതെന്താ പ്രേമിക്കുന്നതും കല്യാണം കഴിക്കുന്നതും തെറ്റാണോ എന്ന ചോദ്യത്തിന് പേജ് അഡ്മിന് മറുപടിയും നല്കി 'തെറ്റല്ല ശരിയാണ്' അപ്പോള്‍ കുട്ടികള്‍ കണ്ടാല്‍ എന്താ കുഴപ്പം എന്ന് ചോദിച്ചപ്പോള്‍ റിപ്ലൈ ഇല്ല. നൂറുകണക്കിന് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത് എങ്കിലും എണ്ണം പറഞ്ഞ കമന്റുകള്‍ക്ക് മാത്രമേ മറുപടിയുള്ളൂ. അതില്‍ മിക്കവയും പൊലീസിന്റെ പോസ്റ്റിനെ ന്യായീകരിക്കുന്ന കമന്റുകള്‍ക്കുള്ള നന്ദിയാണ്. സദാചാര പൊലീസ് എന്ന് വിളിച്ച ചിലര്‍ക്കും മറുപടി കിട്ടി. മറുപടി ഒരു ചോദ്യമായിരുന്നു ' കുട്ടികള്‍ കാണുന്നു എന്ന് അല്ലേ പറഞ്ഞുള്ളു അതാണോ സദാചാരം?'
സ്റ്റേറ്റ് പൊലീസ് ചീഫ് എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്. ഇനി ലോക്നാഥ് ബെഹ്റ നേരിട്ട് പോസ്റ്റ് ചെയ്തതാണോ എന്നും ചിലര്‍ ചോദിക്കുന്നു.